എഡിറ്റോറിയല്‍

‘ജുഡീഷ്യറി’യെ തകര്‍ക്കുന്നത് വിമര്‍ശകരോ?

Print By
about

രാണ് യഥാര്‍ത്ഥത്തില്‍ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നത്? ന്യായാധിപന്മാരിലെ അഴിമതിക്കാരെ വിമര്‍ശിക്കുന്നവരോ അതോ നീതിപീഠത്തെ കളങ്കപ്പെടുത്തുന്ന ന്യായാധിപന്മാരോ? ന്യായാധിപന്മാര്‍ ഇരിക്കുന്ന പീഠം ​ശ്രേഷ്ഠമായിരിക്കാം. എന്നാല്‍, അതില്‍ ഇരിക്കുന്നവരെല്ലാം നീതിമാന്മാരല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

'മിക്കാ' പ്രവാചകനിലൂടെ ദൈവം അറിയിച്ച വചനം ഇവിടെ പ്രസക്തമാണ്. "രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു"(മിക്കാ: 7; 3).

നീതിപീഠം  സംശയത്തിന്റെ നിഴലിലായിരിക്കുമ്പോള്‍ നീതിയാഗ്രഹിക്കുന്നവരുടെ അവസ്ഥയെ അനുകമ്പയോടെ നോക്കികാണണം. ജുഡീഷ്യറിയിലെയും ഭരണതലത്തിലെയും അഴിമതികള്‍  ഒരു പുതിയ സംഭവമൊന്നുമല്ല. എങ്കിലും, പൊതുജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടുന്നത് ആദ്യമാകാം. ഈ  ദാരുണമായ അവസ്ഥകള്‍ അറിയാവുന്നവരും നേരിട്ടനുഭവിച്ചിട്ടുള്ളവരും നിരവധിയാണ്. എന്നിരുന്നാലും, ഇതൊന്നും പുറത്തുപറഞ്ഞ് 'പുലിവാലു പിടിക്കാന്‍' ആരും തയ്യാറല്ല! വ്യക്തമായ തെളിവുകള്‍  ഉണ്ടെങ്കില്‍ പോലും, ഉന്നതരായ ന്യായാധിപന്മാര്‍ക്കെതിരെ നിലപാടെടുക്കാന്‍  സാധാരണക്കാരന് പരിമിതികളുണ്ട്.

ന്യായാധിപന്മാരും രാജാക്കാന്‍മാരും ഉത്ഭവിച്ചകാലം മുതലേ അഴിമതിയും കൈക്കൂലിയും ആരംഭിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ക്രിസ്തുവിനുമുന്‍പ് അറുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറമാണ് 'മിക്കാ' പ്രവാചകന്റെ പുസ്തകം രചിക്കപ്പെടുന്നത്. ദാനിയേല്‍ പ്രവാചകന്റെ പുസ്തകം പതിമൂന്നാമത്തെ അധ്യായത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. സൂസന്നയെന്ന ദൈവഭയമുള്ള ഒരു സ്ത്രീയെ മലിനയാക്കാന്‍ ശ്രമിക്കുന്ന രണ്ടു ന്യായാധിപന്‍മാരെ നമുക്ക് കാണാം. ബാബിലോണ്‍ പ്രവാസകാലത്ത് സംഭവിച്ചുവെന്ന് പൊതുവെ കരുതപ്പെടുന്ന ഈ ചരിത്രത്തില്‍ ദാനിയേലിന്റെ ജ്ഞാനപൂര്‍വ്വമായ ഇടപെടലിലൂടെ ന്യായാധിപന്മാര്‍ ശിക്ഷിക്കപ്പെടുന്നു. ഇസ്രായേലില്‍ ബി.സി.പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ന്യായാധിപന്മാര്‍ നിയമിതരായിരുന്നതായി വ്യക്തമാകും. അന്നുമുതല്‍ ദുഷ്ടരും കൈക്കൂലിക്കാരുമായ  ന്യായാധിപന്‍മാരുണ്ടായിരുന്നു. ഇന്നും ഇവരുടെ പിന്‍തലമുറക്കാര്‍ നീതിപീഠങ്ങളില്‍ ഇരിപ്പുണ്ടെന്ന സത്യമാണ് ആനുകാലിക സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നത്. ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ എന്തു ചെയ്യുമെന്ന ഒരു ചോദ്യം ഇവിടെ ഉദിക്കുന്നു!

ന്യായാധിപന്റെ അഴിമതി വൈകിയെങ്കിലും വെളിപ്പെടുത്തിയ  ജനപ്രതിനിധിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ഒരു സാധാരണ പൗരന് ഇത്തരം അനുഭവമുണ്ടായാല്‍ പുറത്തു പറയാന്‍ എങ്ങനെ ധൈര്യപ്പെടും? അല്ലെങ്കില്‍ ആരോട് പരാതി പറയും? എല്ലാ മേഖലയിലുമുള്ളതുപോലെ പരസ്യമായ സംഘടന  ജഡ്ജിമാര്‍ക്കില്ലെങ്കിലും അവരെല്ലാം ഒറ്റക്കെട്ടാണെന്ന് എല്ലാവര്‍ക്കും  അറിയാം.

ന്യായാധിപനെതിരെ വാദിക്കാന്‍ അന്യായക്കാരന് ഒരു വക്കീലിനെപ്പോലും കിട്ടില്ലെന്ന് സാമാന്യബോധമുള്ള ഏതൊരുവനും അറിയാം. ഒരിക്കലെങ്കിലും കോടതിയില്‍ കയറേണ്ടി വരില്ലെന്ന് ഉറപ്പുള്ള ആരും ഈ ഭൂമുഖത്തുണ്ടാകില്ല. കള്ളക്കേസില്‍ കുടുങ്ങിയെങ്കിലും കോടതിക്ക് മുന്നില്‍ നില്‍ക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഒരു ന്യായാധിപന്‍റെ അഴിമതി ചൂണ്ടിക്കാണിക്കാന്‍ ആരും മടിക്കും. ഒരു വ്യക്തിയോട് ന്യായാധിപന്‍ കൈക്കൂലി  ആവശ്യപ്പെട്ടാല്‍, അല്ലെങ്കില്‍  ഇതിനു സാക്ഷിയാകേണ്ടിവന്നാല്‍, ധൈര്യപൂര്‍വ്വം  പ്രതികരിക്കാന്‍ ഒരു ഉന്നതനായ നേതാവിനുപോലും കഴിയില്ലെന്ന്  വ്യക്തമായിക്കഴിഞ്ഞു.

സുപ്രീംകോടതി ജഡ്ജിയെന്നത് ഉന്നത പദവിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, സാധാരണ വക്കീല്‍ എന്ന പദവിയില്‍നിന്നു  തന്നെയാണ് ജഡ്ജിയുടെ സ്ഥാനത്തെത്തുന്നത്. ഓരോ കാലഘട്ടങ്ങളില്‍ നിലവിലുള്ള സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന പാനലാണ് ഈ നിയമനത്തിനു പിന്നിലുള്ളതെന്ന് നമുക്കറിയാം. സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്ന ദൂതന്‍മാരൊന്നുമല്ല ജഡ്ജിമാര്‍. തെറ്റുകള്‍ സ്വാഭാവികമാണ് എന്നതില്‍ തര്‍ക്കമില്ല.

'ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു  നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്' എന്നതാണ്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ  മുദ്രാവാക്യം.

മുദ്രാവാക്യത്തിലെ ആദ്യഭാഗം ഭംഗിയായി നിറവേറ്റപ്പെടുന്നുണ്ട്. നിരപരാധികള്‍ക്ക് തൂക്കുമരം വിധിച്ചിട്ടുള്ള  ചരിത്രവുമുണ്ട്. ഏറെ കോളിളക്കമുണ്ടാക്കിയ മറിയക്കുട്ടി വധക്കേസില്‍ കഴുമരത്തിന് വിധിക്കപ്പെട്ട വൈദീകന്റെ കഥ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. സിനിമകളും നാടകങ്ങളും നിര്‍മ്മിച്ച് ഈ കത്തോലിക്കാ വൈദീകനെ അങ്ങേയറ്റം അപമാനിച്ചു. ഒടുവില്‍ മറ്റൊരു കോടതി തെളിവില്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. അപ്പോഴേക്കും  കുറ്റവാളിയെന്ന പേരില്‍ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു. സംശയത്തിന്റെ നിഴലില്‍ വാര്‍ദ്ധക്യംവരെ ജീവിച്ച ഈ വൈദീകന്റെ മരണത്തോടടുത്ത നാളുകളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ കുറ്റം സമ്മതിച്ചത് നാം അറിഞ്ഞതാണ്. അദ്ദേഹത്തെ ക്രൂശിക്കാന്‍ ഉത്സാഹം കാണിച്ചവരൊന്നും നിരപരാധിത്വം പ്രഘോഷിക്കാന്‍ ഉണ്ടായിരുന്നില്ല.

സമ്പത്തുള്ളവര്‍ക്ക് നല്ല വക്കീലിനെ വച്ച് കേസുകള്‍ വാദിക്കാന്‍ സാധിച്ചേക്കാം. ഇവിടെയും ഉരുത്തിരിയുന്ന സത്യം, പണമാണ് പലപ്പോഴും  ശിക്ഷയുടെ ഗതിനിര്‍ണയിക്കുന്നത് എന്നതാണ്. ദൈവനീതി നടപ്പാക്കുന്ന  ന്യായാധിപന്‍മാരോ ഭരണാധികാരികളോ ഇല്ലെന്നതാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ  ഭീഷണി. മുഴുവന്‍ ആളുകളും ഇത്തരക്കാരാകണമെന്നില്ല. എന്നാല്‍, ന്യൂനപക്ഷമായ നീതിമാന്മാര്‍ക്ക് ഭൂരിപക്ഷത്തിനിടയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

രാഷ്ട്രീയക്കാര്‍ മാത്രമല്ല, സകലരും തങ്ങള്‍ക്ക് അനുകൂലമായ വിധി വന്നാല്‍ ജുഡീഷ്യറിയെ പ്രകീര്‍ത്തിക്കുകയും എതിരായുള്ള വിധികള്‍ വരുമ്പോള്‍ ജുഡീഷ്യറിയെ അവഹേളിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അതുകൊണ്ട്  ജുഡീഷ്യറിക്കെതിരെ മാറിമറിയുന്ന അഭിപ്രായങ്ങളെ  ഗൗനിക്കേണ്ടയാവശ്യമില്ല. ഇന്ന്  എതിര്‍ക്കുന്നവര്‍ നാളെ പ്രശംസിക്കും!

'പഠിച്ച കള്ളന്മാരും പഠിക്കാത്ത കള്ളന്മാരും'!

വിദഗ്ദ്ധരായ കുറ്റവാളികള്‍ പരമാവധി പഴുതുകളടയ്ക്കും. നിയമവിദഗ്ദ്ധരുടെ ഉപദേശത്തോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുമുണ്ടല്ലോ?! വലിയ വ്യവസായികളും സമ്പന്നരുമെല്ലാം ഓഡിറ്റര്‍മാരെവച്ചു ചെയ്യുന്നതും ഇത്തരത്തിലുള്ള കുറ്റങ്ങള്‍തന്നെയാണ്. വരവിനേക്കാളധികം ചിലവ് കണക്കില്‍ കൊള്ളിക്കുന്ന രീതി!

ഇന്ത്യയിലെ കുറ്റാന്വേഷണ ഏജന്‍സികളില്‍ അവസാനവാക്കെന്ന് പൊതുവെ അറിയപ്പെടുന്ന 'സി.ബി.ഐ.'ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ പിടിക്കപ്പെടാത്ത കുറ്റവാളികളുണ്ട്. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ അധികം ശിക്ഷിക്കപ്പെടാത്തവരാണെന്ന് ചുരുക്കം! ആനുകാലിക സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിചിത്രമായ ചില സംഗതികള്‍ കാണാന്‍ കഴിയും. പഠിച്ച കള്ളന്‍മാരായ ചില രാഷ്ട്രീയ നേതാക്കന്‍മാര്‍ ശിക്ഷിക്കപ്പെട്ടവരെനോക്കി 'കൊഞ്ഞനം'കുത്തുന്നു. ഇവരില്‍ പലരും കോടതിവിധി കാത്തിരിക്കുന്നവരാണെന്ന് വിസ്മരിക്കരുത്!

കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നില്ല.എങ്കിലും ഇന്നത്തെ അവസ്ഥകള്‍ പഠിക്കുമ്പോള്‍ ചിന്തിച്ചുപോകുന്ന ഒരുകാര്യം;കുറ്റംചെയ്യാന്‍ വൈദഗ്ദ്ധ്യമില്ലാത്തവരും ഉന്നതസ്വാധീനം ഇല്ലാത്തവരുമായ സമൂഹത്തിനുവേണ്ടി ഒരുക്കിയ സംവീധാനങ്ങളാണ് ശിക്ഷയും ജയിലും!

'പെണ്ണൊരുമ്പെട്ടാല്‍'!

വ്യഭിചാരം എന്നത് ദൈവം അങ്ങേയറ്റം വെറുക്കുന്ന ഒരു തിന്മയാണ്. അതില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യശിക്ഷയാണുണ്ടാകേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ചും ബലാല്‍ക്കാരമായും ചെയ്യുന്ന നീചപ്രവര്‍ത്തികള്‍ വേറിട്ടുതന്നെ കാണണം. പണത്തിനുവേണ്ടിയോ, ശരീരത്തിന്റെ പ്രവണതകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ ചെയ്യുന്ന വ്യഭിചാരങ്ങളില്‍ തുല്യശിക്ഷ നല്‍കുകയാണ് നീതി. എന്നാല്‍, ഇക്കാര്യത്തില്‍ എന്താണു സംഭവിക്കുന്നത്? ഒരു ദുര്‍നടപ്പുകാരിയായ സ്ത്രീയെ ഉപയോഗിച്ച് ഏത് ഉന്നതനെയും 'തറ'പറ്റിക്കാന്‍ ഇന്നു കഴിയും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങളിലെ സത്യാവസ്ഥ എന്തുതന്നെയുമാകട്ടെ. ഒരുതെറ്റും ചെയ്യാത്ത വ്യക്തികളെപോലും നശിപ്പിക്കാനും താത്കാലികമായെങ്കിലും പൊതുജനമദ്ധ്യേ തകര്‍ക്കുവാനും ഒരു സ്ത്രീയ്ക്ക് കഴിയും. അവള്‍ എത്തരക്കാരിയാണെന്നോ ആരോപണങ്ങളിലെ സത്യമെന്തെന്നോ അറിയുന്നതിനുമുന്‍പേ മാധ്യമങ്ങളും നിയമവും അവനെ ആക്രമിക്കുന്ന കാഴ്ച ദാരുണമാണ്.

പണ്ടൊക്കെ കാരണവന്മാര്‍ പെണ്‍മക്കളെ ഉപദേശിക്കുവാന്‍ ഒരു 'പ്രയോഗം' ഉണ്ടായിരുന്നു. അതിങ്ങനെയാണ്: 'ഇല മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട്'! ഇന്ന് ആണ്‍മക്കളോട് പറയണം; 'ഇലകളൊന്നും പഴയതുപോലെ അല്ലെന്ന്'!

എന്തൊക്കെയാണെങ്കിലും 'സ്ത്രീപീഢനവും പെണ്‍വാണിഭ'വുമൊക്കെ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായിക്കാണുന്നില്ല. പരസ്പരം സമ്മതിച്ചുകൊണ്ട് നടക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് പീഢനമായി മാറുന്നത്. കേരളത്തിലെ പഴയൊരു മുഖ്യമന്ത്രി പറഞ്ഞതുപോലെ; 'പെണ്ണുള്ളിടത്ത് പെണ്‍വാണിഭവും ഉണ്ടാകും' എന്ന് പറഞ്ഞൊഴിയാനാണെങ്കില്‍ ഭരണകൂടവും ന്യായപീഠവുമൊന്നും ഈ ഭൂമിയില്‍ ആവശ്യമില്ല!

'ജുഡീഷ്യറി' കളങ്കരഹിതമോ?

ഒരിക്കലെങ്കിലും കോടതിയെ അഭിമുഖീകരിച്ചിട്ടുള്ള ആര്‍ക്കെങ്കിലും സത്യസന്ധതയോടെ പറയാന്‍ കഴിയുമോ; ജുഡീഷ്യറി സംശുദ്ധമാണെന്ന്? ഓരോ കാലഘട്ടങ്ങളില്‍ നിലവിലുള്ള ഭരണകൂടങ്ങളെ സ്വാധീനിച്ചാണ് പല ജഡ്ജിമാര്‍ക്കും സ്ഥാനം ലഭിക്കുന്നത്. ഒരു ജാമ്യം ലഭിക്കാന്‍പോലും അഭിഭാഷകര്‍ മുഖേന 'പബ്ലിക് പ്രോസിക്യൂട്ടര്‍'ക്കും ജഡ്ജിക്കും കൈക്കൂലി കൊടുക്കുന്നതെല്ലാം ഏറ്റവും ചെറിയ അഴിമതി മാത്രം!

ഇവിടെയെല്ലാം വ്യക്തമാകുന്ന കാര്യം ആരംഭത്തില്‍ കുറിച്ച വചനത്തിലെ  മുന്നറിയിപ്പാണ്.  ന്യായവും നീതിയും ദൈവത്തില്‍നിന്നാണ് വരുന്നത്. ദൈവീകമായ  സംവീധാനമാണല്ലോ നീതിപീഠങ്ങള്‍! ദൈവമൊരുക്കിയിരിക്കുന്ന ഈ സംവീധാനങ്ങളെ കളങ്കപ്പെടുത്തുമ്പോള്‍ ദൈവത്തിന്‍റെ ഇടപെടല്‍ അവിടെയുണ്ടാകും. ഇന്ന് പരമോന്നത  നീതിപീഠങ്ങള്‍ പരസ്യമായി അപമാനിക്കപ്പെടുന്നുണ്ടെങ്കില്‍, അതു ദൈവത്തിന്‍റെ താക്കീതായി കാണണം. വചനത്തിലൂടെ ദൈവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പ്, അനീതി പ്രവര്‍ത്തിക്കുന്നതിനുമുന്‍പ് അറിഞ്ഞിരിക്കുക. "എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല"(മത്താ: 10; 26).

ദൈവമായ യാഹ്‌വെ,  സഖറിയാ പ്രവാചകനിലൂടെ അരുളിചെയ്യുന്നു: "ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്; പരസ്പരം സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായി ന്യായം വിധിക്കുക; അങ്ങനെ സമാധാനം പാലിക്കുക"(സഖറിയാ: 8; 16). നീതിനിഷ്ഠയോടെ വിധിനടപ്പാക്കാന്‍ ന്യായാധിപന്‍മാര്‍ തയ്യാറാകാതിരുന്നാല്‍, അവരുടെ മുകളില്‍ ഒരു വിധിയാളനുണ്ടെന്ന് മറക്കരുത്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവരെ ദൈവം വെറുതെ വിടുകയില്ല. ദൈവത്തിന് മുഖംനോട്ടമില്ല! ചരിത്രം നല്‍കുന്ന പാഠവും ഇതു തന്നെയാണ്. "നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും"(മത്താ: 7; 2). നിങ്ങളില്‍നിന്ന് ലഭിക്കേണ്ടതായ നീതി, അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാത്തപക്ഷം ദൈവത്തില്‍നിന്നുള്ള കാരുണ്യം പ്രതീക്ഷിക്കരുത്.

'ഉപ്പ്' തിന്നവന്റെ പരവേശം!

ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കണമെന്നത് ശരീരത്തിന്റെ നിയമമാണ്. പ്രവര്‍ത്തികളുടെ പ്രതിഫലത്തെ  സൂചിപ്പിക്കുവാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. ഈ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളാണ്  ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അനീതി നിറഞ്ഞ ചില വിധികള്‍ ഈ കാലഘട്ടത്തില്‍ സുപ്രീം കോടതിയില്‍നിന്നുണ്ടായി.

ഓസ്ട്രേലിയന്‍ മിഷ്നറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും, പിഞ്ചുമക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ചുട്ടുകൊന്ന 'മതഭ്രാന്തന്' അനുകൂലമായി സുപ്രീം കോടതി ഈ അടുത്തനാളുകളില്‍ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. ശത്രുക്കളോട് ക്ഷമിക്കുകയെന്ന ക്രൈസ്തവ മൂല്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്, ക്രൈസ്തവസഭകളും സ്റ്റെയിന്‍സിന്റെ വിധവയും വിധിയെ ക്ഷമാപൂര്‍വ്വം അംഗീകരിച്ചു. ഇത് കോടതിയുടെ മഹാമനസ്സിനുള്ള അംഗീകാരമായി കരുതരുത്. ഈ വിധിയോടൊപ്പം മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ചില വാചക 'കസര്‍ത്തും' ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടായി. മതപരിവര്‍ത്തനത്തെ സംബന്ധിച്ചായിരുന്നു അത്.

ബഹുമാനപ്പെട്ട കോടതികളുടെ പരിഗണനയില്‍ ക്രിസ്തീയതയുമായി  ബന്ധപ്പെട്ട് എത്ര നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടെന്ന് ചിന്തിക്കണം. ജന്മിമാരുടെ ചൂഷണത്തില്‍നിന്ന് പാവപ്പെട്ട പിന്നോക്ക വിഭാഗത്തെ വിദ്യാഭ്യാസത്തിലൂടെ വിടുതല്‍ നല്‍കുക മാത്രമാണ് ക്രൈസ്തവ മിഷ്നറിമാര്‍ ചെയ്യുന്നത്. 'മാറ്' മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന ഭാരതീയ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കുകയാണ് ഇവര്‍ ചെയ്തത്. വടക്കെ ഇന്ത്യയിലെ  ബഹുഭൂരിപക്ഷം ഗോത്രവര്‍ഗ്ഗക്കാരെയും അടക്കിവാഴുന്ന ജന്മിമാരുടെയും, അവരുടെ  ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന  രാഷ്ട്രീയ-മതഭ്രാന്തന്മാരുടെയും കുഴലൂത്തുകാരായി അധഃപ്പതിക്കുന്ന ന്യായാധിപന്മാര്‍ ഓര്‍ക്കുക! നിങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയുടെ കാവല്‍ക്കാരല്ല; ശത്രുക്കളാണ്! നിങ്ങള്‍ക്ക് രാഷ്ട്രപിതാവ് ഗാന്ധിയേയും, രാഷ്ട്രശില്‍പ്പി അംബേദ്ക്കറെയും അറിയില്ല. ഇന്നത്തെ വാര്‍ത്തകളുടെ  പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, വടക്കേ ഇന്ത്യന്‍ ജന്മിമാരുടെ പണത്തിന്റെ വിധിയാകാം നാം കണ്ടത്!

നിര്‍ബന്ധിച്ചു മതം മാറ്റുന്ന  മതങ്ങളുണ്ടാകാം. വിശ്വാസത്തോടെയല്ലാതെ ക്രിസ്തുമതം സ്വീകരിക്കാന്‍  കഴിയില്ലെന്നതാണ് ക്രിസ്തീയതയുടെ പ്രത്യേകത. നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുകയും വിശുദ്ധിയില്‍ ജീവിക്കുകയും ചെയ്യാതെ ക്രിസ്തുമതം  സ്വീകരിക്കുന്നതില്‍ അര്‍ത്ഥവുമില്ല. ക്രിസ്തുവിനെ അറിയിക്കുകയെന്നത് ക്രൈസ്തവനില്‍ മുദ്രചെയ്യപ്പെട്ട ദൗത്യമാണ്. ഇതു പാടില്ലെന്നു പറയുന്നതും ക്രിസ്ത്യാനിയായി ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ല.

ക്രൈസ്തവ സഭകളില്‍ ചേര്‍ന്നവരെ ബലം  പ്രയോഗിച്ച് തിരികെ പരിവര്‍ത്തനം ചെയ്യുന്ന രീതി വടക്കെ ഇന്ത്യന്‍  സംസ്ഥാനങ്ങളിലുണ്ട്. ക്രിസ്ത്യാനികള്‍ മറ്റു മതങ്ങളില്‍ ചേര്‍ന്നാല്‍, പിന്നാലെ  നടന്ന് അവരെ പീഢിപ്പിക്കുന്ന രീതി ഒരിക്കലും ക്രൈസ്തവ സമൂഹങ്ങളില്‍നിന്ന് ഉണ്ടായിട്ടില്ല. ക്രിസ്ത്യാനി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് മതം  മാറ്റിയിട്ടുണ്ട്. ഏതെങ്കിലും മാതാപിതാക്കള്‍ അവരെ എതിര്‍ത്തിട്ടുണ്ടാകാം. ഒരു  ക്രൈസ്തവസഭകളും അവരെ ഉപദ്രവിച്ചതായി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ക്രിസ്തുമതം മറ്റു മതങ്ങളേക്കാള്‍ നല്ലതാണെന്നു പറയരുതെന്നാണ്, 'ന്യായാധിപന്റെ' മറ്റൊരു നിര്‍ദ്ദേശം! തങ്ങള്‍ വിശ്വസിക്കുന്നത് മറ്റുള്ളവയില്‍നിന്നു വ്യത്യസ്ഥവും ശ്രേഷ്ഠവുമാണെന്ന് ചിന്തിക്കാതെ ഏതെങ്കിലും മതത്തിന്  നിലനില്‍പ്പുണ്ടോ? മരിച്ചുയര്‍ത്ത യേഹ്ശുവായിലാണ് ക്രൈസ്തവന്‍ വിശ്വസിക്കുന്നത്. പ്രതികാരം ക്രിസ്ത്യാനിയുടെ കര്‍മ്മമല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവനുവേണ്ടി പ്രതികാരം ചെയ്യുന്നത്, ദൈവമാണ്.

ക്രൈസ്തവര്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന  വാഗ്ദാനമുണ്ട്; "പ്രതികാരം നിങ്ങള്‍ തന്നെ ചെയ്യാതെ ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; പ്രതികാരം എന്റെതാണ്; ഞാന്‍ പകരംവീട്ടും എന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു"(റോമ: 12; 19). അതുകൊണ്ട്, ദൈവത്തിന്റെ മുകളിലാണ് ന്യായാധിപന്മാരുടെ സ്ഥാനം എന്നു ധരിക്കരുത്. ഒരുവന്റെ ഭോഷത്വവും അനീതിയും മുഖേന ജുഡീഷ്യറി മൊത്തമായി അവഹേളിക്കപ്പെട്ട അവസ്ഥയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുക!

"അവരുടെ  അകൃത്യം അവിടുന്ന് അവരിലേക്കുതന്നെ തിരിച്ചുവിടും; അവരുടെ ദുഷ്ടതമൂലം അവരെ  നിര്‍മ്മാര്‍ജ്ജനം ചെയ്യും;നമ്മുടെ ദൈവമായ യാഹ്‌വെ അവരെ തൂത്തെറിയും"(സങ്കീ: 94; 28).

യഥാര്‍ത്ഥ ക്രൈസ്തവര്‍ എപ്പോഴെല്ലാം പീഢിപ്പിക്കപ്പെട്ടിട്ടുണ്ടോ,അപ്പോഴെല്ലാം ദൈവത്തിന്റെ മഹാമാരിയും കടന്നുവന്നിട്ടുണ്ട്. അവയെല്ലാം ഒരു നിമിത്തം മാത്രമാണെന്ന് വിശ്വസിക്കുകയാണ് സകലരും. ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ പാപം ചെയ്യാതിരുന്ന നാളുകളിലെല്ലാം, അവരുടെ വൈരികളെ തൂത്തെറിഞ്ഞിട്ടുണ്ട്. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട ക്രൈസ്തവനുവേണ്ടിയും ദൈവം അപ്രകാരംതന്നെ പ്രവര്‍ത്തിക്കുന്നത് കാണാം.റോമാസാമ്രാജ്യവും 'നീറോ'യുമടക്കം സകല പീഢകരെയും ദൈവം നശിപ്പിച്ചുകളഞ്ഞു. ക്രിസ്തീയതയെ ഏറെ ദ്രോഹിച്ച റോമാസാമ്രാജ്യം നാമവശേഷമാകുകയും ക്രൈസ്തവരുടെ ആസ്ഥാനം തന്നെ 'റോം ' ആകുകയും ചെയ്തു.

അരുള്‍ദാസ് അച്ചനും, സി. റാണിമരിയയും, ഗ്രഹാംസ്റ്റെയിന്‍സുമെല്ലാം വധിക്കപ്പെട്ടതിനേ തുടര്‍ന്ന് അവിടങ്ങളില്‍ നടന്ന  മഹാദുരന്തങ്ങള്‍ എന്താണെന്ന് വിളിച്ചുപറയാന്‍ ക്രൈസ്തവസഭകള്‍ മുതിരുന്നില്ലെങ്കിലും സത്യം അവര്‍ക്കറിയാം. സാമൂഹികമായ പ്രശ്നങ്ങളോ, ഭൌതീക സുരക്ഷിതത്വമോ കണക്കിലെടുത്ത് മൌനം പാലിക്കുന്നു. ദൈവത്തെക്കാള്‍ അധികമായി മനുഷ്യനെ  ഭയപ്പെടുന്നില്ലാത്തതുകൊണ്ട്, മനോവയ്ക്ക് ഇതു പറയാന്‍ ഭയമില്ല. ക്രൈസ്തവനു നീതി നിഷേധിക്കുമ്പോള്‍ ദുരന്തങ്ങളെ നേരിടാനുംകൂടി ഒരുങ്ങിയിരിക്കുക. കാരണം,മറ്റുള്ളവരെപോലെ കൈസ്തവര്‍ പ്രതികാരം ചെയ്യില്ല. അവര്‍ക്കുവേണ്ടി നീതിനടത്താന്‍ കാത്തിരിക്കുന്ന ദൈവമുണ്ട്. ക്രിസ്ത്യാനി സേവിക്കുന്നത് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെയാണ്.

"നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ യാഹ്‌വെയായ അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും"(സഖറിയാ: 2; 8).

കോടതി നീതി  നിഷേധിച്ചപ്പോള്‍, ആ സംവീധാനത്തെ മുഴുവന്‍ നിന്ദനത്തിന് ഏല്‍പ്പിച്ചുകൊടുത്തു. തെറ്റില്‍ തുടരുന്നവരെ സമൂഹത്തില്‍നിന്ന് പുറത്താക്കാതെ സമൂഹം രക്ഷപെടില്ല. അതുകൊണ്ടാണ്, അന്യദേവന്മാരെ സേവിക്കുന്നവരെ ജനത്തില്‍നിന്നു വിച്ഛേദിക്കുവാന്‍ നിയമംവഴി ഇസ്രായേലിന്, ദൈവം മുന്നറിയിപ്പ് നല്‍കിയത്! ശപിക്കപ്പെട്ടവര്‍മൂലം  സമൂഹം മുഴുവന്‍ നശിക്കാന്‍ ഇടവരരുത്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോള്‍, തിരഞ്ഞെടുത്ത ജനത്തെ താത്ക്കാലികമായെങ്കിലും ദൈവം കൈവിട്ടു. വിഗഹാരാധന നടത്തിയ  അമ്മറാണിയെപോലും സ്ഥാനത്തുനിന്ന് നീക്കിയ 'ആസാ' രാജാവിന്റെ ചരിത്രം  ബൈബിളിലുണ്ട്.

പാപിയെ പിന്തുണക്കുന്നതും പാപം ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല. ആകെയുള്ള വ്യത്യാസം പാപം ചെയ്യുന്നവനു  താത്ക്കാലികമായി ലഭിക്കുന്ന സുഖം പിന്തുണക്കുന്നവര്‍ക്ക് ലഭിക്കില്ല എന്നുള്ളതാണ്.

ശരീരത്തില്‍ 'ക്യാന്‍സര്‍' ബാധിച്ചാല്‍ 'റേഡിയേഷന്‍' നടത്തിനോക്കും. ആശ്വാസം ലഭിച്ചില്ലെങ്കില്‍ ആ അവയവം മുറിച്ചുമാറ്റും. ശരീരത്തിലെ മറ്റുഭാഗങ്ങളിലേക്ക് ഈ രോഗം വ്യാപിച്ച് ജീവന്‍ അപഹരിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പിശാചിന്റെ വക്താക്കളായി അനീതിയില്‍ ബന്ധിക്കപ്പെട്ടവരും സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്. ആദ്യം മരുന്നും 'റേഡിയേഷനു'മൊക്കെയാണ്  ഇവര്‍ക്കുമുള്ള പ്രതിവിധി! അവരിലെ പൈശാചികമായ പ്രവര്‍ത്തികളെ നിര്‍വീര്യമാക്കുന്ന റേഡിയേഷന്‍, ബോധവത്ക്കരണമാണ്. അതു ഫലിക്കുന്നില്ലെങ്കില്‍ മുറിച്ചുമാറ്റലാണ് വേണ്ടത്. അത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് മുറിച്ചു മാറ്റല്‍! അല്ലെങ്കില്‍ അവരോടൊപ്പം സമൂഹം മുഴുവന്‍ നശിക്കും. ഇത് ദൈവവചനത്തില്‍ വ്യക്തമായി വിശദ്ദീകരിക്കുന്നുണ്ട്. "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?"(2 കോറി:6;14). "ആകയാല്‍, നിങ്ങള്‍ ആവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും"(2 കോറി: 6; 17, 18).

ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന  ദുരന്തങ്ങള്‍ക്കു പിന്നില്‍ ദൈവത്തിന്റെ ഒരു മുന്നറിയിപ്പ് കാണാന്‍ കഴിയണം. അങ്ങനെ കാണുകയും തിരുത്തുകയും ചെയ്യാനാണ് ദൈവം ഇത് അനുവദിക്കുന്നത്. തിരിച്ചറിഞ്ഞ് തിരുത്തന്നവരില്‍നിന്ന് ശിക്ഷ പിന്‍വലിക്കാന്‍ യാഹ്‌വെ  തയ്യാറാകും. 'നിനവേ'യുടെ മാനസ്സാന്തരവും രക്ഷയും ഇതിനുള്ള തെളിവാണ്.

"എന്നാല്‍,  ഏതെങ്കിലും ജനത എന്നെ  അനുസരിക്കുന്നില്ലെങ്കില്‍ അതിനെ വേരോടെ പിഴുതു നശിപ്പിക്കും - യാഹ്‌വെ  അരുളിച്ചെയ്യുന്നു"(ജറെ: 12; 17). യാഹ്‌വെയുടെ വാക്കുകളെ ശ്രദ്ധിക്കുക! "യാഹ്‌വെ അന്ധകാരം വരുത്തുന്നതിനുമുമ്പ്, നിങ്ങളുടെ കാല്‍പാദങ്ങള്‍ ഇരുള്‍ നിറഞ്ഞ മലകളില്‍ ഇടറുന്നതിനുമുമ്പ്, നിങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു മഹത്വം നല്‍കുവിന്‍. അല്ലെങ്കില്‍ നിങ്ങള്‍ വെളിച്ചം തേടുമ്പോള്‍ മരണത്തിന്റെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക. നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്മാവ് കരയും"(ജറെ: 13; 16, 17).

സകല തിന്മകളും, അന്ധകാരത്തിന്റെ പ്രവര്‍ത്തികളും അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്ന,  യാഹ്‌വെയുടെ പ്രതികാരത്തിന്റെ ഭയാനകമായ ദിനം ആരും വിചാരിക്കാത്ത നിമിഷങ്ങളില്‍ വന്നെത്തും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3409 views

LOG IN

Lost your password?

SIGN UP

LOST PASSWORD