സിപിഎം നേതാവ് എം. വി. ജയരാജന്‍ പറഞ്ഞതു പകല്‍പോലെ സത്യമായിരുന്നു. കേരള ഹൈക്കോടതിയിലെ ഉന്നതസ്ഥാനത്ത് കയറിയിരിക്കുന്ന ചിലര്‍ ശുംഭന്മാരാണെന്നത് തെളിയിക്കപ്പെടുകയാണ്. എം. വി. ജയരാജന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രബുദ്ധരായ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
സത്യത്തിനും ധര്‍മ്മത്തിനും യാതൊരു വിലയും കൊടുക്കാതെ, വാദം കേള്‍ക്കുകപോലും ചെയ്യാതെ വിധി നടപ്പാക്കുന്ന 'സാഡിസ്റ്റുകള്‍' ഇന്ന് കോടതികളില്‍ ന്യായാധിപന്മാരായി വിലസുന്നുണ്ട്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ കോടികളുടെ സമ്പത്ത് വാങ്ങിക്കൂട്ടുന്ന ഇവരുടെ കരങ്ങളില്‍ നിഷ്കളങ്കരക്തത്തിന്റെ മണമുണ്ടാവുക സ്വാഭാവികം! കേവലമൊരു ജാമ്യക്കേസിനുപോലും കൈക്കൂലി വാങ്ങുന്ന ജഡ്ജിമാരുള്ള നാടാണ് നമ്മുടെ രാജ്യം. രാഷ്ട്രീയക്കാരില്‍നിന്നും നിയമപാലകരില്‍നിന്നും ഗുണ്ടകളില്‍നിന്നുമെല്ലാം പീഢനമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ ആശ്രയം വച്ചിരിക്കുന്ന കോടതികളില്‍ നീതി നടപ്പാകുന്നില്ലെങ്കില്‍ പിന്നെ എവിടേക്കാണ് ജനങ്ങള്‍ പോകേണ്ടത്?
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന മുദ്രാവാക്യത്തിനു കീഴിലിരുന്ന് എത്രയോ നിഷ്കളങ്കരെ കുറ്റവാളികളെന്നു വിധിച്ചു നമ്മുടെ ന്യായാധിപന്മാര്‍! ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ആദ്യപകുതി അക്ഷരം പ്രതി നടപ്പാകുന്നുണ്ടെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് നിത്യസംഭവമാണ്. കേരളത്തിലെ ജയില്‍ ഡിജിപി ഇക്കാര്യം തുറന്നു സമ്മതിച്ചത് ഈ അടുത്ത നാളുകളിലായിരുന്നു.
ഇവിടെ ഒരു ദൈവവചനമാണ് ഓര്‍മ്മയില്‍ വരുന്നത്: "രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ അവര്‍ ഒരുമിച്ച് അതു നെയ്തെടുക്കുന്നു. അവരില്‍ ഏറ്റവും ഉത്തമന്‍ ഒരു മുള്‍ച്ചെടിപോലെയും ഏറ്റവും സത്യസന്ധന്‍ ഒരു മുള്ളുവേലിപോലെയും ആണ്. അവരുടെ കാവല്‍ക്കാര്‍ അറിയിച്ച ദിനം, ശിക്ഷയുടെ ദിനം, വന്നുകഴിഞ്ഞു"(മിക്കാ: 7; 3, 4).
തങ്ങള്‍ക്കുമേലെ ആരുമില്ലെന്ന ധാരണയിലാണ് ചില ന്യായാധിപന്മാര്‍ വിഹരിക്കുന്നത്. ജനാധിപത്യ സംവീധാനത്തില്‍ ജനങ്ങളാണു പരമാധികാരികള്‍ എന്നു തിരിച്ചറിയാഞ്ഞിട്ടോ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ പൊതുജനങ്ങളില്‍നിന്ന് മറച്ചുവച്ചുകൊണ്ടോ ആണ് ഇവര്‍ നിലകൊള്ളുന്നത്. കുറ്റവാളികള്‍ മാത്രമാണ് ശിക്ഷയേയും വിധിയാളരെയും ഭയപ്പെടേണ്ടതുള്ളു. ജനങ്ങള്‍ക്ക് നീതിപീഠങ്ങളില്‍നിന്ന് ന്യായം ലഭിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കും. 'നക്സലിസവും' മാവോയിസവും ഇന്ത്യയില്‍ അവസാനിക്കണമെങ്കില്‍ ന്യായാധിപന്മാര്‍ നീതി നടപ്പാക്കുന്നവരായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെയും അധികാരവര്‍ഗ്ഗത്തിന്റെ ചൂഷണത്തില്‍ ഞെരുക്കപ്പെടുന്നവരുടെയും പിടിച്ചുനില്പിന്റെ അവസാന ശ്രമമാണ് മാവോയിസവും നക്സലിസവുമായി രൂപപ്പെടുന്നത്!
നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്, സ്വയം നീതി നടപ്പാക്കാനുള്ള എല്ലാ മുന്നേറ്റങ്ങളുടെയും മൂലകാരണം. ഇത്തരം മുന്നേറ്റങ്ങള്‍ ആപത്താണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ മനോവ ചോദിക്കുകയാണ്: നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവര്‍ മറ്റെന്തു ചെയ്യണം? വേലിതന്നെ വിളവു തിന്നുന്ന ഇത്തരം അവസ്ഥകളുടെ ആനുകാലികമായ ചില സത്യങ്ങളിലേക്ക് വെളിച്ചം വീശുവാനാണ് മനോവ ശ്രമിക്കുന്നത്! കോടതികളില്‍ 'കൊട്ടുവടി'യുമായി ഇരിക്കുന്നവരില്‍ 'ശുംഭന്മാര്‍' ഉണ്ടോയെന്നത് വായനക്കാര്‍ വിലയിരുത്തുക!
'സായിപ്പിനെ' കണ്ട് കവാത്തു മറന്നോ?
ഇന്ത്യന്‍ ശിക്ഷാനിയമത്തിന് എന്തെല്ലാം സാധ്യതകളുണ്ടോ അവയെല്ലാം ഉപയോഗിച്ച് ഇറ്റാലിയന്‍ നാവീകരെ തൂക്കിലേറ്റാനുള്ള ചില ന്യായാധിപന്മാരുടെ തീവ്രപരിശ്രമമാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജയിലുകളിലും പുറത്തും വര്‍ഷങ്ങളായി ജീവിക്കുന്നവരും രാജ്യത്തെ തകര്‍ക്കാന്‍ പദ്ധതിയൊരുക്കിയവരുമായ അനേകം കൊടുംഭീകരര്‍ ഉണ്ട്. ഇവരുടെ കേസുകള്‍ തീര്‍പ്പാക്കാനൊന്നും ഉത്സാഹിക്കാത്തവരുടെ ആത്മാര്‍ത്ഥതയില്‍ മനോവയ്ക്കു സംശയമുണ്ട്. ഇന്ത്യയുടെ യുവചൈതന്യമായിരുന്ന രാജീവ് ഗാന്ധിയെ നിഷ്ഠൂരമായി വധിച്ച കൊലയാളികളെ ഇരുപത്തൊന്നു വര്‍ഷമായി വിധി നടപ്പാക്കാതെ ജയിലില്‍ സൂക്ഷിക്കുകയാണ്. അഫ്സല്‍ ഗുരുവിനെയും അജ്മല്‍ കസബിനെയുമെല്ലാം ഇനിയുമെത്ര വര്‍ഷങ്ങള്‍ നമ്മുടെ നികുതിപ്പണംകൊണ്ട് സംരക്ഷിക്കുമെന്നത് 'പാഴൂര്‍ പടിപ്പുരയില്‍' അന്വേഷിച്ചാലും അറിയാന്‍ കഴിയില്ല! ഇങ്ങനെയുള്ള സംവീധാനങ്ങളും വ്യവസ്ഥിതികളുമുള്ള ഇവിടുത്തെ ന്യായാധിപന്മാര്‍ നിയമത്തിന്‍റെ പഴുതുകളടച്ച് ഇറ്റാലിയന്‍ നാവീകരെ കുറ്റവാളികളായി നിശ്ചയിക്കുമ്പോള്‍ ജനങ്ങള്‍ ചിലതു തിരിച്ചറിയണം.
ഇറ്റാലിയന്‍ ഭരണകൂടം നല്‍കിയ ഓരോ കോടി രൂപ വാങ്ങിയതിന് മത്സ്യത്തൊഴിലാളിയുടെ വിധവയോടും ദരിദ്രരായ കുടുംബങ്ങളോടും പരിഹാസവാക്കുകള്‍ പറയുന്ന 'ശുംഭന്‍' ഇരിക്കുന്നത് ഇന്ത്യന്‍ നീതി പീഠത്തിലാണെന്ന് മറക്കരുത്! കവലച്ചട്ടമ്പികളും തെരുവുവേശ്യകളും ഉപയോഗിക്കുന്ന പദങ്ങള്‍ വ്യക്തിപരമായി നിങ്ങള്‍ക്കു ചേരുന്നതാണെങ്കിലും ഇരിക്കുന്ന സ്ഥാനത്തിന് അതു ഭൂഷണമല്ല!
ഒരു ഇന്ത്യക്കാരനെ വിദേശത്തുവച്ച് അവിടുത്തെ കൗമാരക്കാര്‍ 'കറുമ്പന്‍' എന്നു വിളിച്ചാല്‍ വംശീയ അധിക്ഷേപമെന്നു പറഞ്ഞ് 'ഹൈക്കമ്മീഷ്ണറെ' വിളിച്ചുവരുത്തുകയും ഏത്തമിടുവിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍! എന്നാല്‍, ഉന്നത നീതിപീഠത്തില്‍ കുത്തിയിരിക്കുന്ന 'ശുംഭന്‍' പറഞ്ഞ വാക്കുകള്‍ക്ക് ആരാണ് ഏത്തമിടുന്നത്? 'സായിപ്പ്' എന്ന പദവും 'മദാമ്മ' എന്നതും വംശീയമായി പാശ്ചാത്യരെ വിളിക്കുന്നതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന നാളുകളില്‍ അവരുടെ ഉദ്യോഗസ്ഥരെ 'സാഹിബ്'. 'മാഡം' എന്നിങ്ങനെ സംബോധന ചെയ്തിരുന്ന വാക്കുകള്‍ ലോപിച്ചാണ് സായിപ്പും മദാമ്മയുമായത്! ഇന്ത്യക്കാര്‍ അവരെ ബഹുമാനിക്കാന്‍ വേണ്ടിയല്ല; മറിച്ച്, പരിഹസിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വിളിക്കുന്നത്. ഇങ്ങനെ സംബോധന ചെയ്യുന്നത് യൂറോപ്പിലെ ജനത പരിഹാസമായിട്ടാണു മനസ്സിലാക്കുന്നതെന്ന് ഈ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കറിയാം! കറുമ്പനെന്നു വിളിക്കുന്നത് ഇന്ത്യക്കാര്‍ക്ക് ആക്ഷേപമാണെങ്കില്‍, വെള്ളക്കാരനെന്നും സായിപ്പെന്നുമൊക്കെ വിളിക്കുന്നത് സകല വിദേശികളെയും ആക്ഷേപിക്കുന്നതിനു തുല്യമാണ്!
സോണിയാഗാന്ധിയെ മദാമ്മയെന്നു പറയാന്‍ ചങ്കുറ്റമുള്ള ശുംഭന്മാര്‍ നീതിപീഠത്തില്‍ ഇരിപ്പുണ്ടെങ്കില്‍ കാണട്ടെ! ജര്‍മ്മന്‍കാരനായ മാര്‍പ്പാപ്പയെ സായിപ്പെന്നു വിളിക്കാന്‍ നട്ടെല്ലുള്ള ജഡ്ജിമാരെയും മനോവയ്ക്കു കാണണം! ബഹുമാനിക്കാന്‍ ഉപയോഗിക്കുന്നതല്ലെന്നു നിശ്ചയമുള്ളവര്‍ തന്നെയാണ് ഈ ശുംഭന്മാര്‍; അല്ലെങ്കില്‍ ഇവരെയൊക്കെ വിളിക്കാന്‍ നാവു വഴങ്ങാത്തത് എന്തുകൊണ്ടാണ്?
നഷ്ടപരിഹാരം വാങ്ങിയത് തെറ്റെന്നോ?
മത്സ്യതൊഴിലാളി കുടുംബങ്ങളുടെ അനാഥത്വവും വേദനകളും വിവരിക്കാന്‍ ഉത്സാഹിച്ച മാധ്യമങ്ങളും മനുഷ്യസ്നേഹികളും കോടതിയുമൊക്കെ ഇപ്പോള്‍ പറയുന്നത് വളരെ വിചിത്രമാണ്! ആരും പ്രതീക്ഷിക്കാത്ത തുക മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിച്ചത്, അജണ്ട നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് സുഖിച്ചില്ല. ഇന്ത്യയിലെ സാധുക്കളായ മനുഷ്യരെ ഇപ്പോഴും യൂറോപ്പിലെ ജനത സാമ്പത്തീകമായി സഹായിക്കുന്നുണ്ട്. മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ ചോദിച്ച തുക നല്‍കിയപ്പോള്‍, മുതലക്കണ്ണീരുമായി നടന്നിരുന്ന 'കരുണാനിധികള്‍ക്കും' ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കുപോലും സഹിച്ചില്ല. വൃണത്തില്‍ വിനാഗിരി വീണതുപോലെയായി സകല രക്ഷകരുടെയും അവസ്ഥ! കോടതിയുടെ പരാമശങ്ങളില്‍ ഈ സത്യം നിഴലിക്കുന്നുണ്ട്.
എതിര്‍കക്ഷിയുടെ വക്കീലിന്റെ സ്വരത്തില്‍ ജഡ്ജി സംസാരിക്കുമ്പോള്‍, അയാളില്‍നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. കടല്‍ക്കൊലയുടെ കേസില്‍ ജഡ്ജിയുടെ ശബ്ദം എതിര്‍ഭാഗം വക്കീലിന്റെതുപോലെയാണ്! എതിര്‍കക്ഷിയോടു ക്ഷമിക്കരുതെന്നു പറയുന്ന ന്യായാധിപന്‍ ലോകസമാധാനത്തിനുതന്നെ ഭീഷണിയാണ്! സമാധാനകാംക്ഷികളും മാന്യരും വിവരമുള്ളവരുമായ അനേകം വ്യക്തികള്‍ ഇരുന്നിട്ടുള്ള സ്ഥാനത്താണ് താനിരിക്കുന്നതെന്ന് ഇയാള്‍ ഓര്‍ക്കുന്നത് നല്ലത്. ക്ഷമയെന്നത് ക്രിസ്തീയതയുടെ അടിസ്ഥാന മൂലക്കല്ലാണെന്ന് ന്യായാധിപന്മാരും അറിഞ്ഞിരിക്കണം. ക്ഷമിക്കരുതെന്നു ക്രൈസ്തവനോടു പറയുന്നത് മതവികാരത്തെ വൃണപ്പെടുത്തുന്ന നടപടിയും അതുവഴി ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് 'ശുംഭന്മാര്‍ ഓര്‍ക്കുക!
ജീവിതം വഴിമുട്ടിയ അനാഥരായ രണ്ടു കുടുംബങ്ങളോട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കാണിച്ച കാരുണ്യമെങ്കിലും കേരളഹൈക്കോടതി കാണിക്കേണ്ടിയിരുന്നു. അവര്‍ക്കു നഷ്ടപ്പെട്ടതു തിരിച്ചു നല്‍കാന്‍ ഇറ്റാലിയന്‍ ഭരണകൂടത്തിനോ ഇന്ത്യന്‍ ജുഡീഷ്യറിക്കോ കഴിയില്ല. എന്നാല്‍, മുന്നിലുള്ള അവശേഷിക്കുന്ന ജീവിതം കരുപ്പിടിപ്പിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തണമെന്ന് പരോക്ഷമായി പറയുകയാണു കോടതി ചെയ്തത്. ഈ കുടുംബങ്ങള്‍ക്ക് ഇന്നു ലഭിച്ച ആശ്വാസം, നാവീകരെ തൂക്കിലേറ്റിയാല്‍ കിട്ടുമോ? കോടതിക്കും ചില സ്ഥാപിത താത്പര്യക്കാര്‍ക്കും ആശ്വാസം കിട്ടുന്ന കാര്യത്തിനായി ഈ പാവങ്ങള്‍ വിവരക്കേടു കാണിക്കണമായിരുന്നോ? കോടതിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയുന്നതിലേറെ അവര്‍ക്ക് ലഭിച്ചതില്‍ ന്യായാധിപനും അസ്വസ്ഥനാണെന്ന് അയാളുടെ പുലഭ്യത്തിലൂടെ വ്യക്തമാണ്!
ഓരോ കോടിവീതം നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് ഒത്തുതീര്‍പ്പു നടത്തിയതിനെ പരിഹസിക്കാന്‍ കാണിച്ച ധാര്‍മ്മീകത മാസങ്ങള്‍ക്കുമുമ്പ് കണ്ടില്ല. ഇരുപതുലക്ഷം രൂപ വാങ്ങി തെലാനി ഗ്രൂപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കിയപ്പോള്‍ ഈ മാന്യന്‍ എവിടെയായിരുന്നു. കപ്പല്‍ വ്യവസായത്തിലെ ഭീമാകാരരായ തെലാനിയോടു കളിക്കാന്‍ ഇവനു മുട്ടു വിറയ്ക്കുമോ? മാസങ്ങളായി പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാതിരിക്കാന്‍ എന്തെല്ലാം വാദഗതികളാണു നിരത്തുന്നത്?! ഒരു ദിവസമെങ്കിലും എം വി പ്രഭുദയയെ കൊച്ചി തീരത്തു പിടിച്ചിടാന്‍ ചങ്കുറ്റമില്ലാത്തവരാണു പരദേശികളെ വിറപ്പിച്ചുകൊണ്ട് തിണ്ണമിടുക്ക് കാണിക്കുന്നത്! ബോട്ടിനെ ഇടിച്ചുവീഴ്ത്തിയിട്ട് പുല്ലുപോലെ സ്ഥലംവിട്ട കപ്പല്‍ ഒരു അധികൃതരുടെയും ആജ്ഞ കണക്കിലെടുത്തില്ല. തങ്ങള്‍ക്കു മനസ്സുള്ളപ്പോള്‍ വരുമെന്ന ധാര്‍ഷ്ട്യത്തിനുമുന്നില്‍ വാലാട്ടി നില്‍ക്കാനെ കോടതിക്കും ഇന്ത്യന്‍ സംവീധാനങ്ങള്‍ക്കും കഴിഞ്ഞുള്ളു.
ഇതിനുള്ള ഉത്തരം അറിയാന്‍ ഓരോ ഇന്ത്യന്‍ പൌരനും അതോടൊപ്പം ഇറ്റാലിയന്‍ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഇരുപതുലക്ഷം കൊടുത്തു തടിതപ്പിയ ഇന്ത്യന്‍ കപ്പലുടമകളോടും അതുവാങ്ങിയ വ്യക്തികളോടും ഒരക്ഷരംപോലും മിണ്ടാതിരുന്ന കോടതി, ഒരുകോടി കൊടുത്തവരുടെയും അതുവാങ്ങിയവരുടെയും നേരെ എന്തിനു കുരയ്ക്കുന്നു? ഇറ്റാലിയന്‍ പ്രതിനിധികള്‍; 'യൂറോ'യുമായി വരുന്നതും കാത്ത് വാതില്‍ തുറന്നു കാത്തിരിക്കുകയായിരുന്നോ ഈ 'ശുംഭന്‍'? അതോ ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ ശിഷ്ടകാലം ജീവിക്കാന്‍ ഇറ്റലിയില്‍ ഒരു കൊട്ടാരം പ്രതീക്ഷിച്ചോ?
ഇനിയും ഒന്നുകൂടി ചോദിക്കട്ടെ: ഈ അടുത്ത ദിവസം ഗുജറാത്തു തീരത്തുനിന്ന് മത്സ്യം പിടിക്കാന്‍പോയ ഇന്ത്യന്‍ മത്സ്യതൊഴിലാളിയെ പാക്കിസ്ഥാന്‍ പട്ടാളം വെടിവച്ച് ഗുരുതരമായ പരുക്കേല്‍പ്പിച്ചു. അതിനെക്കുറിച്ച് മിന്നല്‍പോലെ ഒരു വാര്‍ത്ത വന്നതല്ലാതെ അയാള്‍ മരിച്ചോ ജീവിച്ചോ എന്നുപോലും പിന്നീടു കേട്ടില്ല. പാക്കിസ്ഥാനോടു കൂറുള്ള ഇന്ത്യക്കാര്‍ ചുറ്റിലും ഉള്ളതിനാല്‍ കോടതിയും മാധ്യമങ്ങളുമൊക്കെ സൂക്ഷിച്ചാണു നിലപാടെടുക്കുന്നത്. ഇങ്ങോട്ടു കടിക്കില്ലെന്ന് ഉറപ്പുള്ളവരുടെ നേരെ മെക്കിട്ടു കയറുന്നത് ആണത്തമല്ല; മറിച്ച്, ധീരത നടിക്കുന്ന ഭീരുത്വമാണ്!
പുറംകടലിലെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?
യാതൊരു പ്രകോപനവുമില്ലാതെ കപ്പലില്‍നിന്ന് വെടിയുതിര്‍ക്കില്ലെന്ന മനോവയുടെ വാദം ശരിവയ്ക്കുന്നതാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയായ ഫ്രെഡി വെളിപ്പെടിത്തിയിരിക്കുന്നത്. മത്സ്യബന്ധന ബോട്ടിന്റെഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കമുണ്ടാകാതെ കപ്പലില്‍നിന്ന് ആക്രമണത്തിനു മുതിരില്ല. ഫ്രെഡി കോടതിയില്‍ അറിയിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നതാണു സത്യമെന്നത് സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും.
ഫ്രെഡി സംഭവത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ: 'അമിതവേഗത്തിലോടുന്ന ബോട്ട് അപകടകരമായ നിലയില്‍ കപ്പലിനെ സമീപിക്കുകയായിരുന്നു. ഡ്രൈവിങ് സീറ്റില്‍ ജലസ്റ്റിന്‍ ഒന്നും ചെയ്യതെ ഇരിക്കുന്നതാണു കണ്ടത്. ലൈസന്‍സ് ഉള്ളയാള്‍ ഉറങ്ങുകയായിരുന്നു. രാത്രിമുഴുവന്‍ മറ്റുള്ളവര്‍ക്കൊപ്പം മീന്‍പിടിക്കുകയായിരുന്ന ജലസ്റ്റിന്‍, ഡ്രൈവിങ്ങിനിടെ ഉറങ്ങിയെന്നു തോന്നുന്നു. ജലസ്റ്റിന്‍ ബോട്ടിന്റെ മാസ്റ്റ്ഹെഡ് ലൈറ്റ് ഇട്ടിരുന്നില്ല. ജലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ക്കു പരിക്കേറ്റതായി കണ്ടു. പുറംകടലില്‍ അമിതവേഗത്തിലായിരുന്ന ബോട്ടിന്റെ നിയന്ത്രണം ഞാന്‍ ഏറ്റെടുത്ത് കുറേക്കൂടി ദൂരത്തേക്കു കൊണ്ടുപോയി. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കപ്പലും ബോട്ടും തമ്മില്‍ ഇടിച്ചേനെ. പിന്നീട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്കു ഞാന്‍ ബോട്ടു തിരിച്ചുകൊണ്ടുവന്നു.'
ബോട്ടിനു മുകളിലും ഗ്യാസ് സിലിണ്ടറിലും വെടിയേറ്റതായി കണ്ടുവെന്നും ഫ്രെഡി പറയുന്നു. തികച്ചും വിശ്വസനീയമായ വെളിപ്പെടുത്തല്‍ തന്നെയാണിത്. മത്സ്യതൊഴിലാളികളെ വെടിവയ്ക്കുന്നതിനു ദിവസങ്ങള്‍ക്കുമുമ്പേ യാത്ര തുടങ്ങിയ ഇവര്‍ക്ക് വെറുതെ വെടിവച്ചു രസിക്കാന്‍ ഇന്ത്യക്കാരെ മാത്രമെ കിട്ടിയുള്ളോ? മറ്റുള്ളവരെ വേദനിപ്പിച്ച് രസിക്കുന്നവരല്ല യൂറോപ്യന്‍ ജനത! മാത്രവുമല്ല, കൊലക്കുറ്റം ഒരുവനുമേല്‍ ചുമത്തപ്പെട്ടാല്‍ ഇന്ത്യയിലെപ്പോലെ പത്തുകൊല്ലത്തെ തടവല്ല ഈ രാജ്യങ്ങളിലെ ശിക്ഷ. ജീവിതത്തില്‍ ഒരിക്കലും പുറത്തുവരാന്‍ കഴിയാത്ത കാലയളവാണു ശിക്ഷയായി ലഭിക്കുക. വധശിക്ഷയില്ലെങ്കിലും അതിനേക്കാള്‍ കഠിനമാണിത്!
വേശ്യാവൃത്തിക്ക് നാല് ഇന്ത്യക്കാര്‍ ചൈനയുടെ തടവറയില്‍; നിയമ സഹായവുമായി ഇന്ത്യന്‍ ഭരണകൂടം!
വേശ്യാവൃത്തി നടത്തിയതിന്റെ പേരില്‍ ചൈനയില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ നിയമപരമായി സഹായിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറെടുക്കുന്നത് ഈ ആഴ്ചയിലെ മാധ്യമങ്ങളില്‍ വായിച്ചു. ലോകത്തിനുമുന്നില്‍ അപമാനകരമായ ഈ ചെയ്തികളെ ധാര്‍മ്മീകമായി പിന്തുണക്കുന്നതിനു തുല്യമല്ലേ ഇത്! വാഹന പ്രദര്‍ശനം കാണാന്‍ ചൈനയിലെത്തി വ്യഭിചരിക്കുന്നവരെ സംരക്ഷിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണ്. സന്മാര്‍ഗ്ഗജീവിതം നയിക്കുന്നവരുടെ നികുതി ഉപയോഗിച്ച് അസ്സന്മാര്‍ഗ്ഗീകതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചെയ്തികള്‍ പൗരന്മാരോടുള്ള ഉത്തരവാദിത്വത്തെക്കാളുപരി നിയമം അനുസരിച്ച് ജീവിക്കുന്ന പൗരന്മാരോടുള്ള വെല്ലുവിളിയാണ്!
ഇത്രയും എഴുതിയതിനു ചില കാരണങ്ങളുണ്ട്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടു പ്രവര്‍ത്തിച്ചവരാണു നാവീകര്‍! അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യത്തിന്റെ പതാക വഹിക്കുന്ന കപ്പലുകള്‍ ആ രാജ്യത്തിന്റെ ഒഴുകുന്ന ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ഏതു രാജ്യത്തിനും ഈ നിയമം ബാധകമാണ്! കപ്പല്‍ ഏതു സമുദ്രാതിര്‍ത്തിക്ക് ഉള്ളിലായിരുന്നു ആ സമയത്തെന്ന് ആര്‍ക്കും വ്യക്തതയില്ല. അങ്ങനെയിരിക്കെ, ഇറ്റാലിയന്‍ നാവീകരെ ഇല്ലായ്മചെയ്യാനുള്ള ജഡ്ജി ഗോപിനാഥന്റെ വ്യഗ്രത സംശയകരമാണ്. നാവീകരോടുള്ള അമര്‍ഷത്തെക്കാളുപരി തൊലിവെളുത്തവരോടുള്ള അവജ്ഞയാണ് ഇയാള്‍ക്കെന്ന്, വിദേശികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന വിധത്തിലുള്ള പരാമര്‍ശനങ്ങളിലൂടെ വ്യക്തമാണ്!
ഒരുപക്ഷെ പാലിക്കേണ്ടതായ ഔപചാരികതകളില്‍ വീഴ്ചകള്‍ വന്നിട്ടുണ്ടാകാം. ഇന്ത്യക്കുനേരെ സംശയകരമായ സാഹചര്യത്തില്‍ അടുത്തുവരുന്നവര്‍ ആരെന്നുനോക്കാതെ ഇന്ത്യന്‍ പ്രതിരോധസേന നിറയൊഴിക്കുകയില്ലേ? ഏതെങ്കിലും കാരണവശാല്‍ നമ്മുടെ പട്ടാളക്കാരെ ശത്രുരാജ്യം ബന്ധിയാക്കിയാല്‍ മോചനത്തിനായി ഏതറ്റംവരെയും നാം പോകും. കൊടുംഭീകരരെ തടവറയില്‍നിന്ന് മോചിപ്പിച്ചുകൊണ്ട് ബന്ദികളെ രക്ഷിച്ച ചരിത്രവും നമുക്കുണ്ട്! അതുപോലെതന്നെ തങ്ങളുടെ പട്ടാളക്കാരെ മോചിപ്പിക്കാന്‍ ഏതറ്റംവരെയും പോകാന്‍ ഇറ്റലിയും ശ്രമിക്കുന്നതിനെ വംശീയാക്ഷേപങ്ങളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് സംസ്കാരശൂന്യമായ പ്രവൃത്തിയാണ്.
ഭാരതത്തോടോ ഭാരതീയരോടോ ഏതെങ്കിലും തരത്തിലുള്ള അവഗണനകളോ അവഹേളനങ്ങളോ ഇന്നുവരെ ഇറ്റലിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവിടുത്തെ ഭരണതലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഒരു മലയാളിയാണ്. ഇന്ത്യയില്‍ സോണിയാഗാന്ധിയെ എതിര്‍ക്കുന്നതുപോലെ വംശീയ അധിക്ഷേപങ്ങളോ വര്‍ഗ്ഗീയവിഷം ചീറ്റുന്ന പ്രചരണങ്ങളോ ഈ സ്ഥാനാര്‍ത്ഥിക്കുനേരെ അവിടെയാരും ഉയര്‍ത്താറില്ല.
നാനാത്വത്തില്‍ ഏകത്വമെന്നും മതനിരപേക്ഷത എന്നുമൊക്കെ ഭാരതം ഊറ്റം കൊള്ളുമ്പോള്‍ ഇതു ഭരണഘടനയില്‍ കുറിച്ചുവച്ച വെറുംവാക്കുകളായി മാറിയിട്ടുള്ള സാഹചര്യങ്ങളും ക്രൈസ്തവര്‍ ഇവിടെ നേരിട്ടിട്ടുണ്ട്. മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉദാഹരണമായി ഇന്ത്യയെ ഉയര്‍ത്തിക്കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു ശരിയായിരിക്കാം. എന്നാല്‍, ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തും അന്യമതക്കാര്‍ മതത്തിന്റെപേരില്‍ പീഡിപ്പിക്കപ്പെടാറില്ല. എല്ലാ മതക്കാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത ഒരു ക്രൈസ്തവരാജ്യവും ഈ ഭൂമുഖത്തില്ല. എന്നിട്ടും കൈസ്തവരും ക്രൈസ്തവരാജ്യങ്ങളും ലോകത്തിന്റെ പൊതുശത്രുവായി വിജാതിയര്‍ ചിന്തിക്കുന്നു!
ഇന്ത്യക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിക്കൊണ്ടുവരുന്ന, ഇന്ത്യയുടെ സ്വന്തം 'ആള്‍ദൈവങ്ങളുടെ' സാമ്പത്തീക അടിത്തറയും സ്രോതസ്സും ഇവിടത്തുകാര്‍ സായിപ്പെന്നും വെള്ളക്കാരെന്നും പരിഹസിക്കുന്ന ആ ആര്‍ദ്രഹൃദയരാണെന്നും മറക്കരുത്!
കൈക്കൂലിക്കേസില്‍ മുന്‍ ജഡ്ജിക്ക് മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ!
രണ്ടുദിവസംമുമ്പ് ഇങ്ങനെയൊരു വാര്‍ത്ത ഇന്ത്യയിലെ മാധ്യമങ്ങളില്‍ വായിച്ചുവെന്നു കരുതുന്നു. ഇരുപത്തിയാറു വര്‍ഷംമുമ്പ് 2000 രൂപ കൈക്കൂലി വാങ്ങിയ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ മെട്രോപൊളീറ്റന്‍ മജിസ്ട്രേട്ടായിരുന്ന് 'ഗുലാബ് തുള്‍സിയാനി'ക്കാണു ശിക്ഷ ലഭിച്ചത്. അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യയിലെ നീതിപീഠങ്ങളില്‍ ഇരുന്ന് ഗര്‍ജ്ജിക്കുന്ന 'ശുംഭന്മാര്‍'!
ഇന്ത്യയിലെ ന്യായാധിപസംഘത്തിലുള്ളവരും സ്ഥാനത്തുനിന്ന് വിരമിച്ചവരുമായ പലരുമിപ്പോള്‍ ആരോപണ വിധേയരാണ്. ചിലരെക്കുറിച്ചെല്ലാം ഉന്നതതലത്തില്‍ അന്വേഷണം നടക്കുന്നുമുണ്ട്. കൈക്കൂലിക്കേസില്‍ ശിക്ഷിച്ചുകൊണ്ട് കോടതി പറഞ്ഞതും ഇതുതന്നെയാണ്! നീതിപീഠത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ ഇടിവു വന്നിരിക്കുന്നു. ഇന്ന് വിധിയാളന്മാരായി ഇരിക്കുന്ന ന്യായാധിപരില്‍ പലരുടെയും ഗുരുക്കന്മാരും പ്രിയശിഷ്യന്മാരുമെല്ലാം പ്രമുഖരായ അഭിഭാഷകരായി തങ്ങളുടെ മുന്‍പില്‍ ഏതെങ്കിലും കക്ഷികളുടെ വക്കാലത്തുമായി എത്താറുണ്ട്. ഇവിടെയെല്ലാം നിഷ്പക്ഷമായ വിധിയാണു നടപ്പാകുന്നതെന്നു ചിന്തിക്കാന്‍ ആനുകാലിക സംഭവങ്ങള്‍ അനുവദിക്കുന്നില്ല.
പുതിയ നിയമങ്ങള്‍ എഴുതിയുണ്ടാക്കുകയല്ല ന്യായാധിപന്മാരുടെ പണി. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായം വിധിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഭരണഘടനയില്‍ ഭേദഗതി വരുത്താനും നിയമങ്ങള്‍ നിര്‍മ്മിക്കാനും അവകാശം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികള്‍ക്കാണ്! അതായത് ജനാധിപത്യത്തില്‍ സര്‍വ്വാധികാരി ജനങ്ങളാണ്! ഇത് അന്വര്‍ത്ഥമാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണ്ണമാകുകയുള്ളു!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-