എഡിറ്റോറിയല്‍

ഇന്ത്യയും കപട മതേതരത്വവും!

Print By
about

09 - 09 - 2014

ദൈവങ്ങളുടെ ചെറു ബിംബങ്ങളും ചിത്രങ്ങളുംകൊണ്ട്‌ നിറയുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സവര്‍ണ്ണ ആചാരമായ ആയുധ പൂജയ്ക്ക്‌ ലാത്തിയും തോക്കും പൂജക്കുവച്ച്‌ പോലീസ്‌ സ്റ്റേഷനെ പൂജാമുറിയാക്കുന്ന പോലിസുകാര്‍, പോലീസ്‌ സ്റ്റേഷനുകളില്‍തന്നെ ആരാധനാമൂര്‍ത്തികളുടെ പൂമാലയിട്ട വലിയ ഫോട്ടോ, വ്യത്യസ്ത മതവിശ്വാസികളായവരും ദൈവത്തില്‍ വിശ്വസിക്കാത്തവരുമായ ഐ.എസ്‌.ആര്‍.ഓ ശാസ്ത്രജ്ഞര്‍ കഠിന പ്രയത്നംകൊണ്ട്‌ സ്വായത്തമാക്കിയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനു മുന്നോടിയായി ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകള്‍, ഇന്ത്യന്‍ റെയില്‍വേയുടെയും മറ്റെല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും തുടക്കമിടുന്നത്‌ ഭൂമീദേവിയെ പൂജിച്ചതിനുശേഷം! മതേതര രാഷ്ട്രമായ ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ വര്‍ദ്ധിച്ചുവരുന്ന ഹൈന്ദവ ചടങ്ങുകളുടെ ലഘുവിവരണമാണിത്‌! ഇതാണോ ഇന്ത്യ ഊറ്റംകൊള്ളുന്ന മതേതരത്വം?

അജ്ഞേയതാവാദിയെങ്കിലും നീതിബോധമുള്ള വ്യക്തിയായിരുന്നു പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കുന്നതില്‍ ഇദ്ദേഹത്തോടൊപ്പം കൂട്ടാളിയായത് ഡോക്ടര്‍ ഭീമാറാവ് അംബേദ്‌കര്‍ ആയിരുന്നു. ഇന്ത്യയിലെ ഹൈന്ദവ പൈശാചികതയില്‍ മനംമടുത്ത് ബുദ്ധമതത്തില്‍ ചേക്കേറിയ വ്യക്തിയാണ് ഇദ്ദേഹം. അതായത്, ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഘര്‍വാപ്സി അംബേദ്‌കറുടെതാണ്. ഇന്ത്യയുടെ മതേതരനിയമങ്ങള്‍ തയ്യാറാക്കിയത് പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും ഡോക്ടര്‍ ഭീമാറാവ് അംബേദ്‌കറും ചേര്‍ന്നായിരുന്നു. ഹിന്ദുത്വത്തിന്റെ യാതൊരു സ്വാധീനവും ഇവരുടെമേല്‍ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ് ഇവര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ മതേതരനിയമങ്ങള്‍ നിറഞ്ഞുനിന്നത്.

ഏതു മതവിശ്വാസികള്‍ക്കും തങ്ങളുടെ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചു ജീവിക്കാനുള്ള അവകാശം നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കിയത്. ഈ സൗകര്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ അല്ലാത്ത എല്ലാ മതവിഭാഗങ്ങളും വേണ്ടത്ര ജാഗ്രത പുലര്‍ത്തി എന്നത് അവരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി. എന്നാല്‍, ക്രൈസ്തവരിലെ പ്രധാന വിഭാഗമായ കത്തോലിക്കാസഭ സാംസ്കാരിക അനുരൂപണങ്ങളില്‍ ശ്രദ്ധചെലുത്തുകയും തങ്ങളുടെ തനിമ ഹൈന്ദവതയ്ക്ക് അടിയറവയ്ക്കുകയും ചെയ്തു. 1947-ല്‍ ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ നിലനിന്നിരുന്ന എല്ലാ അനാചാരങ്ങളും തങ്ങളുടെ മുഖമുദ്രയാക്കിയ ഏക വൈദേശികമതം ക്രിസ്തുമതമായിരുന്നു. തങ്ങള്‍ക്കു ലഭിക്കുമായിരുന്ന എല്ലാ സൗകര്യങ്ങളും തിരസ്കരിച്ച വിഭാഗമാണ്‌ സുറിയാനിസഭ! എന്നാല്‍, ലത്തീന്‍ സമൂഹം കുറച്ചുകൂടി ജാഗ്രത പുലര്‍ത്തി എന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ എന്നനിലയില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക സംവരണം നല്‍കുവാന്‍ തയ്യാറായ ഭരണഘടനാ ശില്പികള്‍ക്കു മുന്‍പാകെ തങ്ങളുടെ ആഢ്യത്വം പ്രഖ്യാപിച്ചുകൊണ്ട് ലഭ്യമാകുമായിരുന്ന അവകാശങ്ങള്‍ തള്ളിക്കളഞ്ഞത് സുറിയാനികളുടെ ചരിത്രപരമായ വിഡ്ഢിത്തമായി ഇന്നും നിലനില്‍ക്കുന്നു.

ഡോക്ടര്‍ ഭീമാറാവ് അംബേദ്കറും പണ്ഡിറ്റ്‌ ജവജര്‍ലാല്‍ നെഹ്രുവും ചേര്‍ന്ന് തയ്യാറാക്കിയ ഭരണഘടന എന്തുകൊണ്ടും ശ്രേഷ്ഠമായിരുന്നു എന്നകാര്യത്തില്‍ മനോവയ്ക്കു രണ്ടാമതൊരു അഭിപ്രായമില്ല. എന്നാല്‍, ഈ ഭരണഘടന കടലാസ്സില്‍മാത്രം ഒതുങ്ങി എന്നതാണു യാഥാര്‍ത്ഥ്യം. സ്വതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ എഴുതപ്പെട്ട നിയമങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഇനിയൊട്ടു കഴിയുകയുമില്ല എന്ന വസ്തുതയ്ക്കുമുന്നില്‍ പകച്ചുനില്‍ക്കാന്‍ മാത്രമേ നമുക്കാകുകയുള്ളൂ! കാരണം, കാലാന്തരത്തില്‍ ഇന്ത്യ വന്നെത്തിയിരിക്കുന്നത് സാത്താന്റെ ആജ്ഞാനുവര്‍ത്തികളുടെ പിടിയിലാണ്! മഹത്തായ പാരമ്പര്യവും വിവരവുമുള്ള ജനനായകന്മാര്‍ എഴുതിവച്ച നിയമങ്ങളെ പൊളിച്ചെഴുതാന്‍ തയ്യാറായിനില്‍ക്കുന്ന പൈശാചിക ശക്തികളുടെ കരങ്ങളില്‍ ഇന്ത്യ എത്തിപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം, ഇന്ത്യയുടെ രക്ഷയ്ക്ക് ആവശ്യമായ സ്വാധീനവും ശക്തിയും ഇവിടെ ജീവിച്ച ക്രിസ്ത്യന്‍ സമൂഹത്തിന് എക്കാലവും ഉണ്ടായിരുന്നു. സാംസ്കാരിക അനുരൂപണത്തിന്റെ പേരില്‍ കളഞ്ഞുകുളിച്ച ഈ സ്വാധീനം ഇനി തിരിച്ചുവരാനുള്ള ഒരു സാഹചര്യവും ഇല്ലെന്നതും നാം വിസ്മരിക്കരുത്. എന്തെന്നാല്‍, വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കുക എന്നതിലുപരി, തങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ സംരക്ഷണത്തെ മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന ഒരു സംഘത്തിന്റെ പിടിയിലാണ് കത്തോലിക്കാസഭയും ഇതര ക്രൈസ്തവ സമൂഹങ്ങളും!

ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള ജ്ഞാനം ക്രൈസ്തവ സമൂഹം ഇനിയും ആര്‍ജ്ജിക്കുന്നില്ലെങ്കില്‍ വന്നുഭവിക്കുന്നത് കൊടിയ ദുരന്തത്തിന്റെ നാളുകളായിരിക്കും എന്ന ഓര്‍മ്മപ്പെടുത്തലോടെ മുഖ്യവിഷയത്തിലേക്ക് മനോവ പ്രവേശിക്കുകയാണ്. ഇതാണ് വിഷയം: ഇന്ത്യ ഒരു മതേതര രാഷ്ട്രമാണോ?

ഇന്ത്യ ഒരു മതേതര രാഷ്ട്രമോ?

ഓരോ മതവിശ്വാസികള്‍ക്കും തങ്ങളുടെ മതത്തിന്റെ ആചാരങ്ങളും ജീവിതചര്യകളും മതനിയമങ്ങളും വ്യക്തിപരമായി അനുവര്‍ത്തിക്കാന്‍ അവകാശം ലഭിക്കുന്ന രാജ്യത്തെയാണ് മതേതര രാജ്യമായി കണക്കാക്കാന്‍ സാധിക്കുന്നത്. ഇന്ത്യയെ ആലങ്കാരികമായി വിശേഷിപ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന വാചകം കൊണ്ടാണ്. വിവിധ സംസ്കാരങ്ങളുടെ സമന്വയമെന്നും ഇന്ത്യയെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഒന്നും ഈ വിശേഷണങ്ങളില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം പുറംലോകം അറിയുന്നില്ല! ഹിന്ദുമതം എന്ന പാഗണ്‍ മതത്തിന്റെ ആചാരങ്ങളില്‍ നിലനില്‍ക്കുന്നവര്‍ക്കല്ലാതെ, ഇന്ത്യയില്‍ ജീവിക്കുന്ന ഏതു ജനതയ്ക്കാണ് ഇവിടെ വിശ്വാസ സ്വാതന്ത്ര്യമുള്ളത്? ഇവരുടെ പാഗണ്‍ സംസ്കാരത്തെ മറ്റു മതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണോ മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? രാഷ്ട്രശില്പികള്‍ വിഭാവനം ചെയ്തത് ഈ മതസ്വാതന്ത്ര്യമായിരുന്നോ? ഇന്ത്യയില്‍ ഉടലെടുത്ത മതങ്ങളുടെ സംസ്കാരങ്ങള്‍ മാത്രമാണോ വിവിധ സംസ്ക്കാരങ്ങളുടെ സമന്വയമായി പരിഗണിക്കേണ്ടത്? ഇന്ത്യയിലേക്കു കടന്നുവന്നതും സ്വാതന്ത്ര്യലബ്ദിക്കുമുമ്പേ ഇവിടെ നിലവിലുണ്ടായിരുന്നതുമായ ക്രിസ്ത്യാനികളുടെയും ഇസ്ലാമിന്റെയും സംസ്കാരങ്ങളെ സ്വന്തം സംസ്കാരത്തിന്റെ ഭാഗമായി പരിഗണിക്കാത്തിടത്തോളം സാംസ്കാരിക വൈവിദ്ധ്യം അവകാശപ്പെടാന്‍ ഇന്ത്യക്കാവില്ല!

പാഗണ്‍ സംസ്കാരങ്ങളുടെ ഭാഗമായ ഇന്ത്യന്‍ മതങ്ങളെ മാത്രം അംഗീകരിക്കുന്ന അവസ്ഥയെ മതേതരത്വം എന്ന് പേരിടുന്നതിലെ സാംഗത്യം ഗ്രഹിക്കാന്‍ മനോവയ്ക്കു കഴിയുന്നില്ല. മതേതര രാഷ്ട്രമാണ് ഇന്ത്യയെങ്കില്‍ ഇവിടെ ജീവിക്കുന്ന ഏതൊരു മതവിശ്വാസികള്‍ക്കും തങ്ങളുടെ ആചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടായിരിക്കണം. എന്നാല്‍, ഇന്ത്യയില്‍ ജീവിക്കുന്ന ഹൈന്ദവരല്ലാത്തവര്‍ക്ക് തങ്ങളുടെ ആചാരങ്ങളെ പിന്തുടരാനുള്ള അവകാശം നിഷേധിക്കുന്ന അവസ്ഥ ഇന്നുണ്ട്. ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രമായിരുന്നെങ്കില്‍ എങ്ങിനെയായിരിക്കുമോ അതാണ്‌ ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. ഹൈന്ദവ നിയമങ്ങള്‍ മറ്റു മതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? സ്വകാര്യസ്ഥാപനങ്ങളില്‍ അവരവരുടെ വിശ്വാസപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിനെ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദുത്വം അടിച്ചേല്പിക്കുന്നതിനെ അംഗീകരിക്കാന്‍ മനോവയ്ക്കാകില്ല. ഗണപതിയ്ക്കു തേങ്ങാ ഉടയ്ച്ചുകൊണ്ട് പൊതുമേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന രീതി ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്നു പറയാന്‍ കഴിയുക? എല്ലാത്തരം വിശ്വാസികളുടെയും മതവിശ്വാസികളല്ലാത്തവരുടെയും നികുതിപ്പണംകൊണ്ടാണ് ഇന്ത്യയിലെ ഭരണസംവിധാനം നടന്നുപോകുന്നത്.

എന്നാല്‍, കാലാന്തരത്തില്‍ വന്നുഭവിച്ച മഹാദുരന്തം ചുമലിലേറ്റുന്നത് ഇവിടുത്തെ ക്രൈസ്തവര്‍ മാത്രമാണെന്ന സത്യം നാം തിരിച്ചറിയണം. ഇതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. ലോകാവസാനംവരെ പിന്തുടരണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ നല്‍കപ്പെട്ട നിയമങ്ങള്‍ ക്രൈസ്തവര്‍ക്കും യെഹൂദര്‍ക്കും മാത്രമായിരിക്കെ, ഈ നിയമങ്ങളെ പൊളിച്ചെഴുതാന്‍ തയ്യാറാകുന്നതും ക്രൈസ്തവര്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതിന്റെ കാരണവും വ്യക്തമാകും. ക്രിസ്തീയ നിയമങ്ങള്‍ പരിഷ്കരിക്കുന്ന സംഘത്തില്‍ കയറിപ്പറ്റി ആധിപത്യം ഉറപ്പിച്ചിരിക്കുന്നവര്‍ ക്രിസ്ത്യാനികള്‍ അല്ലെന്നതാണ് ഇതിന്റെ മുഖ്യ കാരണം. ഈ ഭൂമുഖത്ത് ജീവിക്കുന്ന മനുഷ്യരാശിയ്ക്ക് ആത്മരക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തീയതയെ തകര്‍ക്കുകയെന്നത് സാത്താന്റെ അടിസ്ഥാന ലക്‌ഷ്യമായതിനാല്‍, അവന്റെ ആജ്ഞാനുവര്‍ത്തികളെ കത്തോലിക്കാസഭയുടെ ഉന്നത ശ്രേണികളില്‍ അവന്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇന്ന് സഭയുടെ നിയമങ്ങള്‍ പരിഷ്കരിക്കുകയും പരിഷ്കരിച്ച നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നത് ഈ അധമന്മാരാണ്!

നിയമങ്ങള്‍ പൊളിച്ചെഴുതുന്ന അവസ്ഥ കത്തോലിക്കാസഭയില്‍ ആരംഭിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആയിരുന്നു. അതിനുമുമ്പ് അടിസ്ഥാനപരമായ നിയമങ്ങളില്‍ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവനിഷേധകരായ പോപ്പുമാര്‍ നയിച്ച കാലഘട്ടങ്ങളിലൂടെ സഭ കടന്നുപോയിട്ടുണ്ടെങ്കിലും, അന്നൊന്നും നിയമങ്ങളില്‍ സാരമായ വ്യത്യാസങ്ങള്‍ വരുത്തുവാന്‍ അവരൊന്നും ശ്രമിച്ചിട്ടില്ല. സ്ഥായിയായ നിയമങ്ങളില്ലാത്ത മതവിഭാഗമായി കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അധഃപതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാത്താനെ സഹായിക്കുന്ന അധികാരികള്‍ സഭകളില്‍ പിടിമുറുക്കുകയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു തുടക്കമാകുകയും ചെയ്തതോടെയാണ് നിയമങ്ങള്‍ ഓരോന്നായി പൊളിച്ചെഴുതപ്പെട്ടത്. നിയമങ്ങളില്‍ കാലികമായ മാറ്റം വരുത്തുകയെന്ന ആശയം ഇതിനായി അവതരിപ്പിക്കപ്പെട്ടു. സഭയില്‍ കടന്നുകൂടിയ ജീര്‍ണ്ണതയെക്കുറിച്ച് അസ്വസ്ഥരായിരുന്ന വിശ്വാസികള്‍ക്ക് ഈ പരിഷ്ക്കാരം സ്വീകാര്യമായപ്പോള്‍, ഇതില്‍ മറഞ്ഞിരുന്ന കൗശലം പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല! അങ്ങനെ, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി പോപ്‌' കത്തോലിക്കാസഭയുടെ ജാലകങ്ങള്‍ തുറക്കുകയും സഭയിലേക്ക് 'അ'ശുദ്ധവായു കടത്തിക്കൊണ്ടുവരികയും ചെയ്തു! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധ പഠനത്തിനു കത്തോലിക്കാസഭയില്‍ തുടക്കമിട്ടത് ഈ സമ്മേളനത്തിലാണ്. അതിലൂടെ, സാംസ്കാരിക അനുരൂപണം എന്ന ആഭാസത്തിന് സഭാമാനേജര്‍മാരുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു!

ഇന്ത്യയിലെ 'പാഗണ്‍' മതങ്ങളുടെ ആചാരങ്ങള്‍ ഈ രാജ്യത്തിന്റെ സംസ്കാരമാണെന്ന വ്യാഖ്യാനത്തോടെ അവയെ തോളിലേറ്റാന്‍ ഇവിടുത്തെ കത്തോലിക്കാസഭയ്ക്ക് പിന്തുണ ലഭിച്ചപ്പോള്‍, സഭയിലെ കാവിപ്രേമികള്‍ അത് ആഘോഷമാക്കി! സ്വന്തമായ നിയമങ്ങളും ആചാരങ്ങളുമില്ലാത്ത ഏക വിഭാഗമായി ഇന്ത്യയിലെ കത്തോലിക്കാസഭ മാറിക്കൊണ്ടിരിക്കുന്നത് സഭയില്‍ കടന്നുകൂടിയ കാവിധാരികളുടെ സ്വാധീനഫലമാണ്. മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര ശ്രേഷ്ഠമായ നിയമങ്ങളും ആചാരങ്ങളും ദൈവത്തില്‍നിന്നു നേരിട്ടു ലഭിച്ചിട്ടുള്ള ഒരു ജനതയെ ഈ വിധത്തില്‍ അധഃപതിപ്പിക്കേണ്ടത് സാത്താന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. വിജാതിയരുടെ ആചാരങ്ങളെ പരിഗ്രഹിക്കാനായി ദൈവത്തിന്റെ നിയമങ്ങളെ നിസ്സാരമായി അവഗണിച്ചവര്‍ ഈ വചനം ഓര്‍ക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഇത്രയും വ്യക്തതയോടെ ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു. ഈ വചനത്തെ നിഷേധിച്ചുകൊണ്ട്, മറ്റു മതങ്ങളില്‍ രക്ഷയുണ്ട് എന്ന അബദ്ധം പ്രചരിപ്പിക്കാന്‍ ദൈവത്തില്‍നിന്നു വന്ന ആര്‍ക്കും സാധിക്കില്ല.

അല്പകാര്യങ്ങളില്‍ കത്തോലിക്കാസഭ കാണിച്ച അലംഭാവത്തിലൂടെ മതേതരത്വത്തിന്റെ നിര്‍വ്വചനം അപ്പാടെ തകിടംമറിക്കപ്പെട്ടത്. ഇന്ത്യയുടെ സാംസ്കാരികതയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നവരാണ് ഇവിടുത്തെ ക്രൈസ്തവര്‍. എന്നാല്‍, ധനസമ്പാദനത്തിനുള്ള ഉപാധിയായി മാത്രം ഈ സ്വാധീനത്തെ ഉപയോഗിച്ചപ്പോള്‍, സഭയുടെ പാരമ്പര്യങ്ങള്‍ വിജാതിയ പാരമ്പര്യങ്ങള്‍ക്കു വഴിമാറി! ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചാല്‍ മാത്രമേ സാമ്പത്തീക ലക്ഷ്യങ്ങള്‍ നിറവേറുകയുള്ളൂ എന്ന ധാരണയില്‍ അവരുമായി ഇഴുകിച്ചേര്‍ന്ന് സ്വന്തം പൈതൃകം നഷ്ടമാക്കുകയും ചെയ്തു. ഇവയുടെ ദുരന്തഫലമാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ഇന്ന് അനുഭവിക്കുന്നത്. നിലവിളക്ക് കൊളുത്തിയില്ലെങ്കില്‍ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ നേരിടേണ്ടി വരുന്നതും ഇതിന്റെ ഭാഗംതന്നെ!

സാംസ്കാരിക അനുരൂപണങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത ദൈവമക്കള്‍ സഭകളിലുണ്ട്. എന്നാല്‍, ഇവരുടെ എതിര്‍പ്പുകളെ അവഗണിക്കുന്ന അധികാരികളാണ് എല്ലാ സ്ഥാനങ്ങളിലും അവരോധിക്കപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷ മതങ്ങളാലും സഭകളില്‍ കടന്നുകൂടി സ്ഥാനം കയ്യടക്കിയിരിക്കുന്ന വിജാതിയ വാദികളാലും സഭകള്‍ മലിനമാക്കപ്പെട്ടിരിക്കുന്ന അവസ്ഥമൂലം വിശ്വാസികള്‍ ഇന്ന് ഞെരുക്കപ്പെടുന്നു. എന്താണ് യഥാര്‍ത്ഥ പാരമ്പര്യം എന്ന് മറന്നുപോയവരും സഭകളിലുണ്ട്. പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് നല്‍കിയ ഒരു മുന്നറിയിപ്പ് ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു. ഇതായിരുന്നു ആ മുന്നറിയിപ്പ്: "അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്‍പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1 കോറി: 11; 16). പ്രാര്‍ത്ഥനാവേളകളില്‍ സ്ത്രീകള്‍ ഉപയോഗിക്കേണ്ട ശിരോവസ്ത്രത്തെ സംബന്ധിച്ചുള്ള പാരമ്പര്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട നിയമംപോലും ഇത്ര കര്‍ശനമാണെങ്കില്‍ അന്യമതങ്ങളെ അനുകരിക്കുന്ന ഗുരുതരമായ അവസ്ഥകള്‍ക്കെതിരേ എത്രത്തോളം അസഹിഷ്ണുവായിരിക്കും നമ്മുടെ ദൈവം!? കാരണം, ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "നിങ്ങളുടെ ദൈവമായ യാഹ്‌വേയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത് (നിയമം: 12; 31). ഈ അനുകരണം അനുവദിക്കാത്തതിനും വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും, ഓരോ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നുമുള്ള പഠിപ്പിക്കലിലൂടെ ദൈവത്തെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത്? സാത്താന്റെ സിനഗോഗില്‍നിന്നുള്ള തീരുമാനപ്രകാരമായിരുന്നില്ലേ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തത്? എല്ലാ മതവിശ്വാസങ്ങളും ഒരേയൊരു ദൈവത്തില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞുകൊണ്ട് ദൈവത്തെ പരിഹസിക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി മുതിര്‍ന്നത് ഈ സൂനഹദോസിന്റെ ബലത്തിലാണ്! ഇന്ത്യയിലെ കര്‍ദ്ദിനാളന്മാരുടെ ലക്‌ഷ്യം ക്രിസ്തുവിനെ പ്രഘോഷിക്കലല്ല എന്നത് മുന്‍പേ വ്യക്തമായ കാര്യമാണെങ്കിലും, നിരാലംബരായ വിശ്വാസികളുടെ കാര്യം പരിഗണിക്കാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല. ആയതുകൊണ്ടുതന്നെ, മെത്രാന്മാരെ ബോധവത്ക്കരിക്കുകയല്ല മനോവയുടെ ലക്‌ഷ്യം. മറിച്ച്, ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട ആടുകളുടെയിടയില്‍ പ്രവാചക ശബ്ദമാകുക എന്നതാണ്! ചെന്നായ്ക്കളുടെയിടയില്‍ എന്നതുപോലെ, വിജാതിയതയുടെ ആക്രമണത്തിന് ആടുകളെ ഏല്പിച്ചുകൊടുത്തിരിക്കുന്ന വ്യാജ ഇടയന്മാരില്‍നിന്നു ആടുകളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസികള്‍ക്കുമുണ്ട്. ഇവിടെയാണ്‌ സഹോദരന്റെയും അയല്‍ക്കാരന്റെയും ദൗത്യം അനിവാര്യമാകുന്നത്!

വിജാതിയതയുടെ മാലിന്യത്തിലേക്കു നയിക്കപ്പെടുന്നതും കവര്‍ച്ചക്കാരാല്‍ ആക്രമിക്കപ്പെടുന്നതും ഒരുപോലെയാണ്. നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ യേഹ്ശുവാ ഉദ്ദേശിച്ചതും ഇതുതന്നെയാണ്. ദൈവീക സാന്നിദ്ധ്യത്തിന്റെ നഗരമായ യെരുശലേമില്‍നിന്ന് വിജാതിയരുടെ പട്ടണമായ യെരീക്കോയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ കവര്‍ച്ചക്കാരുടെ പിടിയിലകപ്പെട്ട വ്യക്തിയെ ഈ ഉപമയില്‍ നാം പരിചയപ്പെടുന്നു. പുരോഹിതരാലും ദൈവാലയ ശുശ്രൂഷകരാലും തിരുഞ്ഞുനോക്കപ്പെടാത്തവനായി തെരുവില്‍ക്കിടന്ന ഈ വ്യക്തിയുടെ അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസികള്‍. ഇവര്‍ക്കു കൈത്താങ്ങാവാന്‍ തയ്യാറായ ശെമരിയാക്കാരന്റെ മനോഭാവമാണ് നമ്മില്‍നിന്നും ദൈവം ആഗ്രഹിക്കുന്നത്. വിജാതിയര്‍ സേവിക്കുന്നതും സത്യദൈവത്തെയാണെന്ന ദൈവനിന്ദയുമായി കഴിയുന്ന അധികാരികളില്‍നിന്ന് നന്മ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇവര്‍ മഹത്വവത്ക്കരിക്കുന്ന അന്യദേവന്മാരുടെ നാമം സ്മരിക്കുന്നതുപോലും സത്യദൈവത്തിനു നിഷിദ്ധമാണ്. ഇതാണ് വചനം: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). സഭയുടെ ദൈവശാസ്ത്രജ്ഞര്‍ക്കാണോ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വേയ്ക്കാണോ തെറ്റുപറ്റിയത്? മഹാപ്രവാചകന്മാരെക്കാളും അപ്പസ്തോലന്മാരെക്കാളും ഉന്നതരാണ് തങ്ങളെന്നു നടിക്കുന്ന അഭിനവ ആചാര്യന്മാരുടെ ചെയ്തികളെ പിന്തുടര്‍ന്നാല്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ഇന്ത്യയില്‍ നിലനിന്ന മതേതരനിയമങ്ങളെ തങ്ങളുടെ സാംസ്ക്കാരിക അനുരൂപണത്തിലൂടെ അട്ടിമറിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍!

ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ടുതന്നെ മതനിയമങ്ങള്‍ പിന്തുടരാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കുമെന്നിരിക്കേ, സാംസ്കാരിക അനുരൂപണങ്ങളുടെ പേരില്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ തയ്യാറാകുന്നത് പൈശാചികതയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുതന്നെ ഇന്ത്യയിലെ ക്രൈസ്തവര്‍ പിന്തുടര്‍ന്നത് പൈശാചികത തന്നെയായിരുന്നു. പോര്‍ട്ടുഗീസ്‌ മിഷനറിമാര്‍ ഇന്ത്യയില്‍ വരുന്നതുവരെയുള്ള ഇന്ത്യയിലെ ക്രൈസ്തവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍വന്ന് ഇവിടുത്തെ ക്രൈസ്തവരെ പാഗണ്‍ സംസ്കാരങ്ങളില്‍നിന്നു മോചിപ്പിച്ചുവെങ്കിലും, കൂനന്‍കുരിശു സത്യം എന്ന പൈശാചിക വൃത്തിയിലൂടെ ഒരു തിരിച്ചുപോക്ക് ഇവര്‍ നടത്തി. ഈ തിരിച്ചുപോക്കിനെ സാധൂകരിക്കുന്ന സന്ദേശമാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പിന്നീട് നല്‍കിയത്. തങ്ങള്‍ എടുത്ത തിന്മയുടെ നിലപാടായിരുന്നു യഥാര്‍ത്ഥ സത്യമെന്ന് വിളിച്ചുപറയാന്‍ 'കൂനന്‍കുരിശു' സത്യക്കാരെ ശക്തരാക്കിയത് ഈ സൂനഹദോസ്! ആഗോള കത്തോലിക്കാസഭയില്‍ വന്നുഭവിച്ച മഹാദുരന്തമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പൗരസ്ത്യസഭകളുടെ പൈശാചികതയ്ക്കുള്ള പച്ചക്കൊടിയും ആഗോള കത്തോലിക്കാസഭയുടെ ജീര്‍ണ്ണതയ്ക്കുള്ള നാന്ദിയുമായി!

ദൈവത്താല്‍ സ്ഥാപിതമായ ഏതു നിയമങ്ങളെയും ഭൗതീക താത്പര്യങ്ങള്‍ക്കുവേണ്ടി നിസ്സാരമായി മാറ്റിവയ്ക്കാന്‍ കത്തോലിക്കാസഭയ്ക്ക് യാതൊരു സങ്കോചവും ഇന്നില്ല. തലമുറകള്‍ത്തോറും ആചരിക്കണമെന്നു കല്പിച്ചുകൊണ്ട് ദൈവം നല്‍കിയിരിക്കുന്ന നിയമങ്ങളും ആചാരങ്ങളുമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്. എന്നാല്‍, സഭാ പാരമ്പര്യങ്ങളുടെ പേരില്‍ വിശ്വാസികളുടെമേല്‍ കെട്ടിവച്ചിട്ടുള്ളതും ദൈവത്താല്‍ സ്ഥാപിതമല്ലാത്തതുമായ ദുരാചാരങ്ങള്‍ എന്തു വിലകൊടുത്തും നിലനിര്‍ത്താന്‍ സഭാമാനേജര്‍മാര്‍ ശ്രമിക്കുന്നു. കാരണം, ഇത് ഇവരുടെ ഉപജീവനത്തിന് അനിവാര്യമാണ്. വചനം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാഹ്:4;8). ദൈവവചനത്തിനു വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സഭയില്‍ കാണുമ്പോഴും അത് പിന്തുടരുമ്പോഴും ഈ വചനം ഭയത്തോടെ ഓര്‍മ്മിക്കണം. അടിമവയ്ക്കല്‍, അമ്പ് എഴുന്നള്ളിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ല. മാത്രവുമല്ല, ദൈവത്തെ പ്രകോപിപ്പിക്കുന്ന ദുരാചാരവുമാണ്! ഇന്ത്യയിലെ 'പാഗണ്‍' സംസ്കാരത്തില്‍നിന്നു കടമെടുത്ത അനേകം ദുരാചാരങ്ങളില്‍ ചിലതാണിത്! വിജാതിയതയില്‍നിന്നു കടമെടുത്തു തങ്ങളുടെതാക്കിയ ദുരാചാരങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാക്കിയാല്‍ അത് ക്രിസ്തീയതയുടെ ഭാഗമാകില്ല. വിജാതിയരുടെ ഭാഷ്യങ്ങളില്‍പ്പോലും ക്രിസ്തീയത അപഹസിക്കപ്പെടുന്നത് ഈ സാംസ്കാരിക അനുരൂപങ്ങളെ പ്രതിയാണെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് ലഭിച്ചുവെങ്കിലും മാനേജര്‍മാര്‍ അത് തിരിച്ചറിയാത്തതായി ഭാവിക്കുന്നു!

നാം വിസ്മരിക്കാന്‍ പാടില്ലാത്ത ചില വസ്തുതകളുണ്ട്. അറിഞ്ഞുകൊണ്ട് അന്യദേവന്മാരെ ആരാധിക്കുകയോ വിജാതിയതയുമായി സങ്കലിക്കുകയോ ചെയ്യുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകപോലും അരുതെന്ന് ദൈവം കല്പിച്ചിരിക്കുന്നു. പ്രവാചകനിലൂടെ അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക: "ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ യാചിക്കുകയോ വേണ്ട. അവര്‍ക്കുവേണ്ടി എന്റെ മുമ്പില്‍ നീ മാദ്ധ്യസ്ഥം പറയരുത്; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കുകയില്ല. യെഹൂദായിലെ നഗരങ്ങളിലും യെരുശലെമിലെ തെരുവീഥികളിലും അവര്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ? ആകാശരാജ്ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പം ചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്മാര്‍ തീ ഊതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുന്നു. എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത്- യാഹ്‌വെ ചോദിക്കുന്നു. അല്ല, നിങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയില്‍ ആഴ്ത്തുന്നത്. ആകയാല്‍, ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്റെ കോപവും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും"(യിരെമി: 7; 16-20).

പ്രകൃതിയെയും അതിലെ സമസ്ത വസ്തുക്കളെയുംപോലും നശിപ്പിക്കുന്ന മഹാദുരന്തമാണ് അന്യദേവാരാധന എന്ന വെളിപ്പെടുത്തലാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇവിടെ നടത്തിയിരിക്കുന്നത്. ഈ നിയമങ്ങളെല്ലാം അറിഞ്ഞിട്ടും അന്യദേവന്മാര്‍ക്ക് ദൈവപരിവേഷം നല്‍കാന്‍ ഉദ്യമിക്കുന്ന ക്രൈസ്തവമേലാളന്മാരുടെ ചെയ്തികളെ അനുഗമിക്കുന്നവരുടെ അവസാനം എന്തായിരിക്കും? ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യം നമുക്കു ലഭിക്കുമായിരിക്കെ, ആരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് കത്തോലിക്കാസഭ ഇന്ത്യയില്‍ നടത്തുന്നത്? ഈ ആഭാസ നിയമങ്ങളിലൂടെ ആഗോളകത്തോലിക്കാസഭ എന്താണ് ലക്ഷ്യമിടുന്നത്?

മതേതരത്വം എന്നത് സാംസ്കാരിക അടിമത്വമോ?

വൈവിദ്ധ്യങ്ങളിലെ ഏകത്വം എന്നാണ് ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പുറംലോകത്തുള്ള പ്രചാരണം. മറ്റേതു സംസ്കാരങ്ങളെയാണ് ഇന്ത്യയുടെ സംസ്ക്കാരവുമായി ചേര്‍ത്തുവച്ചിട്ടുള്ളത് എന്ന ചോദ്യമാണ് ഇവിടെ ആദ്യം ഉയര്‍ത്തുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന രണ്ടു മതങ്ങളുണ്ട്. ക്രിസ്തുമതവും ഇസ്ലാംമതവുമാണ് ഇവ. ഈ രണ്ടു മതങ്ങള്‍ക്കും അവരുടേതായ സംസ്കാരങ്ങളും ആചാരങ്ങളും നിലവിലുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ഈ മതങ്ങളുടെ സംസ്കാരങ്ങളില്‍ ഒന്നുപോലും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല. 'ആര്‍ഷഭാരത' സംസ്ക്കാരമെന്ന വിഗ്രഹസംസ്ക്കാരത്തെ മറ്റു വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ സാംസ്കാരിക സമന്വയമെന്നു വിളിക്കാന്‍ സാധിക്കുകയില്ല. സമന്വയമില്ലാത്തിടത്തോളം വൈരുദ്ധ്യങ്ങളിലെ ഏകത്വമാകുന്നത് എങ്ങനെ? ഭൂരിപക്ഷ വിഭാഗത്തിന്റെ ആചാരങ്ങളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് നാവടക്കി ജീവിക്കുന്നതിനെയാണ് മതേതരത്വം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, ഇതിനേക്കാള്‍ ഈ പേര് ചേരുന്നത് സൗദിഅറേബ്യക്കാണ്! ഇസ്ലാമികനിയമങ്ങള്‍ മറ്റു ജനതയുടെമേല്‍ അടിച്ചേല്പിക്കുന്ന ഈ രാജ്യത്തിന്റെ ശൈലി അനുകരിക്കാനാണ്‌ ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യ ഒരു കുടിയേറ്റ രാജ്യമാണെന്നു നമുക്കറിയാം. ആര്യന്മാര്‍ തങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയ ദ്രാവിഡരുടെമേല്‍ ആധിപത്യം സ്ഥാപിച്ചു എന്നതാണ് ഇന്ത്യയുടെ ചരിത്രം. ഇവര്‍ കെട്ടിപ്പടുത്ത സംസ്കാരമാണ് ഇന്ത്യയുടെ സംസ്കാരമായി അറിയപ്പെടുന്നത്. എന്നാല്‍, ആര്യ-ദ്രാവിഡ സംസ്കാരമെന്ന് ഇന്ത്യന്‍ സംസ്കാരത്തെ മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നു. ഇപ്പോള്‍ അതിനെ ആര്യസംസ്കാരത്തിന്റെ ആധിപത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഗോമാംസം ഭക്ഷിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന് ചില ശുംഭന്മാര്‍ ആക്രോശിക്കുന്നത് ഇതിന്റെ ഭാഗമായി കാണണം. സൂര്യനെ നമസ്ക്കരിക്കാന്‍ വിസമ്മതിക്കുന്നവര്‍ ഇന്ത്യയില്‍നിന്ന് പുറത്തുപോകുകയോ കടലില്‍ ചാടുകയോ ചെയ്യണമെന്ന് പറയുന്നത് ഇന്ത്യയിലെ ഒരു പാര്‍ലമെന്റ് മെമ്പറാണ്. ഇതാണോ ശ്രേഷ്ഠമെന്നു പറയപ്പെടുന്ന ഇന്ത്യയുടെ മതേതരത്വം?

സൂര്യനെ നമസ്കരിക്കുകയെന്നത് ക്രിസ്ത്യാനിക്കും യെഹൂദനും നിഷിദ്ധമാണ്. ഈ മതങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാത്തിടത്തോളം ഇന്ത്യയെ മതേതര രാഷ്ട്രമായി അംഗീകരിക്കാന്‍ സ്വബോധമുള്ള ആര്‍ക്കും കഴിയില്ല. യെഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും പൊതുവായി നല്‍കപ്പെട്ടിട്ടുള്ള നിയമം ഇതാണ്: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19). യോഗ എന്നപേരില്‍ സൂര്യനമസ്ക്കാരം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് മതേതരത്വമായി കണക്കാക്കാന്‍ സാധിക്കില്ല. സൂര്യനെ നമസ്ക്കരിക്കാന്‍ അനുവാദമില്ലാത്ത മതങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇനി വരാനിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലെല്ലാം 'സൂര്യനമസ്കാരം' പാഠ്യവിഷയമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. തലയില്‍ കെട്ടിയേല്പിക്കുന്ന ഈ സംസ്കാരം ഒരു മതത്തിന്റെ മാത്രം വിശ്വാസപ്രമാണങ്ങളാണ്!

സര്‍ക്കാര്‍ വളര്‍ത്തുന്ന ദൈവങ്ങള്‍!

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പശു അവരുടെ ദൈവമാണ്! ഈ ദൈവത്തെ വളര്‍ത്താന്‍ സര്‍ക്കാരിന്റെ ഖജനാവില്‍നിന്നു പണം ചിലവഴിക്കുന്ന ശൈലിയാണ് ഇന്ത്യയില്‍ നാം കണ്ടുവരുന്നത്. ഹിന്ദുക്കളുടെ ദൈവങ്ങളെ തീറ്റിപ്പോറ്റാന്‍ സകല ജനതകളെയും കൊള്ളയടിക്കുന്ന ഒരേയൊരു രാജ്യവും ഇന്ത്യതന്നെ! മാത്രവുമല്ല, ഈ പൈശാചിക ദേവന്മാരെ ആരാധിക്കാന്‍ തയ്യാറല്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയുന്ന ഏഭ്യന്മാര്‍ ഭരണം കയ്യാളുന്ന രാജ്യവും ഇന്ത്യ മാത്രമാണ്. മുന്നൂറ്റിമുക്കോടി ദേവഗണങ്ങളെക്കൂടാതെ, ഓരോ കാലങ്ങളിലും ഉദയംചെയ്യുന്ന ആള്‍ദൈവങ്ങളെയും തീറ്റിപ്പോറ്റാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്മാര്‍!

പശുക്കളെ ദൈവമായി അംഗീകരിക്കുന്നതുകൊണ്ട് ഇവറ്റകളെ കൊല്ലുകയോ ഭക്ഷിക്കുകയോ ചെയ്യാന്‍ പാടില്ല. ചാകാറായ ദൈവങ്ങളെ സംരക്ഷിക്കാനുള്ള ലായങ്ങള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ ചിലവിടുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. അതിനുവേണ്ടി ചിലവിടുന്ന പണം ഹൈന്ദവരുടെ മാത്രമല്ലെന്നതും നാം ചിന്തിക്കണം. ഇത്തരം വിഡ്ഢിത്തരങ്ങളെ അംഗീകരിക്കാത്ത മതവിഭാങ്ങളില്‍പ്പെട്ടവര്‍ നല്‍കുന്ന നികുതിപ്പണവും ഇതിനായി വിനിയോഗിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ ജീവിക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതിനെ എതിര്‍ക്കാനുള്ള സാഹചര്യം നിലവിലില്ല. കാരണം, ഓരോ വര്‍ഷവും അനേകായിരങ്ങളെ ഹജ്ജിന് അയയ്ക്കുമ്പോള്‍ ഇന്ത്യയുടെ ഖജനാവില്‍നിന്നാണ് ഇവര്‍ക്ക് 'സബ്സിഡി' ലഭ്യമാകുന്നത്! ആയതിനാല്‍ത്തന്നെ, ഹിന്ദുക്കള്‍ തങ്ങളുടെ ആചാരങ്ങളെ നിലനിര്‍ത്തുന്നതിനായി ചിലവഴിക്കുന്ന പണത്തെക്കുറിച്ച് മുസ്ലീങ്ങള്‍ ആകുലപ്പെടുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍, ക്രൈസ്തവരുടെ കാര്യം ഇതല്ല; ക്രിസ്ത്യാനികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഇന്ത്യയുടെ ഖജനാവില്‍നിന്ന് ഒരു ചില്ലിക്കാശുപോലും ചിലവഴിക്കുന്നില്ല. എന്നിരുന്നാലും, ക്രിസ്ത്യാനികളുടെ വിശ്വാസത്തിനു നിരക്കാത്തതായ ആചാരങ്ങളെ പരിരക്ഷിക്കുന്നതിനായി ഇവര്‍ കൊള്ളയടിക്കപ്പെടുന്നു. ഇതാണ് മതേതരത്വത്തിന്റെ പൊള്ളത്തരങ്ങളിലെ ഒരുവശം!

ക്രൈസ്തവരടക്കം ഇന്ത്യയിലെ മറ്റു മതക്കാരുടെയും നാസ്തികവാദികളുടെയും ചിലവില്‍ സംരക്ഷിക്കപ്പെടുന്ന അനേകം ദേവീ-ദേവന്മാര്‍ ഇവിടെയുണ്ട്. തിരുവനന്തപുരത്തെ പത്മനാഭന്റെ നിധി സൂക്ഷിക്കാന്‍ ചിലവിടുന്നത് കോടികളാണ്. ഇതിന്റെ ചെലവ് വഹിക്കുന്നത് പത്മനാഭന്റെ ഭക്തര്‍ മാത്രമല്ലെന്നതും നാം ചിന്തിക്കണം. ക്രൈസ്തവരും ഇസ്ലാമും അടങ്ങുന്ന മറ്റു വിശ്വാസികളും മതവിശ്വാസികളല്ലാത്ത നാസ്തികവാദികളും നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് പത്മനാഭന്റെ സ്വത്തു സംരക്ഷിക്കുന്നത്.

ഹിന്ദുക്കളുടെ അനേകം ദേവന്മാരില്‍ ഒരുവനാണ് സൂര്യന്‍! ഈ പ്രകൃതിശക്തിയെ സകലരുടെമേലും അടിച്ചേല്പിക്കാനുള്ള ശ്രമവും ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് സൂര്യനമസ്കാരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായി നാം മനസ്സിലാക്കണം. യോഗ എന്ന മഹാദുരന്തത്തിലൂടെ സൂര്യനെ ആഗോള ദൈവമാക്കാന്‍ ഇന്ത്യയിലെ ആള്‍ദൈവങ്ങള്‍ ഇന്നു ശ്രമിക്കുന്നു. യോഗയുടെ പ്രചാരണത്തിനായി ഇന്ത്യന്‍ ഖജനാവില്‍നിന്നു ചിലവഴിക്കുന്ന ഓരോ തുകയും ദൈവജനത്തിന്റേതുകൂടിയാണ്. ഹിന്ദുക്കള്‍ ആരാധിക്കുന്ന സൂര്യനെ ആരാധിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു പ്രഖ്യാപിക്കാന്‍ തക്കവിധം ഭരണാധികാരികളുടെ ധാര്‍ഷ്ട്യം ഉച്ചകോടിയിലായത് നാം വിസ്മരിക്കരുത്. ഇതിനെയാണോ നാം മതേതരത്വം എന്ന് വിളിക്കേണ്ടത്?

നിര്‍ബന്ധിത ഹൈന്ദവ വത്കരണം!

ഓരോ മതങ്ങള്‍ക്കും വ്യക്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതപരമായ നിയമങ്ങളുമുണ്ട്. ഇവ സ്വതന്ത്രമായി വച്ചുപുലര്‍ത്താനുള്ള അവകാശമാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മതത്തിന്റെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകള്‍ക്ക് വിരുദ്ധമായിരിക്കാം. എന്നാല്‍, താന്താങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെമേല്‍ നിര്‍ബ്ബന്ധിതമായി അടിച്ചേല്‍പ്പിക്കാതെതന്നെ സ്വതന്ത്രമായി തങ്ങളുടെ വിശ്വാസങ്ങളില്‍ ജീവിക്കാനുള്ള അവകാശമാണ് മതേതരത്വത്തില്‍ അനിവാര്യമായിരിക്കുന്ന ഘടകം. അതുപോലെതന്നെ, തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനുള്ള അവകാശവും മതേതരത്വം എന്ന ആശയത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരുവന്‍ വച്ചുപുലര്‍ത്തിയ വിശ്വാസങ്ങള്‍ ഉപേക്ഷിക്കുവാനും പുതിയ വിശ്വാസങ്ങളെ സ്വീകരിക്കുവാനുമുള്ള അവകാശം നല്‍കുന്നതും മതേതരത്വത്തിന്റെ സവിശേഷതയാണ്. ഇത്തരം അവകാശങ്ങളുടെമേല്‍ കടന്നുകയറ്റം നടത്തുന്നത് മനുഷ്യാവകാശ ധ്വംസനത്തിന്റെ പരിധിയില്‍ വരും.

ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. രാഷ്ട്രീയമോ മതപരമോ ആയ അഭിപ്രായങ്ങള്‍ ആരുടെമേലും അടിച്ചേല്‍പിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍, ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി അതല്ല; സാംസ്കാരികതയുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ആചാരങ്ങള്‍ സകലരുടെമേലും കെട്ടിവയ്ക്കുന്നു. സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭരണപരിഷ്കാരം ഇതിന്റെ ഭാഗമാണ്. യോഗാചാര്യന്മാരായ ആള്‍ദൈവങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കടന്നുകൂടിയതോടെ, ഇവരുടെ ഇംഗിതമനുസരിച്ച് നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള തത്രപ്പാടിലാണ് നരേന്ദ്രമോഡി എന്ന ഭരണാധികാരി! ഗോവധ നിരോധനവും നിര്‍ബ്ബന്ധിത യോഗാപരിശീലനവും മാത്രമല്ല ഇവരുടെ അജണ്ടയിലുള്ളത്; ഹിന്ദുമതത്തില്‍ വിശ്വസിക്കാന്‍ സാധിക്കാത്തവര്‍ ഇന്ത്യ വിടണം എന്ന നിയമം നിര്‍മ്മിക്കുന്നതിനുള്ള നിഗൂഢ നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്! സൂര്യനെ നമസ്ക്കരിക്കാത്തവര്‍ ഇന്ത്യവിടുകയോ കടലില്‍ ചാടുകയോ ചെയ്യുനമെന്നു വിളിച്ചുകൂകിയത് ഒരു സാധാരണ ആള്‍ദൈവം മാത്രമല്ല; മറിച്ച്, ഇന്ത്യയുടെ നിയമനിര്‍മ്മാണത്തെ സ്വാധീനിക്കാന്‍ കഴിവുള്ള പാര്‍ലമെന്റ് അംഗമാണ്!

ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം സൂര്യനെ നമസ്ക്കരിക്കുകയെന്നത് മരണാര്‍ഹമായ പാപമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ക്രിസ്ത്യാനിയുടെ മക്കളെ യോഗാപരിശീനത്തിന് അയയ്ക്കാന്‍ കഴിയുന്നത്? ഹിന്ദുക്കള്‍ക്ക് സൂര്യന്‍ ദൈവമാണെങ്കില്‍, ക്രിസ്ത്യാനികള്‍ക്ക് അത് ഒരു ഊര്‍ജ്ജസ്രോതസ് മാത്രമാണ്! ക്രിസ്ത്യാനി ആരാധിക്കുന്നത് സൂര്യനെയും ചന്ദ്രനേയും ഈ പ്രപഞ്ചത്തെ മുഴുവനെയും സൃഷ്ടിച്ച ദൈവത്തിലാണ്. സൃഷ്ടിയെ ആരാധിക്കുന്നതിലൂടെ സൃഷ്ടാവിനെ മഹത്വപ്പെടുത്തുകയല്ല ചെയ്യുന്നത്; അവിടുത്തെ പ്രകോപിപ്പിക്കുകയാണ്! ഇതാ, അവിടുത്തെ താക്കീത് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്റെ കീഴിലുള്ള എല്ലാ ജനതകള്‍ക്കും വേണ്ടി നിങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്നവയാണ്"(നിയമം: 4; 19). നമുക്ക് ദൈവം നല്‍കിയിരിക്കുന്ന വസ്തുക്കളെയും അവസ്ഥകളെയും ആരാധനയുടെ തലങ്ങളിലേക്ക് ഉയര്‍ത്തരുതെന്ന ശക്തമായ താക്കീതാണ് ഈ നിയമത്തില്‍ ഉള്ളത്. ഇതിനെ അവഗണിച്ചുകൊണ്ട് ക്രിസ്ത്യാനിക്ക് മുന്നോട്ടുപോകാന്‍ ആകുമോ?

ദൈവത്തിന്റെ ജനം ഇത്തരം തിന്മകളില്‍ വ്യാപൃതരായപ്പോള്‍ അവിടുത്തെ വേദന എത്രത്തോളം ഉയര്‍ന്നുവെന്ന് മറ്റൊരു വചനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ആ വചനം നോക്കുക: "ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല"(യെസെക്കി: 8; 16-18). ദൈവത്തിന്റെ ക്രോധത്തിനു പാത്രമാകുന്നവിധം ഗുരുതരമായ പാപമാണ് ഇതെന്നു വ്യക്തമാക്കിയിരിക്കെ, കത്തോലിക്കാസഭയുടെ വൈദീക പരിശീലനകേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് യോഗ പരിശീലിപ്പിക്കുന്നത്? കത്തോലിക്കാസഭയുടെ സ്കൂളുകളില്‍ യോഗാഭ്യാസത്തിനു നിര്‍ബന്ധിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക; ഇത് കത്തോലിക്കാസഭ വിലക്കിയിട്ടുള്ളതാണ്.

ഇന്ത്യന്‍ സംസ്ക്കാരത്തോടു മുഖം തിരിക്കരുതെന്ന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രചാരണം നടത്തുമ്പോള്‍ സഭാംഗങ്ങള്‍ എന്ത് തീരുമാനമെടുക്കണം എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കുവേണ്ടി സ്വപുത്രനെ ബലിയായി നല്‍കിയത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയല്ല! ആലഞ്ചേരിയുടെ നിയമങ്ങളെ അനുധാവനം ചെയ്യാനല്ല രക്ഷകനായ യേഹ്ശുവാ നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്! അപ്പസ്തോലന്മാര്‍ നമുക്ക് കാണിച്ചുതന്നത് ആലഞ്ചേരിയുടെ വാക്കുകള്‍ ശ്രവിക്കാനല്ല! ദൈവവചനത്തിനു വിരുദ്ധമായ ആഹ്വാനമുണ്ടായപ്പോള്‍ അന്നത്തെ പുരോഹിതന്മാരോട് വിശുദ്ധ കേപ്പാ പറഞ്ഞത് ഇപ്രകാരമായിരുന്നു: "കേപ്പായും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍: 5; 29). ആലഞ്ചേരി രക്ഷയായി കരുതുന്നത് കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന രുദ്രാക്ഷത്തിലായിരിക്കാം. എന്നാല്‍, മനുഷ്യരുടെ രക്ഷ യേഹ്ശുവായില്‍ മാത്രമാണ്! ദൈവപുത്രനെക്കാള്‍ അധികമായി മനുഷ്യരുടെ വാക്കുകള്‍ക്കും നിയമങ്ങള്‍ക്കും വിലകൊടുക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും.

 ഇന്ത്യയിലെ അഭിനവ ഭരണകൂടങ്ങള്‍ കൗശലത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന അജണ്ടകളുടെ കാര്യവിചാരിപ്പുകാരായി കത്തോലിക്കാസഭയുടെ മേലാളന്മാര്‍ നിലകൊള്ളുമ്പോള്‍ ദൈവജനം ഉണര്‍ന്നു ചിന്തിക്കേണ്ടത് അനിവാര്യമാണ്! 'ആര്‍ഷഭാരതസംസ്കാരം' എന്ന് കൂടെക്കൂടെ ജല്പിക്കുന ക്ളിമ്മീസും ഇയാള്‍ക്ക് ചൂട്ടുപിടിക്കുന്ന ആലഞ്ചേരിയും ലക്ഷ്യമിടുന്നത് വിശ്വാസികളുടെ രക്ഷയല്ല; മറിച്ച്, ഇവര്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ സുരക്ഷ മാത്രമാണ്. വിശ്വാസികളെ ഏതു ദുരന്തത്തിനു വിട്ടുകൊടുത്തിട്ടാണെങ്കിലും ഈ സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നു! ആലഞ്ചേരി ഈ അടുത്തനാളില്‍ നടത്തിയ പ്രഖ്യാപനത്തിലെ ദുരന്തവും നാം തിരിച്ചറിയാതെ പോകരുത്. ഹിന്ദുത്വത്തെ സകലരുടെമേലും അടിച്ചേല്പിക്കാന്‍ 'ഭരണകൂട മാഫിയ' നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ നിലകൊള്ളുന്നു!

കര്‍ദ്ദിനാള്‍ ആലഞ്ചേരി നടത്തിയ പ്രസ്താവന വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളോട് സഭ മുഖം തിരിക്കരുതെന്ന്‍ ഇദ്ദേഹം ഉപദേശിച്ചപ്പോള്‍ ക്രൈസ്തവരുടെ പൈതൃകം ഹൈന്ദവ പൈതൃകമാണോ എന്നുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. കത്തോലിക്കാസഭയിലെ ദൈവമക്കള്‍ വീണ്ടും ജനിക്കാത്തവരാണെന്ന ധാരണയിലാണോ ആലഞ്ചേരി ഇന്നും ആയിരിക്കുന്നത്? വീണ്ടു ജനിച്ച ഒരുവനെ സംബന്ധിച്ചിടത്തോളം ഭൗമീക പൈതൃകമല്ല അവനുള്ളത്. ജഡത്തില്‍നിന്നു ജനിച്ചവന്‍ ജഡമാണെങ്കില്‍, ആത്മാവില്‍ വീണ്ടും ജനിച്ചവന്‍ ഇന്ന് ജഡമല്ല! ജ്ഞാനസ്നാനത്തിലൂടെ ഒരു വ്യക്തിയില്‍ വരുന്ന പരിണാമത്തെക്കുറിച്ചു ധാരണയില്ലാത്ത ഒരുവന് എങ്ങനെയാണ് സഭാമക്കളെ നയിക്കാന്‍ കഴിയുന്നത്?! അതിനാല്‍ത്തന്നെ, ഭരണകൂടങ്ങളെക്കാള്‍ എന്തുകൊണ്ടും അപകടകാരികള്‍ സഭാധികാരികളാണ്. ജനത്തെ വഴിതെറ്റിക്കുന്ന ഇവരോളം നാശംവിതയ്ക്കാന്‍ മറ്റൊരു ശക്തിയ്ക്കും കഴിയില്ല! നിലവിളക്കിനെ ദൈവജനത്തിനുമേല്‍ കെട്ടിയേല്പിക്കാന്‍ ഇവര്‍ നടത്തുന്ന വാദങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവരെ നയിക്കുന്ന പൈശാചിക ആത്മാവിനെ തിരിച്ചറിയാന്‍ കഴിയും.

ഇസ്ലാംമതക്കാര്‍ നിലവിളക്ക് തെളിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന സാംസ്കാരിക സംവാദങ്ങള്‍ നാം കണ്ടിട്ടുണ്ട്. മതപരമായി തങ്ങള്‍ക്കു നിഷിദ്ധമായതിനെ അവര്‍ ഉപേക്ഷിക്കുന്നത് മതേതര രാജ്യത്തെ നിയമങ്ങള്‍ നല്‍കിയിട്ടുള്ള അവകാശങ്ങളില്‍ നിന്നുകൊണ്ടാണ്. ഇവര്‍ക്കെതിരേ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍, ഈ സാംസ്കാരിക ആശ്രീകരങ്ങളോടൊപ്പം ചില ക്രൈസ്തവ നാമധാരികളെയും കാണാം. ശിവലിംഗത്തെ ദൈവാലയത്തില്‍ പ്രതിഷ്ഠിക്കാന്‍പോലും മടിയില്ലാത്തവരായി ക്രിസ്ത്യാനികള്‍ അധഃപതിച്ചുവെങ്കില്‍, ഇവരെ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ കഴിയില്ല. യെഹൂദരുടെ പാരമ്പര്യവും ക്രിസ്തുവഴി പിതാവായ ദൈവത്തിന്റെ പൈതൃകവുമാണ് ക്രിസ്ത്യാനിക്കുള്ളത്. ഈ പാരമ്പര്യങ്ങളെയും പൈതൃകത്തെയും നിഷേധിച്ചുകൊണ്ട് ആര്‍ക്കും ക്രിസ്ത്യാനിയായി തുടരാന്‍ കഴിയില്ല. കാവിയും രുദ്രാക്ഷവും നിലവിളക്കും വെടിവഴിപാടും അടങ്ങുന്ന അധാര്‍മ്മികമായ അനുഷ്ടാനങ്ങളെ തോളിലേറ്റുകയും ക്രൈസ്തവരെന്ന് അഭിമാനിക്കുകയും ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? പൂണൂല് ഒഴികെയുള്ള മുഴുവന്‍ അനാചാരങ്ങളും നെറ്റിയില്‍ പതക്കമായി പതിപ്പിച്ചിരിക്കുന്നവരാണ് ഇന്ത്യയിലെ അപ്പസ്തോലിക സഭകള്‍! ഇന്ന് സംഘപരിവാര്‍ നടത്തുന്ന മുഴുവന്‍ നെറികേടുകള്‍ക്കും ഇരയാകുന്നത് ക്രൈസ്തവരാണെന്നു നമുക്കറിയാം. ശാരീരികമായി മാത്രമല്ല ആത്മീയമായും പീഡനമേല്ക്കുന്നവരാണ് ഇന്ത്യയിലെ ക്രൈസ്തവര്‍. ഈ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് സഭാധികാരികള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല.

സാംസ്കാരിക അനുരൂപണത്തിന്റെ പേരില്‍ വിജാതിയരെ കൊള്ളയടിച്ചു സ്വന്തമാക്കിയത് അവരുടെ പൈശാചിക ആചാരങ്ങളാണ്. ഇന്ന് സ്വന്തമായ ഒരു പൈതൃകംപോലും ഇല്ലാത്തവരായി ക്രൈസ്തവരെ അവഹേളനാപാത്രമാക്കിയത് ഇവരെ നയിച്ച കപടനാട്യക്കാരായ ആത്മീയ ആചാര്യന്മാരാണ് എന്നകാര്യത്തില്‍ സംശയമില്ല. ഈ വിഷയത്തില്‍ അനേകം സംവാദങ്ങളും വെളിപ്പെടുത്തലുകളും ഇതിനോടകം മനോവ പലവട്ടം നടത്തിയിട്ടുണ്ട്. ആയതിനാല്‍, ചുരുക്കത്തില്‍ ഇത്രത്തോളം പറഞ്ഞുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്. അപ്പസ്തോലിക സഭകള്‍ പിന്തുടരുന്ന നിസംഗതയും അതിനോട് ദൈവമായ യാഹ്‌വെ നല്‍കുന്ന താക്കീതും ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ഇതാണ് അത്: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും"(നിയമം: 29; 19, 20).

സൗദിഅറേബ്യ ഒഴികെയുള്ള മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളിലും അന്യമതക്കാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. അങ്ങനെയില്ലെങ്കില്‍പ്പോലും അതില്‍ പരിതപിക്കേണ്ട കാര്യമില്ല. കാരണം, ആ രാജ്യങ്ങളൊന്നും മതേതര രാജ്യങ്ങളാണെന്ന ഗീര്‍വ്വാണം ഉയര്‍ത്താറില്ല. എങ്കില്‍പ്പോലും, അവരുടെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ മറ്റുള്ളവരെ പരസ്യമായി നിര്‍ബ്ബന്ധിക്കുന്നില്ല. എന്നാല്‍, ഏറ്റവും വലിയ മതേതര രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയില്‍ എന്ത് മതസ്വാതന്ത്യമാണുള്ളത്? യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രൈസ്തവരാജ്യങ്ങള്‍ അല്ലെങ്കില്‍പ്പോലും, ക്രിസ്തീയരാജ്യങ്ങളായാണ് പൊതുവേ അംഗീകരിക്കപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ ജീവിക്കുന്ന ഏതെങ്കിലും ഹിന്ദുക്കളുടെ വായില്‍ പശുവിറച്ചി തള്ളിക്കയറ്റാറില്ല! എന്നാല്‍, ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പശുവിറച്ചി തിന്നുന്നവരും സൂര്യനെ നമസ്ക്കരിക്കാത്തവരും രാജ്യം വിടേണ്ട ഗതികേടിലാണ് ഇന്ത്യയിലെ അഹിന്ദുക്കള്‍!

ചേര്‍ത്തുവായിക്കാന്‍: ക്രിസ്ത്യാനിക്ക് സ്വന്തമായ സംസ്കാരമോ നിയമങ്ങളോ ഇന്നില്ല. അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ ഭോഷ്ക്കുകളാണ് അവരുടെ ആചാരങ്ങള്‍! നിയമങ്ങളും അങ്ങനെതന്നെ! അവശേഷിക്കുന്ന ഏക അടയാളമായ കുരിശിനെപ്പോലും ഹൈന്ദവവത്കരിച്ചു താമരയില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു! ഗണപതിക്ക് തേങ്ങാ ഉടച്ചുകൊണ്ട് ദൈവാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലവും വിദൂരത്തല്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7959 views

LOG IN

Lost your password?

SIGN UP

LOST PASSWORD