02 - 06 - 2018
പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു വിഷയങ്ങളാണ് ഈ ലേഖനത്തില്‍ നാം മുഖ്യമായും ചര്‍ച്ചചെയ്യുന്നത് എന്ന ആമുഖത്തോടെ ആരംഭിക്കുന്നു!
ക്രൈസ്തവ സമൂഹങ്ങളെ ഒന്നാകെ നാണംകെടുത്തുന്നതില്‍ മറ്റുചില സഭകളോടൊപ്പം 'പ്രൊട്ടസ്റ്റന്റ്' സഭകളും വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ആത്മീയതയുടെ പേരില്‍ അപഹാസ്യമായ കോമാളിവേഷങ്ങള്‍ കെട്ടിയാടുന്നതില്‍ ഇവര്‍ കുപ്രസിദ്ധരുമാണ്! 'വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട്' എന്ന ഇവരുടെ രീതികളെ ചോദ്യചെയ്യാനും നിയന്ത്രിക്കാനുമുള്ള നേതൃത്വം ഇല്ലാത്ത സമൂഹങ്ങളായതുകൊണ്ടാണ് 'പ്രൊട്ടസ്റ്റന്റ്' വിഭാഗങ്ങള്‍ ഇത്തരത്തില്‍ അധഃപതിച്ചത്. രണ്ടോമൂന്നോ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുത്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഭയുണ്ടാക്കി പാസ്റ്റര്‍മാരാകുകയും അതുവഴി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്തവര്‍ ഈ വിഭാഗങ്ങളിലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇവരില്‍ ജാതിസമ്പ്രദായം ഇല്ലെന്ന പൊതുധാരണയിലായിരുന്നു പലരും ഇതുവരെ! അതായത്, പൗരസ്ത്യ സുറിയാനി സഭകളുടെ മാത്രം പൈശാചികതയാണ് 'ജാതിവ്യവസ്ഥ' എന്ന ചിന്തയിലായിരുന്നു പൊതുസമൂഹം. എന്നാല്‍, ഈ ധാരണയ്ക്ക് അടിസ്ഥാനമില്ലെന്നു തെളിയിക്കുന്നതാണ് ആനുകാലിക സംഭവങ്ങള്‍!
വിജാതിയര്‍, സ്വജാതിയര്‍ എന്നിങ്ങനെ രണ്ടു ജാതിതിരുവുകള്‍ മാത്രമേ ക്രിസ്തീയതയിലുള്ളു. ക്രിസ്തുവിലൂടെ മാത്രം സംലഭ്യമാകുന്ന രക്ഷയെ പ്രാപിച്ചവരുടെ സമൂഹമാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സ്വജാതിയര്‍! മറിച്ച്, ക്രിസ്തുവിനെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയും അന്യദേവന്മാരുടെ സേവകാരായി തുടരുകയും ചെയ്യുന്നവരെ വിജാതിയരായി ക്രിസ്ത്യാനികള്‍ കണക്കാക്കുന്നു. ക്രിസ്തുവിനെ സ്വീകരിച്ചവരില്‍ത്തന്നെ, ആശയപരമായ ഭിന്നതകളുടെ അടിസ്ഥാനത്തില്‍ വിവിധ സഭകളായി വിഭജിക്കപ്പെട്ട അവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് ആഗോളതലത്തില്‍ ഉള്ള ഒരു പ്രതിഭാസമാണെന്നു നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട ചേരിതിരിവുകള്‍ ആഗോള ക്രൈസ്തവസഭകളിലില്ല. അതായത്, ഉന്നതരും താഴ്ന്നവരും എന്ന വേര്‍തിരിവ് ക്രിസ്തീയതയുമായി ബന്ധമുള്ള ഒന്നല്ല. ക്രിസ്തീയതയിലേക്ക് ഒരുവന്‍ കടന്നുവരുമ്പോള്‍ അവനു ലഭിക്കുന്ന പരിഗണന ഇതാണ്: "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു"(1 കോറി: 12; 13).
എന്നിരുന്നാലും, കേരളത്തിലെ ചില ക്രൈസ്തവ സമൂഹങ്ങള്‍ ഭാരതീയ സനാതനവും ആര്‍ഷഭാരത സംസ്ക്കാരവും ഉയര്‍ത്തിപ്പിടിച്ചു വിജാതിയരെപ്പോലെ ജീവിക്കുന്നുണ്ട്. ഹിന്ദുക്കളില്‍നിന്നു വലിയ വ്യത്യാസങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഇക്കൂട്ടരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു ഭീഷണിയായി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്! കേരളത്തിലെ ക്രൈസ്തവരുടെയിടയില്‍ ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ ഉടലെടുത്തത് സിറിയയില്‍നിന്നുള്ള സുറിയാനി അഭയാര്‍ത്ഥികളുടെ കടന്നുവരവോടെയാണ്. പിന്നീട് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ കേരളത്തിലെ ഹിന്ദുക്കളുടെയിടയില്‍ ജാതിവ്യവസ്ഥ കടന്നുവന്നപ്പോള്‍, സുറിയാനികളും അതിന്റെ ഭാഗമായി! ഇത് നിലനില്പിനുവേണ്ടിയുള്ള അനുകരണമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സവര്‍ണ്ണരുടെ പീഡനത്തില്‍നിന്നു സ്വയം രക്ഷിക്കാന്‍ സുറിയാനി ആചാര്യന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഈ 'കൂടുവിട്ടു കൂടുമാറ്റം'! തങ്ങള്‍ നമ്പൂരിമാരുടെ പിന്മുറക്കാരാണെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ഇവര്‍ക്കു സാധിച്ചു. കാരണം, വിവരമില്ലായ്മ ഒരു അലങ്കാരമായി ചുമന്നിരുന്നവരും, ഇപ്പോഴും അങ്ങനെതന്നെ തുടരുന്നവരുമായ സമൂഹമാണല്ലോ സനാതനക്കാര്‍!
സുറിയാനികള്‍ അന്ന് എടുത്തണിഞ്ഞ നമ്പൂരിക്കുപ്പായം ഇന്നും അഴിച്ചുമാറ്റിയിട്ടില്ല. 'നമ്പൂരി' പാരമ്പര്യത്തിന്റെ 'നട്ടാല്‍ക്കുരുക്കാത്ത' നുണയുമായി ഈ ആധുനിക കാലഘട്ടത്തില്‍പ്പോലും കോമാളികളാകാന്‍ ഇവര്‍ക്കു ലജ്ജയുമില്ല! 'നമ്പൂരിഫലിതം' മൂലം തങ്ങളുടെ മാര്‍ത്തോമാ പാരമ്പര്യം തള്ളിക്കളയേണ്ട അവസ്ഥപോലും ഈ സമൂഹം ഇന്ന് നേരിടുന്നുണ്ട്. എന്തെന്നാല്‍, അപ്പസ്തോലനായ തോമാ കേരളത്തില്‍ വരുന്ന കാലത്ത് (AD 52) ഹിന്ദുമതമോ ജാതിവ്യവസ്ഥയോ കേരളത്തില്‍ ഉടലെടുത്തിരുന്നില്ല. അതിനാല്‍ത്തന്നെ, ഏതെങ്കിലും ഒരു പാരമ്പര്യം സുറിയാനികള്‍ ഉപേക്ഷിക്കേണ്ടി വരും! ഒന്നുകില്‍ സുറിയാനികള്‍ നമ്പൂരിമാരില്‍നിന്നു മാര്‍ഗ്ഗംകൂടിയ ക്രിസ്ത്യാനികളാണെന്നു പറയുക; അല്ലെങ്കില്‍, തങ്ങള്‍ മാര്‍ത്തോമാ സ്നാനപ്പെടുത്തിയ ഇസ്രായേല്‍ വംശജരാണെന്നു സമ്മതിക്കുക. ഒരേസമയം മാര്‍ത്തോമാ പാരമ്പര്യവും നമ്പൂരിക്കുപ്പായവും ചേര്‍ന്നുപോകും എന്ന ചിന്ത വിഡ്ഢിത്തമാണെന്നു സാമാന്യബുദ്ധികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ചുള്ള ചര്‍ച്ച അവസാന ഭാഗത്തേക്ക് മാറ്റിവച്ചുകൊണ്ട് ആനുകാലികമായ ഒരു വിഷയം വിശകലനം ചെയ്യുകയാണ്.
കെവിന്‍ പി ജോസഫും മാധ്യമ സിന്‍ഡിക്കേറ്റും!
'ദുരഭിമാനക്കൊല' എന്നപേരില്‍ കേരളം ചര്‍ച്ചചെയ്ത വേദനാജനകമായ സംഭവമാണ് കെവിന്‍ പി ജോസഫ് എന്ന ഇരുപത്തിയാറുകാരന്റെ അരുംകൊല! ഇതിന്റെ പേരില്‍ കത്തോലിക്കാസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍, നവമാധ്യമങ്ങളിലൂടെ ക്രിസ്തീയ വിരുദ്ധരും സാമൂഹ്യ വിരുദ്ധരുമായ ചിലര്‍ പതിവുപോലെ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ മാധ്യമങ്ങളിലൂടെയെല്ലാം പ്രചരിപ്പിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന്‍ ക്രിസ്ത്യാനികളെങ്കിലും അറിഞ്ഞിരിക്കണം. കത്തോലിക്കാസഭയെ ആക്ഷേപിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളെയും ആവേശത്തോടെ ഏറ്റെടുക്കുന്നത് മാധ്യമങ്ങളുടെ സ്ഥിരം ശൈലിയാണ്. എന്നാല്‍, മറ്റു മതവിഭാഗങ്ങളിലെ ആചാര്യന്മാരോ വിശ്വാസികളോ പ്രതികളാകുന്ന കേസുകളില്‍ അവരുടെ മതത്തെ രഹസ്യമാക്കി വയ്ക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. ഭീകരവാദ മതങ്ങള്‍ക്കുപോലും ഈ ആനുകൂല്യം നല്‍കാന്‍ മാധ്യമങ്ങള്‍ ജാഗ്രതയോടെ ശ്രദ്ധിക്കുന്നു!
കെവിന്‍ പി ജോസഫ് എന്ന ചെറുപ്പക്കാരനെ, അവന്‍ വിവാഹം ചെയ്യാന്‍ തയ്യാറായ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് വാടകക്കൊലയാളികളെക്കൊണ്ട് ക്രൂരമായി വധിച്ചത് ഈ അടുത്ത നാളുകളിലാണ്. നീനു എന്ന പെണ്‍കുട്ടിയെ കെവിന്റെ ഭാര്യ എന്നനിലയില്‍ മാധ്യമങ്ങളെല്ലാം പരിചയപ്പെടുത്തുമ്പോള്‍, വ്യത്യസ്തമായി മനോവ പറയുന്നുവെങ്കില്‍ അതിനു വ്യക്തമായ കാരണമുണ്ട്. ഇന്ത്യയിലെ വിവാഹ നിയമങ്ങള്‍ മനോവയ്ക്കറിയാം. മറ്റു മാധ്യമങ്ങള്‍ക്കും ഈ നിയമം അറിയാമെന്നുതന്നെയാണ് മനോവ കരുതുന്നത്. ഇന്ത്യയിലെ 'സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്' പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്‌താല്‍, മുപ്പതു ദിവസത്തിനു ശേഷം മാത്രമേ ഈ വിവാഹത്തിന് സാധുത ലഭിക്കുകയുള്ളു. അതായത്, വിവാഹത്തിനുള്ള അപേക്ഷ മാത്രമാണ് ആദ്യം രജിസ്ട്രാര്‍ക്കു മുന്‍പില്‍ നടത്തുന്നത്. ഈ വിവരം ഇരുകക്ഷികളുടെയും പ്രദേശത്തെ രജിസ്റ്റര്‍ ഓഫീസിലെ നോട്ടിസ് ബോര്‍ഡില്‍ മുപ്പതു ദിവസം പ്രദര്‍ശിപ്പിക്കണം. അതിനുശേഷം, വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന വ്യതികള്‍ സാക്ഷികളോടൊപ്പം രജിസ്ട്രാറുടെ മുമ്പാകെ ഒപ്പുവയ്ക്കുമ്പോള്‍ വിവാഹം നിയമപരമാകും. എന്നാല്‍, അപേക്ഷ നല്‍കുന്നതിനെ രജിസ്ട്രേഷനായി തെറ്റിദ്ധരിച്ചിരിക്കുന്ന അനേകര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അജ്ഞത പുലര്‍ത്തുന്നത് ദൗര്‍ഭാഗ്യമാണ്.
മെയ് ഇരുപത്തിനാലിന് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയതിനുശേഷം നാലാമത്തെ ദിവസമാണ് കെവിന്റെ മൃതദേഹം ലഭിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ, വിവാഹം നടക്കുകയോ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ ചെയ്തിട്ടില്ല; മറിച്ച്, ഒരു രസീത് മാത്രമേ ഇവര്‍ക്കു ലഭിച്ചിട്ടുള്ളു. ഇവരുടെ വിവാഹത്തിനു നിയമപരമായ സാധുത കൈവരാത്തിടത്തോളം പ്രതിശ്രുതവധു, പ്രതിശ്രുതവരന്‍ എന്നിങ്ങനെ മാത്രമാണ് വിശേഷിപ്പിക്കേണ്ടത്. വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീപുരുഷന്മാരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാക്കുമെങ്കില്‍, കെവിനെയും നീനുവിനെയും ഭാര്യാഭര്‍ത്താക്കന്മാരായി പരിഗണിക്കാം. മുപ്പതു ദിവസം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷമുള്ള രജിസ്ട്രേഷന്‍ നടക്കാത്തതുകൊണ്ടും, ഇനി നടക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടും കെവിന്റെ വിധവ എന്ന പദവിക്കുപോലും നിയമസാധുതയില്ല!
കെവിന്‍ പി ജോസഫിന്റെ മരണത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ കാണിച്ച ജാഗ്രതയെ ശ്ലാഘിക്കുന്നതോടൊപ്പം, അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ വരുത്തിയ പിഴവുകളെ ചൂണ്ടിക്കാണിക്കാതിരിക്കാനും മനോവയ്ക്കു കഴിയില്ല. സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമ ധര്‍മ്മം ബലികഴിക്കുന്ന പത്രപ്രവര്‍ത്തകര്‍ എല്ലായിടത്തുമുണ്ട്. കേരളത്തിലും ഈ 'സിന്‍ഡിക്കേറ്റ്' സജ്ജീവമാണെന്നു നമുക്കറിയാം. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ മായംചേര്‍ക്കുകയോ ചെയ്യുന്ന മാധ്യമങ്ങളെ സാമൂഹ്യ ദുരന്തങ്ങളായി കണക്കാക്കണം. ഇപ്പോള്‍ നാം ചര്‍ച്ചചെയ്യുന്ന വിഷയത്തിലും അതീവ ഗുരുതരമായ ചില നീക്കങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‍ ഉണ്ടായിട്ടുണ്ട്. കെവിന്‍ ജോസഫിനെ ദളിതനാക്കി അവതരിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ആവേശം കാണുമ്പോള്‍, ആര്‍ക്കൊക്കെയോ വേണ്ടി നടത്തുന്ന കുഴലൂത്തായി ഇതിനെ കണ്ടാലും അതിനെ കുറ്റംപറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു.
മുഖ്യാധാരാ മാധ്യമങ്ങളില്‍ നാം കണ്ടതും കേട്ടതും സത്യമായിരുന്നോ? റോമന്‍ കത്തോലിക്കാസഭയില്‍ അംഗമായ പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിനെ വധിച്ചുവെന്നാണ് ഏഷ്യാനെറ്റില്‍ കണ്ടത്. കത്തോലിക്കാസഭയെ അടിക്കാനുള്ള വടി അന്വേഷിച്ചു നടക്കുന്ന കുപ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിന് ആഘോഷിക്കാന്‍ വീണുകിട്ടിയ അവസരമായി ഈ സംഭവത്തെ അയാള്‍ ഉപയോഗിച്ചു. മറ്റു മാധ്യമങ്ങളും ഇതുതന്നെ ആഘോഷമാക്കി! സീറോമലബാര്‍ സഭയുടെ ദുരഭിമാനക്കൊലയാണ് എന്ന തരത്തില്‍പ്പോലും വിനു വി ജോണ്‍ ഈ അരുംകൊലയെക്കുറിച്ചു ജല്പനം നടത്തി. എന്നാല്‍, യാഥാര്‍ത്ഥ്യം എന്തായിരുന്നു? ഹൈന്ദവരിലെ പിന്നോക്ക വിഭാഗത്തില്‍നിന്ന് റോമന്‍ കത്തോലിക്കാസഭയുടെ മാതൃറീത്തായ ലാറ്റിന്‍ സമൂഹത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബമാണ് കെവിന്‍ പി ജോസാഫിന്റേത്. ക്രൈസ്തവ സമൂഹത്തിലേക്കു കടന്നുവന്നതോടെ ജാതിപരമായ പിന്നോക്കാവസ്ഥയില്‍നിന്നു രാജകീയപുരോഹിത ഗണത്തില്‍ ആ കുടുംബം അംഗമായി! ഇതാണ് ഈ കുടുംബത്തിന്റെ വര്‍ത്തമാനകാല അവസ്ഥ! ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ആനുകൂല്യമനുസരിച്ച് ലത്തീന്‍ സമൂഹത്തിനു സാമൂഹ്യപരമായി OBC പരിഗണനയുണ്ട്. ഇസ്ലാംമതത്തിനും ഈ പരിഗണന ലഭിക്കുന്ന കാര്യം നമുക്കറിയാം.
ഇനി നീനുവിന്റെ കുടുംബത്തെക്കുറിച്ച് പരിശോധിക്കാം. റോമന്‍ കത്തോലിക്കാസഭയിലെ സീറോമലബാര്‍ റീത്തില്‍പ്പെട്ട കുടുംബമാണ് നീനുവിന്റേതെന്നു 'വേശ്യാനെറ്റ്' വിനു കണ്ടുപിടിച്ചു കഴിഞ്ഞു. ഇവനാണല്ലോ കേരളത്തിലെ പൗരന്മാര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തഹസില്‍ദാര്‍! പുനലൂരിലുള്ള 'സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത്' സമൂഹത്തില്‍ അംഗങ്ങളായ ചാക്കോയുടെ കുടുംബത്തെ കത്തോലിക്കാ സഭയുടെ തലയില്‍ വച്ചുകെട്ടാന്‍ വിനു കാട്ടിയ തിടുക്കം അല്പം കടന്നുപോയി! വിനുവിനെപ്പോലെയുള്ള മാധ്യമ നപുംസകങ്ങളുടെ ലക്‌ഷ്യം എന്താണെന്നു മനസ്സിലാക്കാന്‍ മനോവയ്ക്കു സാധിക്കും. എന്നാല്‍, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, സഭാചാര്യന്മാരുടെ ഭാഗത്തുനിന്നുള്ള ദുരൂഹമായ മൗനത്തെയാണ് മനോവ ഭയത്തോടെ വീക്ഷിക്കുന്നത്! കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ സീറോമലബാര്‍ സഭയുടെ വക്താവായിരുന്ന പോള്‍ തേലക്കാട്ട് എന്ന വൈദീകനുമുണ്ടായിരുന്നു. നീനുവിന്റെ കുടുംബം സീറോമലബാര്‍ സഭയിലെ അംഗങ്ങളാണെന്ന് ചാനല്‍ അവതാരകനായ നികേഷ് കുമാര്‍ പറഞ്ഞപ്പോള്‍, അതിനെ എതിര്‍ക്കാന്‍ തേലക്കാട്ട് തയ്യാറായില്ല. ആ പെണ്‍കുട്ടിയുടെ കുടുംബം സീറോമലബാര്‍ സഭയുടെ ഭാഗമല്ല എന്നകാര്യം അറിയാന്‍ തെലെക്കാടനു സംവീധാനങ്ങളൊന്നും ഇല്ലേ? സഭയുടെ ഔദ്യോഗിക വക്താവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് സത്യം അറിയാന്‍ ഒരു നിമിഷം മതി.
വസ്തുതാ വിരുദ്ധമായ വാര്‍ത്തകളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കാന്‍ ആചാര്യന്മാര്‍ക്കു സമയമില്ല. സഭയ്ക്കു കളങ്കം വരുത്തുന്ന നീക്കങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താനും ഇവരെ കിട്ടില്ല. എന്നാല്‍, സഭയുടെ ഭൗതിക സമ്പത്തിനുമേല്‍ ആരെങ്കിലും കടന്നുകയറിയാല്‍ ഇവരുടെ തനിനിറം സകലരും കാണും! ഇതാണ് സഭാചാര്യന്മാര്‍ക്ക് സഭയുമായുള്ള ബന്ധം! സഭാചാര്യന്മാരില്‍നിന്നു സഭാവിരുദ്ധവും ക്രൈസ്തവ വിരുദ്ധവുമായ നിലപാടുകള്‍ കാണുമ്പോള്‍ മനോവ എതിര്‍ക്കാറുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ക്കെതിരേ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും മനോവയെ സഭാവിരുദ്ധ പക്ഷത്തു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ആചാര്യന്മാരും കപട വിശ്വാസികളും തങ്ങളുടെ സഭാസ്നേഹം പ്രകടിപ്പിക്കുന്നത്. സഭയെ നശിപ്പിക്കുന്ന ചെയ്തികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നത് സഭയോടുള്ള അതിരറ്റ സ്നേഹംകൊണ്ടാണെന്നു തിരിച്ചറിയണമെങ്കില്‍, സഭ എന്താണെന്നു തിരിച്ചറിയാന്‍ സാധിക്കുന്നവിധം പരിശുദ്ധാത്മാവില്‍ നിറയണം. പരിശുദ്ധാത്മാവ് എന്താണെന്നുപോലും അറിയാത്തവര്‍ മനോവയെ ആക്ഷേപിക്കുമ്പോള്‍, ആ ആക്ഷേപങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ മനോവയ്ക്കു സാധിക്കും.
ഫാദര്‍ ജയിംസ് കൊക്കാവയലില്‍ വികാരിയായിരിക്കുന്ന തിരുഹൃദയ പള്ളി ഇടവകയുടെ പരിധിയിലാണ് നീനുവിന്റെ വീട്. സീറോമലബാര്‍ സഭയുടെ കീഴിലുള്ള ഈ ഇടവകയിലെ അംഗങ്ങളല്ല ചാക്കോയും കുടുംബവും എന്നു സാക്ഷ്യപ്പെടുത്തുന്നത് പള്ളിവികാരി തന്നെയാണ്. ഈ വൈദീകനെ വിളിക്കാനും അന്വേഷിക്കാനുമുള്ള താത്പര്യം സഭാചാര്യന്മാര്‍ക്ക് ഇല്ലെന്നതാണ് വസ്തുത! ക്രിസ്തുവിനെയോ കത്തോലിക്കാസഭയെയോ അല്ല ഇവരൊക്കെ സ്നേഹിക്കുന്നത്; മറിച്ച്, സഭയിലെ ആചാര്യന്മാരെയും സഭയുടെ ഭൗതിക സൗകര്യങ്ങളെയുമാണ്! സീറോമലബാര്‍ സഭയുടെ വക്താക്കള്‍ക്കും വിശ്വാസ സംരക്ഷണ സമിതികള്‍ക്കും മനോവയ്ക്കെതിരേ സഭാവിരുദ്ധത ആരോപിക്കുന്നവര്‍ക്കും വേദനിക്കുന്നില്ലെങ്കിലും, സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശത്രുക്കള്‍ കോപ്പുകൂട്ടുന്നതു കാണുമ്പോള്‍ നെഞ്ചുപോട്ടുന്ന യഥാര്‍ത്ഥ സഭാസ്നേഹികളുടെ പക്ഷത്താണ് മനോവ. അതിനാല്‍ത്തന്നെ, ആക്ഷേപങ്ങള്‍ക്കു മുന്‍പില്‍ മൗനികളായി നിലകൊണ്ട സീറോമലബാര്‍ ആചാര്യന്മാര്‍ നിവര്‍ത്തിക്കേണ്ടിയിരുന്ന ഉത്തരവാദിത്വം മനോവ ഏറ്റെടുക്കുകയാണ്. ആരാണ് ചാക്കോ ജോണ്‍ എന്നും അയാളുടെ ആത്മീയവും സാമൂഹികവുമായ മാഹാത്മ്യം എന്താണെന്നും മനോവ പറഞ്ഞുതരാം!
ആത്മാഭിമാനം ഇല്ലാത്തവരുടെ ദുരഭിമാനം!
കെവിന്‍ ജോസഫിന്റെ മരണം ഒരു ദുരഭിമാനക്കൊല ആയിരുന്നുവെന്നാണ് മാധ്യമഭാഷ്യം! സാമ്പത്തികമായ അന്തരമാണ് കൊലപാതകത്തിലേക്കു നയിച്ച കാരണമെന്നു മറ്റുചിലര്‍ പറയുന്നു. സീനുവിന്റെ മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ കാര്യത്തില്‍ ഈ ഇരുകാരണങ്ങളും നിലനില്‍ക്കുന്നതല്ല എന്നതാണു വാസ്തവം! ആത്മാഭിമാനത്തിന്റെ കാര്യത്തിലോ സാമ്പത്തിക ഭദ്രതയുടെ കാര്യത്തിലോ തങ്ങളുടെ മകള്‍ക്കു യോജിച്ച പങ്കാളിയല്ല കെവിന്‍ എന്നുപറയാന്‍ ചാക്കോ-രഹ്‌ന ദമ്പതികള്‍ക്ക് ധാര്‍മ്മികമായ അവകാശമില്ല. എന്നാല്‍, തങ്ങള്‍ വളര്‍ത്തി വലുതാക്കിയ തങ്ങളുടെ മകള്‍ക്ക് യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇവര്‍ക്കുണ്ട്. ഇവിടെ ഈ മാതാപിതാക്കളോടൊപ്പം മറ്റു മാതാപിതാക്കളും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍പ്പെടുത്തട്ടെ!
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ നിലവിലുണ്ട്. അന്യമതത്തില്‍പ്പെട്ട വ്യക്തികളുമായുള്ള വിവാഹം വിലക്കിക്കൊണ്ടുള്ള നിയമമാണത്. ഈ വചനം ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ഈ നിയമം നല്കപ്പെടാനുള്ള കാരണവും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എക്കാലത്തേക്കുമുള്ള ഈ നിയമം നിലനില്‍ക്കുന്നതിനാല്‍, യാതൊരു കാരണവശാലും വിജാതിയരുമായുള്ള ബന്ധം അനുവദിച്ചിട്ടില്ല. പൈശാചിക ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ചില ആചാര്യന്മാര്‍ കത്തോലിക്കാസഭയില്‍ കടന്നുകൂടിയതിന്റെ പരിണിതഫലമായി, വിജാതിയരുമായുള്ള വിവാഹം ചില ഉപാധികളോടെ നടത്തിക്കൊടുക്കാറുണ്ട്. ഇതിനെ 'കൂട്ടിക്കൊടുപ്പ്' എന്ന് നാടന്‍ഭാഷയില്‍ പറയും!
നിലനില്‍ക്കുന്ന വചനങ്ങളില്‍ ഉപാധികളോടെ തിരുത്തല്‍ വരുത്താന്‍ ഒരു മനുഷ്യനെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാല്‍, ക്രൈസ്തവ ദമ്പതികള്‍ക്കു ജനിക്കുന്ന മക്കളെ വ്യക്തമായ മതബോധനം നല്‍കി വളര്‍ത്താനുള്ള ഉത്തരവാദിത്വമുണ്ട്. വ്യക്തമായ ബോധ്യം നല്‍കി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ട മാതാപിതാക്കള്‍ വിലപിക്കേണ്ടിവരും എന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. സഭയുടെ കാര്യത്തിലാണെങ്കിലും ഇത് അന്വര്‍ത്ഥമാണെന്നു നാം മനസ്സിലാക്കണം. ഉദാഹരണത്തിന്: കത്തോലിക്കാസഭയില്‍ അംഗങ്ങളായ മാതാപിതാക്കളുടെ മക്കളെ തങ്ങളുടെ സഭയിലെ വിശാസങ്ങള്‍ അനുസരിച്ചു നിലനിര്‍ത്തണമെങ്കില്‍, കുട്ടിക്കാലം മുതല്‍ ഈ അവബോധം അവരില്‍ ജനിപ്പിക്കാന്‍ തയ്യാറാകണം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത അവരെ പഠിപ്പിക്കണം. ഏതൊരു സഭയിലെയും അംഗങ്ങളും പുലര്‍ത്തേണ്ട ജാഗ്രതയെ സംബന്ധിച്ചാണ് മനോവ ഇതു പറയുന്നത്. തങ്ങളുടെ വിശ്വാസങ്ങള്‍ പൂര്‍ണ്ണതയോടെ പകര്‍ന്നുകൊടുത്തുകൊണ്ട് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് ഭാവിയില്‍ മക്കളെപ്രതി വിലപിക്കേണ്ടി വരില്ല!
ആത്മീയ ഉപദേശങ്ങള്‍ നല്‍കി മക്കളെ വളര്‍ത്താന്‍ തയ്യാറാകാതെ, ലോകത്തിന്റെ വ്യക്തിത്വങ്ങളായി അവരെ വാര്‍ത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് ഭാവിയില്‍ അവരുടെ തിരഞ്ഞെടുപ്പുകളെ ചോദ്യംചെയ്യാന്‍ അവകാശമില്ല. വിശ്വാസത്തിന്റെ പ്രാധാന്യമോ ആത്മരക്ഷയുടെ അനിവാര്യതയോ അറിയാത്തവരായി മക്കളെ വാര്‍ത്തെടുത്ത മാതാപിതാക്കള്‍ക്ക് തങ്ങളുടെ പ്രായപൂര്‍ത്തിയായ മക്കളെ ശാസിക്കാന്‍ എന്തവകാശമാണുള്ളത്?! ചാക്കോ-രഹ്‌ന ദമ്പതികള്‍ക്ക് തങ്ങളുടെ മകളെ ആത്മീയതലത്തിലോ സാമൂഹികമായ തലത്തിലോ ചോദ്യംചെയ്യാനുള്ള ധാര്‍മ്മിക അവകാശം ഇല്ലെന്നു മാത്രമല്ല, നിയന്ത്രിക്കാനുള്ള അവകാശംപോലും ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത് വെറുമൊരു ആരോപണമല്ല. ഉത്തരവാദിത്വത്തോടെ മനോവ ഇക്കാര്യം തെളിയിക്കാം.
നീനു തന്റെ മാതാപിതാക്കളുടെ ആത്മീയത പിന്തുടര്‍ന്നാല്‍, കൂടിവിട്ടു കൂടുമാറി അനേകം ഇടങ്ങളിലൂടെ അലയേണ്ടിവരും. എന്തെന്നാല്‍, ആത്മീയതയില്‍ സ്ഥിരതയില്ലാത്ത വ്യക്തികളാണ് നീനുവിന്റെ മാതാപിതാക്കളും സഹോദരനും! മാത്രവുമല്ല, ഇവളുടെ മാതാപിതാക്കളും സഹോദരനും പ്രേമിച്ചാണ് വിവാഹം ചെയ്തതെന്ന വസ്തുതയും നിലനില്‍ക്കുന്നു. കാത്തോലിക്കാസഭയിലെ (സീറോമലബാര്‍) ഒരു നാമമാത്ര ക്രിസ്ത്യാനിയായിരുന്ന ചാക്കോ വിവാഹം ചെയ്തത് രഹ്‌ന എന്ന മുസ്ലിം യുവതിയെയാണ്. ഇവള്‍ ഇസ്ലാമായും ചാക്കോ നാമമാത്ര ക്രിസ്ത്യാനിയായും ജീവിച്ചു. അതായത്, ദൈവത്തിന്റെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് അവിഹിതവേഴ്ചയില്‍ തുടര്‍ന്നു. ഈ വേഴ്ചയിലൂടെ ജനിച്ച രണ്ടു മക്കളെ എത്രത്തോളം ധാര്‍മ്മികതയിലും ആത്മീയതയിലും വളര്‍ത്താന്‍ സാധിക്കും എന്നകാര്യം നമുക്ക് ഊഹിക്കാവുന്നതെയുള്ളു.
രണ്ടു കുടുംബക്കാരുടെയും എതിര്‍പ്പുകളെ അവഗണിച്ചാണ് ചാക്കോയും രഹ്‌നയും വിവാഹിതരായത്. ചാക്കോയുടെ അന്നത്തെ സാമ്പത്തിക സ്ഥിതി 'ഉടുതുണിക്ക് മറുതുണിയില്ലാത്ത' അവസ്ഥയായിരുന്നു. പിന്നീട് രഹ്‌നയെ ഗള്‍ഫില്‍ അയച്ചുകൊണ്ട് സാമ്പത്തിക നിലവാരം അവര്‍ ഉയര്‍ത്തി. തുടര്‍ന്ന്‍ ചാക്കോയും ഗള്‍ഫില്‍ ജോലിതേടി പോയി. കുവൈറ്റില്‍ വച്ചാണ് ഇരുവരും സ്നാനപ്പെട്ട് പെന്തക്കോസ്തു സമൂഹത്തില്‍ ചേക്കേറിയത്. ഇതിനിടയില്‍ മൂത്തമകന്‍ ഷാനു വിവാഹിതനായി. KC തോമസ് എന്ന വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള സഭയില്‍ അംഗമായ പെണ്‍കുട്ടിയെ ഷാനു ചാക്കോ വിവാഹം ചെയ്തത് പ്രണയത്തിലൂടെയാണ്. വിവാഹനിശ്ചയം നടന്നത് KC തോമസിന്റെ സ്വകാര്യസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചു നടത്തി. എന്നാല്‍, വിവാഹം നടന്നത് 'സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത്' സമൂഹത്തിന്റെ നേതൃത്വത്തില്‍ പുനലൂരിലായിരുന്നു. ചാക്കോ-രഹ്‌ന ദമ്പതികളുടെ കുടുംബം ഇപ്പോള്‍ ആയിരിക്കുന്ന സഭയെ തിരഞ്ഞെടുക്കാനുള്ള കാരണവും രസകരമാണ്. മകന്റെ ഭാര്യയുടെ കുടുംബം ആഭരണങ്ങള്‍ ധരിക്കാത്ത സഭയിലാണ്. എന്നാല്‍, രഹ്‌നയ്ക്ക് ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ താത്പര്യമില്ലാത്തതുകൊണ്ട്, തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സഭ തിരഞ്ഞെടുത്തു. ഇവരുടെയൊക്കെ ആത്മീയത രൂപപ്പെട്ടത് എപ്രകാരമാണെന്നു മനസ്സിലായില്ലേ!
ഷാനു ചാക്കോയുടെ ഭാര്യ അധികകാലം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാതെ, തിരുവനന്തപുരത്തെ സ്വഭവനത്തിലേക്കു മടങ്ങി. ചാക്കോയെയും രഹ്‌നയെയും അനുകരിച്ച് ആത്മീയത കെട്ടിപ്പടുക്കാന്‍ നീനു തയ്യാറായാല്‍ എന്തായിരിക്കും അവസ്ഥ! ആത്മീയതയുടെ പേരില്‍ സ്വകാര്യസഭകള്‍ സ്ഥാപിക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്ഥിരതയുള്ള ആത്മീയബോധ്യങ്ങള്‍ ഉണ്ടാകില്ല. 'രക്ഷിക്കപ്പെട്ടവര്‍' എന്നുപറഞ്ഞ് തങ്ങളെത്തന്നെ അനുഗ്രഹിക്കുന്ന ഇവര്‍ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍പോലും മടിയില്ലാത്തവരാണെന്ന് ഇവര്‍തന്നെ സ്ഥിരീകരിച്ചു!
കെവിന്‍ പി ജോസഫ് എന്ന യുവാവിനെ സംബന്ധിച്ചിടത്തോളം അവന്‍ ഒരു വിജാതിയനല്ല. മാത്രവുമല്ല, ക്രൈസ്തവ സഭകളില്‍ വച്ച് ഏറ്റവും ആധികാരികതയുള്ള സഭയിലെ അംഗവുമാണ്! നീനു എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആത്മീയതയെക്കാള്‍ അനേകം മടങ്ങ് ഉയരത്തിലാണ് കെവിന്റെ മാതാപിതാക്കളുടെ ആത്മീയതലം! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ആത്മാഭിമാനം എന്തെന്നുപോലും അറിയാത്തവരുടെ ദുരഭിമാനം മാത്രമാണ് കെവിനെ കൊല്ലാന്‍ ഇവരെ പ്രേരിപ്പിച്ചത്. കെവിന്‍ ജോസഫിന്റെ സാമ്പത്തിക ഭദ്രതയാണ് ചാക്കോയും കുടുംബവും നോക്കിയതെങ്കില്‍, പുനലൂരിലൂടെ ഉടുതുണിക്ക് മറുതുണിയില്ലാതെ തേരാപ്പാര നടന്ന തന്റെ ഭൂതകാലം ചാക്കോ ഓര്‍ക്കണമായിരുന്നു! കെവിന്‍ ജോസഫിനെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും സഭകളുടെമേല്‍ ആരോപിക്കാനല്ല മനോവ ഇവിടെ ശ്രമിച്ചത്. മറിച്ച്, സീറോമലബാര്‍ സഭയുടെമേല്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കാന്‍ ചില മാധ്യമ നപുംസകങ്ങള്‍ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുക എന്ന ദൗത്യമാണ് മനോവ ഇവിടെ നിറവേറ്റിയത്! ആത്മീയതയുടെ ബാഹ്യരൂപം ധരിച്ചിരിക്കുന്ന കൊലയാളികളും വ്യഭിചാരികളും എല്ലാ സഭകളിലും മറഞ്ഞിരിപ്പുണ്ട് എന്ന യാഥാര്‍ത്ഥ്യം മനോവ അറിയുന്നു!
ക്രൈസ്തവസഭകളിലെ ജാതിവ്യവസ്ഥ!
ജാതിവ്യവസ്ഥ എന്നത് പൈശാചികവും, അതിനാല്‍ത്തന്നെ ക്രിസ്തീയ വിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട വചനം നാം കണ്ടുകഴിഞ്ഞു. എന്നാല്‍, കേരളത്തിലെ ക്രൈസ്തവരുടെയിടയില്‍ ജാതിചിന്ത ഒരു യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഇക്കാര്യത്തില്‍ പെന്തക്കോസ്തു സഭകളെയല്ല മനോവ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയുടെ സംസ്ക്കാരത്തിന്റെ ഭാഗമായ ഈ പൈശാചികതയെ തോളിലേറ്റിയത് കേരളത്തിലെ പൗരസ്ത്യ സുറിയാനി സഭകളാണ്. കത്തോലിക്കാസഭയില്‍നിന്നും യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളില്‍നിന്നും പുറത്തുപോയവരുടെ കൂട്ടങ്ങളാണ് പെന്തക്കൊസ്തുകളും മറ്റു സ്വകാര്യസഭകളും! അതിനാല്‍ത്തന്നെ, സുറിയാനികളുടെ ഉള്ളില്‍ വസിക്കുന്ന 'മനു' ചാകാതെതന്നെ നിലനില്‍ക്കുന്നു! ഇവര്‍ ഏതു സഭയില്‍ ചേക്കേറിയാലും ഇവരെ നയിക്കുന്നത് മനുസ്മൃതിയിലെ പൈശാചികതയായിരിക്കും. 'മനുവിന്റെ' ദുരാത്മാവിനാല്‍ നിറഞ്ഞ്, ആ ആത്മാവിന്റെ പ്രേരണ അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പിശാചു തന്നെയായ മനുവിന്റെ ആശയങ്ങളില്‍നിന്നു വിടുതല്‍ പ്രാപിക്കാത്തവര്‍ ഏതു സഭയിലായിരുന്നാലും നരകത്തിനുവേണ്ടി തങ്ങളെത്തന്നെ സൂക്ഷിക്കുന്നവരാണ്.
ഇന്ത്യയിലെ അനേകം പൈശാചികതകളില്‍ പലതും ഏറ്റെടുത്തിട്ടുള്ള സമൂഹമാണെങ്കില്‍പ്പോലും, ജാതിവ്യവസ്ഥ ഇല്ലാത്ത സമൂഹമായി നിലകൊള്ളുന്നത് 'ലത്തീന്‍സഭ' മാത്രമാണ്. സുറിയാനിസഭകള്‍ക്ക് അനഭിമതരായ വിഭാഗമാണ് ലത്തീന്‍ സമൂഹമെന്നു നമുക്കറിയാം. സുറിയാനികളിലെ ജാതി ചിന്തയാണ് ഇതിനു കാരണം. സീറോമലബാര്‍ സഭയിലും മറ്റിതര പൗരസ്ത്യ സഭകളിലും 'പുതുക്രിസ്ത്യാനികള്‍' എന്നൊരു പ്രത്യേക സമൂഹമുണ്ട്. ഇവരെ 'പുലയര്‍' എന്ന് സംബോധന ചെയ്യാന്‍പോലും 'സവര്‍ണ്ണ' സുറിയാനികള്‍ മടിക്കാറില്ല. ഇത്രത്തോളം ഹീനമായ അവസ്ഥയിലുള്ള സമൂഹത്തെ ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ എണ്ണാന്‍ കഴിയുമോ? കഴിയില്ലെന്നു മാത്രമല്ല, ക്രിസ്തുവിന്റെ നാമത്തെ ഇവര്‍ ദുഷിക്കുകയാണു ചെയ്യുന്നത്. ക്രിസ്തീയതയില്‍ പൈശാചികത നിറയ്ക്കാന്‍ 'സുറിയാനികള്‍' വഹിച്ച പങ്ക് വളരെ വലുതാണ്. 'നമ്പൂരിഫലിതങ്ങള്‍' എന്ന് ഇവരുടെ ഗോഷ്ടികളെ നിസ്സാരമാക്കാന്‍ കഴിയില്ല. ഇന്ത്യയിലെ ക്രിസ്തീയതയുടെ പാരമ്പര്യത്തെപ്പോലും ഇവര്‍ സംശയത്തിന്റെ നിഴലിലാക്കിയത് 'നമ്പൂരി' ഫലിതങ്ങളിലൂടെയാണ്! ഇന്ത്യയിലെ പൈശാചിക സംസ്ക്കാരങ്ങളെ അനുകരിച്ചുകൊണ്ട് ക്രിസ്തീയതയുടെ പവിത്രതയുടെമേല്‍ ഇവര്‍ കരിനിഴല്‍ വീഴ്ത്തി!
മ്ലേച്ഛതകള്‍ അനുകരിക്കുന്ന കാര്യത്തില്‍ മറ്റു സഭകളും അവരുടെതായ സംഭാവനകള്‍ അകമഴിഞ്ഞു നല്‍കിയിട്ടുണ്ട്. പുതുതലമുറ സഭകളുടെ മറ്റു ഹാസ്യപരിപാടികള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.
കെവിന്‍ ജോസഫിനെ കൊന്നത് ഭരണകൂടമോ?!
ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്നു പരിശീലനം സിദ്ധിച്ച ഇരട്ടച്ചങ്കന് പഴയ ചങ്കുറപ്പൊന്നും ഇപ്പോഴില്ല. പതിനഞ്ച് അകമ്പടി വാഹനവും അഞ്ഞൂറിലേറെ പൊലിസ് ഉദ്യോഗസ്ഥരുടെ കാവലും ഉണ്ടെങ്കില്‍ മാത്രമേ ഇരട്ടച്ചങ്കന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയുള്ളു. കേരളത്തിലെ ജനങ്ങളെ എന്തിനാണ് നേതാക്കന്മാര്‍ ഭയപ്പെടുന്നത്? ഒരു നേതാവ് ജനങ്ങളെ ഭയപ്പെടുന്നുണ്ടെങ്കില്‍, ആ നേതാവ് ജനവിരുദ്ധനായിരിക്കും. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവാണെങ്കിലും മനോവയുടെ നിലപാട് ഇതുതന്നെയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പോലിസിനെ വിന്യസിച്ചതുമായി കെവിന്‍ ജോസഫ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിനു ബന്ധമുണ്ട്. ആ ബന്ധം എന്താണെന്നു വ്യക്തമാക്കാം.
കേരളത്തിലെ മുഖ്യമന്ത്രിക്ക് പത്തോളം ഉപദേശകരുണ്ടെന്നു നമുക്കറിയാം. ഈ ഉപദേശകരെ കൂടാതെ, സൗജന്യമായി സദാചാരം ഉപദേശിക്കാന്‍ റീമാ കല്ലിങ്കലും മഞ്ജു വാര്യരും അടങ്ങുന്ന 'മഹതികളും' ഉണ്ട്! ഇതിനുപുറമേ, ആത്മീയ ഉപദേഷ്ടാവായി 'വിവാദ സുവിശേഷകന്‍' തങ്കുവിന്റെ സേവനവും സൗജന്യമായി ലഭിക്കുന്നു. ഫാരിസ് അബുബക്കര്‍ മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വരെയുള്ള വിവാദ നായകന്മാരുമായി ചങ്ങാത്തം കൂടുകയെന്നത് പിണറായിയുടെ ഒരു ബലഹീനതയാണ്. ഇപ്പോള്‍ തങ്കുവും ഈ സംഘത്തില്‍ ചേര്‍ന്നിരിക്കുന്നു! ഈ തങ്കു നടത്തുന്ന 'കണ്ണില്‍ പൊടിയിടല്‍ പദ്ധതിയുടെ' ഉദ്ഘാടനത്തിനു പോകുന്ന പിണറായിയുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്നതുകൊണ്ടാണ് കെവിനെ രക്ഷിക്കാന്‍ സൗകര്യമില്ലെന്ന് എസ് ഐ ഷിബു പറഞ്ഞത്. തങ്കുവിന്റെ ആത്മീയ തട്ടിപ്പുകളെയും കച്ചവടങ്ങളെയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കുന്നില്ല. ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലും കേരളത്തിലുമുള്ളത്.
പൊലിസ് സ്റ്റേഷനില്‍ നിരാലംബയായി നില്‍ക്കുന്ന നീനുവിന്റെ ദയനീയമായ മുഖം നാമെല്ലാം കണ്ടതാണ്. പൗരന്റെ ജീവനു സുരക്ഷ നല്‍കാന്‍ കടപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ ധാര്‍ഷ്ട്യം കാണുമ്പോഴാണ് 'നക്സലൈറ്റുകളെ' അറിയാതെയെങ്കിലും അംഗീകരിച്ചു പോകുന്നത്! കേരളത്തിലെ പൊലിസിന്റെ സഹായത്തോടെയാണ് കെവിന്‍ കൊല്ലപ്പെട്ടതെന്ന വാര്‍ത്തകളും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കൊലപാതകത്തിനു കൂട്ടുനില്‍ക്കുന്ന പൊലിസുകാര്‍ക്ക് പതിനഞ്ചു ദിവസത്തെ സസ്പെന്‍ഷനോ ഒരു സ്ഥലം മാറ്റാമോ കൊടുത്താല്‍ യഥാര്‍ത്ഥ ശിക്ഷയാകുമോ? കേരളത്തിലെയും ഇന്ത്യയിലെയും പോലെ അരക്ഷിതാവസ്ഥയുള്ള ജനാധിപത്യ രാജ്യങ്ങള്‍ ലോകത്തെവിടെയും ഇല്ലെന്നു പറയേണ്ടിവരും. മതഭീകരന്മാര്‍ വാഴുന്ന രാജ്യങ്ങളിലേതിനു തുല്യമായ അവസ്ഥയിലേക്ക് കേരളവും ഇന്ത്യയും മാറിക്കൊണ്ടിരിക്കുന്നു!
ഭരണകൂടവും പൊലീസും ചേര്‍ന്നു വിധവകളെ സൃഷ്ടിക്കുകയും, അവര്‍ക്ക് ജനത്തിന്റെ നികുതിപ്പണത്തില്‍നിന്നു പത്തുലക്ഷം വീതം ആശ്വാസധനം പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതാണ് പിണറായിയുടെ സര്‍ക്കാരിന്റെ പ്രധാന ജനകീയപരിപാടി! 'കാട്ടിലെ തടി; തേവരുടെ ആന' എന്ന പ്രയോഗത്തെ അര്‍ത്ഥവത്താക്കുന്ന കലാപരിപാടികളാണ് പിണറായിയും കൂട്ടരും ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്! നികുതിദായകരായ പൗരന്മാരുടെ സുരക്ഷിതത്വത്തിന് പുല്ലുവിലപോലും പൊലിസ് നല്‍കുന്നില്ല. പിണറായി വിജയനും കോടിയേരിക്കും ഇവരുടെ ഗുണ്ടാസംഘങ്ങള്‍ക്കും സംരക്ഷണം നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമാണ് 'പാഷാണം' ബഹ്റയുടെ നേതൃത്വത്തിലുള്ള പൊലിസ് സേന ഏറ്റെടുത്തിരിക്കുന്നത്. ക്രിമിനലുകള്‍ക്കും കമ്മ്യുണിസ്റ്റുകളുടെ ആശ്രിതര്‍ക്കും മാത്രമേ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുകയുള്ളുവെന്ന അവസ്ഥ ഇന്നു കേരളത്തില്‍ സംജാതമായിരിക്കുന്നു. പഴയകാല SFI പ്രവര്‍ത്തകരെയാണ് പോലിസിലെ ഗുണ്ടകളായി പിണറായി സംരക്ഷിക്കുന്നത്. ആലുവ റൂറല്‍ SP ആയിരുന്ന എ വി ജോര്‍ജ്ജ് എന്ന മുന്‍ SFI നേതാവിനെ ഉപയോഗിച്ച് പോലീസില്‍ 'ഗുണ്ടാവത്ക്കരണം' നടത്തിയത് ആരും കാണാതെപോകരുത്. അതുപോലെതന്നെ, മുന്‍കാല SFI നേതാക്കളാണ് ഇന്ന് കേരളത്തിലെ വിവാദ നായകന്മാരില്‍ ഏറെയും! കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള ക്വട്ടേഷന്‍ സംഘങ്ങളില്‍ മിക്കതും സിപിഎം എന്ന രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതും, പാര്‍ട്ടിയുടെ സംരക്ഷണയില്‍ നിലനില്‍ക്കുന്നതുമാണ്. കോടിയേരിയുടെ മക്കളുമായി ബന്ധപ്പെട്ട അനേകം ക്വട്ടേഷന്‍ സംഘങ്ങള്‍ സിനിമാരംഗത്തും അല്ലാതെയും പ്രവര്‍ത്തിക്കുന്നു. ഇതൊന്നും തിരിച്ചറിയാനോ, അറിഞ്ഞാല്‍ത്തന്നെ പ്രതികരിക്കാനോ സാധാരണക്കാര്‍ തയ്യാറാകുന്നില്ല! അത്രത്തോളം നിസംഗതയും നിരാശയും സാധാരണ പൗരന്മാരെ മതിച്ചുകഴിഞ്ഞു!
മദ്യവ്യവസായികളും ക്വാറി മാഫിയകളും ഭൂമാഫിയകളും ബ്ലേഡ് മാഫിയയും മാത്രമല്ല, ആത്മീയതയെ വ്യവസായമാക്കിയ 'തങ്കുമാരും' ഇന്ന് സിപിഎമ്മിന്റെ തണലില്‍ തഴച്ചുവളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടിയിലെ സജ്ജീവ പ്രവര്‍ത്തകരെ താത്കാലിക അവധിയില്‍ പ്രവേശിപ്പിച്ചാണ് കേരളത്തിലെ മദ്യവ്യസായം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് കേരളത്തിലുള്ള ഒട്ടുമിക്ക ബാറുകളിലും സിപിഎമ്മിന്റെ ലോക്കല്‍ നേതാക്കന്മാര്‍ക്ക് പങ്കാളിത്തമുണ്ട്. ഇവര്‍ക്ക് അഞ്ചുശതമാനം പങ്കാളിത്തം സൗജന്യമായി നല്‍കിക്കൊണ്ടു നടത്തപ്പെടുന്ന അനേകം ബാറുകള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഉണ്ടെന്നതിനു തെളിവുകള്‍ നല്‍കാന്‍ മനോവ തയ്യാറാണ്! എത്രത്തോളം കുറ്റം പറഞ്ഞാലും, മാധ്യമങ്ങള്‍ ശക്തമായതുകൊണ്ടു മാത്രമാണ് സാധാരണക്കാരില്‍ ചിലര്‍ക്കെങ്കിലും ഇന്ന് നീതി ലഭിക്കുന്നത്! എന്നാല്‍, വ്യവസായികള്‍ എതിര്‍ ഭാഗത്തുവരുന്ന പല കേസുകളിലും മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. എന്തെന്നാല്‍, ഇക്കൂട്ടര്‍ നല്‍കുന്ന കോടികളുടെ പരസ്യങ്ങളാണ് ഓരോ മാധ്യമങ്ങളെയും നിലനിര്‍ത്തുന്നത്. കേരളത്തിലെ വിവാദ സുവിശേഷകന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ! ദൃശ്യമാധ്യമങ്ങളിലൂടെയുള്ള രോഗശാന്തി തട്ടിപ്പുകള്‍ നടത്തുന്നത് കച്ചവട ലക്ഷ്യത്തോടെ മാത്രമല്ല, മാധ്യമങ്ങളുമായി നല്ലബന്ധം സൂക്ഷിച്ചുകൊണ്ട് അവരുടെ വായ മൂടിക്കെട്ടുക എന്ന ലക്ഷ്യംകൂടി പിന്നിലുണ്ട്.
കേരളത്തിലെ വിവാദ സുവിശേഷകനായ 'തങ്കു' ആരാണെന്ന് വായനക്കാര്‍ക്ക് അറിയാമോ? സുവിശേഷത്തെ ദുരുപയോഗിച്ചുകൊണ്ട് സാമ്പത്തിക ശക്തിയാകാന്‍ ശ്രമിക്കുന്ന 'തങ്കു' എന്ന മാത്യു കുരുവിള എങ്ങനെയാണ് പിണറായിയുടെ ഇഷ്ടതോഴനായത്? ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? സാമ്പത്തിക കുറ്റകൃത്യത്തിന് തങ്കുവിന്റെ വീടും സ്ഥാപനങ്ങളും 'റെയ്ഡ്' ചെയ്തപ്പോള്‍ ആരാണ് ഇവനെ രക്ഷപ്പെടുത്തിയത്? SFI യുടെ മുന്‍ നേതാവും സുവിശേഷം വിറ്റ് ശതകോടീശ്വരനായി മാറിയവനുമായ മാത്യു കുരുവിള എന്ന തങ്കുവിനെ സന്ദര്‍ശിക്കാന്‍ പോയ പിണറായിയാണ് യഥാര്‍ത്ഥത്തില്‍ കെവിന്റെ കൊലയാളി! എ വി ജോര്‍ജ്ജിനെ സംരക്ഷിക്കുന്ന പിണറായി തന്നെയാണ് തങ്കുവിനെപ്പോലെയുള്ള ആത്മീയ വ്യവസായിയെയും സംരക്ഷിക്കുന്നത്.
തങ്കുവിന്റെ 'ആത്മീയ' വ്യവസായം!
ഇവിടെ നാം ചര്‍ച്ചചെയ്ത വിഷയത്തോട് ചെറുതായെങ്കിലും ബന്ധമുള്ളതുകൊണ്ടും, ഈ കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങള്‍ വെളിപ്പെടുത്തേണ്ടതുകൊണ്ടുമാണ് ഇങ്ങനെയൊരു ഉപശീര്‍ഷകം. ആത്മീയതയെ കച്ചവടമാക്കിയിരിക്കുന്ന ഇത്തരക്കാരെ പൊളിച്ചടുക്കുന്നത് ദൈവഹിതമാണ് എന്ന ബോധ്യവും ഈ ശീര്‍ഷകത്തിനു പിന്നിലുണ്ട്. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ആശയത്തിന്റെ വക്താവായ 'ശ്രീമാന്‍' മാത്യു കുരുവിള എന്ന പൊളിഞ്ഞ ചിട്ടിക്കമ്പനിക്കാരന്‍ എങ്ങനെയാണ് കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചതെന്ന് ക്രിസ്ത്യാനികളെങ്കിലും അറിഞ്ഞിരിക്കണം.
ആത്മരക്ഷയുമായി ബന്ധപ്പെട്ട വചനങ്ങളൊന്നും പ്രസംഗിക്കാന്‍ തങ്കുവിനും സംഘത്തിനും താത്പര്യമില്ല. സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് പ്രസംഗത്തിലും പ്രാര്‍ത്ഥനയിലും നിറഞ്ഞുനില്‍ക്കുന്നത്. സാമ്പത്തികമായി തകര്‍ന്നു നാടുവിടേണ്ടിവന്ന ചിലരെയെങ്കിലും ബാധിക്കുന്ന ആന്തരിക മുറിവില്‍നിന്നുള്ള രോദനമാണ് ഈ മാനസികാവസ്ഥയ്ക്ക് ആധാരം! ഇത്തരം മാനസികാവസ്ഥയുള്ള ഒരേയൊരു സുവിശേഷകനാണ് തങ്കു എന്ന് ആരും കരുതരുത്. ക്രിസ്തീയതയുമായി ബന്ധമില്ലാത്തതും, എന്നാല്‍, ക്രിസ്തീയതയുടെ പേരില്‍ നടത്തപ്പെടുന്നതുമായ കപട ആദ്ധ്യാത്മികതയുടെ ഒരു ശാഖയാണിത്. പ്രോസ്പെരറ്റി തിയോളജി (prosperity theology) എന്നാണ് ഈ ശാഖ അറിയപ്പെടുന്നത്. ഇല്ല്യുമിനാറ്റിയുമായി ബന്ധമുള്ളതും അനേകരെ ആകര്‍ഷിക്കാന്‍ തക്കവിധം പൈശാചിക ശക്തിയുള്ളതുമാണ് ഈ സിദ്ധാന്തം! യേഹ്ശുവായെ പരീക്ഷിക്കാന്‍ കടന്നുവന്ന പിശാച്, അവിടത്തേക്ക് നല്‍കിയ വാഗ്ദാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍! ഇതായിരുന്നു ആ വാഗ്ദാനം: "വീണ്ടും , പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ: 4; 8, 9).
സാത്താനെ നേരിട്ട് ആരാധിക്കുവാന്‍ പറഞ്ഞാല്‍, ദൈവജനത്തിനു സ്വീകാരിമാകില്ലെന്ന് സാമ്പത്തിക 'തിയോളജിസ്റ്റുകള്‍ക്ക്' അറിയാം. അതിനാലാണ്, സാത്താന്റെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന ഭൗതിക സമ്പത്തിനോടുള്ള ആസക്തി വളര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയുടെ കെട്ടുകളെ അഴിക്കുമെന്ന വാഗ്ദാനവുമായി തങ്കുവും തോമസുകുട്ടിയും ഉറഞ്ഞുതുള്ളുമ്പോള്‍, അനേകം സാധുക്കള്‍ സമ്പത്തിനുവേണ്ടി അലമുറയിട്ടു പ്രാര്‍ത്ഥിക്കുന്നു. സമ്പത്തു ലഭിക്കാതെവരുമ്പോള്‍, വിശ്വാസംതന്നെ നഷ്ടപ്പെട്ടവരായി ഇവര്‍ മാറുന്നുവെന്നതാണ് സാത്താന്‍ ലക്ഷ്യമിട്ട 'തിയോളജി'! സമ്പത്തിനുവേണ്ടി ദൈവത്തെ ആശ്രയിക്കുന്നത് ദൈവീകാമോ ക്രിസ്തീയതയുമായി ബന്ധപ്പെട്ടതോ ആയ കാര്യമല്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24). പണത്തെയും മറ്റു ഭൗതീക സമ്പത്തിനെയുമാണ് 'മാമോന്‍' എന്ന വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്. അപ്പസ്തോലനായ പൗലോസ് ഓര്‍മ്മപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്"(1 കോറി: 15; 19).
തങ്കുവിന്റെ പ്രസംഗങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നവരുടെ പ്രധാന ലക്‌ഷ്യം ഈ ലോകമാണ്! ലൗകിക ജീവിതത്തോട് ആസക്തിയും ദുരാശയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുമ്പോള്‍, ആ സമൂഹം സ്വാഭാവികമായും നിര്‍ഭാഗ്യരുടെ കൂട്ടമായി മാറും. ഇതുതന്നെയാണ് സാത്താന്‍ അഭിലഷിക്കുന്നതും. ഇല്ല്യുമിനാറ്റിയുടെ നിഗൂഢമായ പദ്ധതികളില്‍ ഒന്നാണിത്! സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ വഞ്ചിക്കുന്ന ഇത്തരം നിഗൂഢ പ്രാര്‍ത്ഥനാ സംഘങ്ങള്‍ക്കെതിരേ ജാഗ്രതയുള്ളവരായിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്! ആയതിനാല്‍, തങ്കുവിന്റെയും സംഘത്തിന്റെയും ഉദ്ഭവത്തെയും പരിണാമത്തെയും സംബന്ധിച്ച് ചില വിവരങ്ങള്‍ പങ്കുവയ്ക്കാം!
ചിട്ടി പൊളിഞ്ഞപ്പോള്‍ പെന്തക്കോസ്ത് സഭയില്‍ അംഗമായി പിന്നീട് കോടീശ്വരനായി മാറിയ മലയാളിയാണ് തങ്കു. മാത്യു കുരുവിള എന്നാണ് യഥാര്‍ത്ഥ പേര്. സ്വന്തമായി തുടങ്ങിയ പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ പാസ്റ്റര്‍ വരാതിരുന്ന ദിവസം പകരക്കാരനായി പ്രസംഗിച്ചു തുടങ്ങി. ഇന്നിപ്പോള്‍ കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിന്റെ മുഖമായ പിണറായി വിജയന്‍ വരെ തങ്കു വിളിക്കുന്നിടത്ത് വരും. ആരാണ് തങ്കു എന്ന് പലര്‍ക്കും അറിയില്ല. കമ്മ്യുണിസ്റ്റുകാരനെങ്കിലും, ബിജെപി അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തങ്കുവിന്റെ സംരക്ഷണത്തിനുണ്ട്. ഡല്‍ഹിയിലെ ആംആദ്മി മന്ത്രിസഭയിലെ ഒരു മന്ത്രി അടക്കം തങ്കുവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. കേരളത്തില്‍ തങ്കുവിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് കോടിയേരിയുടെ പാര്‍ട്ടിയാണ്. തങ്കുവിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ബിഹാറിലായിരുന്നു. പിന്നീട്, കോട്ടയം സിഎംഎസ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എസ്എഫ്‌ഐ യുടെ സജ്ജീവ പ്രവര്‍ത്തകനായി. അതിനുശേഷം മെഡിക്കല്‍ റെപ്രസന്റേറ്റീവായി പ്രവര്‍ത്തനം തുടങ്ങി. ചിട്ടിക്കമ്പിനിയടക്കം വിവിധങ്ങളായ ബിസിനസുകള്‍ എല്ലാം തകര്‍ന്നു തരിപ്പണമായി. പിന്നീട് വര്‍ഷങ്ങളോളം അജ്ഞാതവാസമായിരുന്നു.
അജ്ഞാതവാസത്തിനുശേഷം പ്രത്യക്ഷനായത് ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ കോട്ടയത്തെ കേന്ദ്രത്തില്‍ അംഗമായാണ്. ഒരു വാഹനാപകടം ഉണ്ടായെന്നും കാലുകള്‍ ചലിക്കാതായെന്നും വടക്കേ ഇന്ത്യയിലെ ആമോസ് എന്ന പാസ്റ്ററുടെ പ്രസംഗം കേട്ടതുവഴി തളര്‍ച്ച മാറി നടക്കാന്‍ സാധിച്ചുവെന്നുമായിരുന്നു അവിടെ അനുഭവ സാക്ഷ്യം പറഞ്ഞത്. തുടര്‍ന്ന്, ഈ സാക്ഷ്യത്തില്‍ വിശ്വസിച്ചവരുമായി ഒരു ചെറിയ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കി. തങ്കുവിന് ബൈബിള്‍ അറിയാത്തതിനാല്‍ വേറൊരു സമൂഹത്തിലെ തോമസ് കുട്ടി എന്ന പാസ്റ്ററെ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രസംഗിക്കാന്‍ കൊണ്ടുവന്നു. തങ്കുവിന്റെ ആത്മീയ കച്ചവട സംഘത്തില്‍ ഇപ്പോഴുള്ള തോമസുകുട്ടി തന്നെയാണ് ഇയാള്‍. ഒന്നുരണ്ടു പ്രാവശ്യം തോമസുകുട്ടി വരാതിരുന്നപ്പോള്‍ തങ്കു പ്രസംഗിച്ചു തുടങ്ങി. അതോടെ തനിക്കും ഇതു വഴങ്ങുമെന്നു മനസ്സിലാക്കുകയും തന്നെത്തന്നെ സ്വയം പാസ്റ്ററായി പ്രഖ്യാപിക്കുകയും ചെയ്തു! ഇതുതന്നെയാണ് പെന്തക്കോസ്തു സമൂഹങ്ങളുടെ അഭിഷേകരീതി! തന്നെത്തന്നെ സ്വയം അഭിഷേകം ചെയ്യുന്ന ശൈലി!
പെന്തക്കൊസുകള്‍ ബാഹ്യമോടിയിലെങ്കിലും ലാളിത്യം സൂക്ഷിക്കുന്നവരാണ്. ഒട്ടുമിക്ക സമൂഹങ്ങളിലെയും അംഗങ്ങള്‍ ആഭരണങ്ങള്‍ അണിയാറില്ല. എന്നാല്‍, തങ്കുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ആഭരണം ധരിക്കാമെന്നുള്ള പ്രഖ്യാപനം ആഭരണപ്രിയരായ പെന്തക്കൊസ്തുകള്‍ക്ക് ആവേശമായി! ഇതൊന്നുമായിരുന്നില്ല തങ്കുവിന്റെ 'മാസ്റ്റര്‍പീസ്'; ദൈവത്തെ വിളിച്ചാല്‍ രോഗശാന്തിയെക്കാളും 'ഭയങ്കരമായി' സാമ്പത്തികമായ ഉയര്‍ച്ച സാധ്യമാകും എന്ന 'പ്രോസ്പരറ്റി തിയോളജി' തങ്കു പ്രചരിപ്പിച്ചു. ദൈവത്തെക്കുറിച്ചും യേഹ്ശുവായിലൂടെ മാത്രം ലഭ്യമാകുന്ന ആത്മരക്ഷയെക്കുറിച്ചുമുള്ള യഥാര്‍ത്ഥ സത്യങ്ങള്‍ മറച്ചുവച്ച്, സുവിശേഷത്തെ വികലമായി അവതരിപ്പിക്കുന്ന ശൈലിയാണ് ഇവരുടെ പ്രത്യേകത. 'ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി' തുടങ്ങിയ നിഗൂഢ സംഘങ്ങളുടെ പ്രബോധനങ്ങളുമായി ഏറെ സാമ്യമുള്ള കപട ആദ്ധ്യാത്മികത ഇവരുടെ യോഗങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കും! തോമാസുകുട്ടിയെ പുകഴ്ത്താന്‍ തങ്കുവും, തങ്കുവിനെ പുകഴത്താന്‍ തോമസുകുട്ടിയും എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്!
സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി തന്റെ യോഗങ്ങളില്‍ വരാന്‍ പറയുക മാത്രമല്ല, സ്വന്തം സമൂഹത്തിന്റെ അജണ്ടതന്നെ സാമ്പത്തികം മാത്രമാക്കി. കാശുണ്ടാക്കുന്ന കാര്യമായതിനാല്‍ കുറച്ചാളുകള്‍ കൂടെക്കൂടാന്‍ തയ്യാറായി. മദ്യപാനികളും പണമിടപാട് ബിസനസ് നടത്തുന്നവരുമായ ഏതാനും ചില ഓര്‍ത്തഡോക്സുകളാണ് ആദ്യം വലയില്‍ വീണത്. അവര്‍ അതോടെ കൂടുതല്‍ സമ്പന്നന്മാരായി എന്ന പ്രചാരണവും ഉണ്ടായി. സുറായിനി, യാക്കോബ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ തുടങ്ങിയവര്‍ക്കിടയില്‍ അതൊരു ഓളമുണ്ടാക്കി. പണമുണ്ടാക്കാന്‍ 'തങ്കുവെങ്കില്‍ തങ്കു' എന്നായപ്പോള്‍ പ്രസ്ഥാനം വളര്‍ന്നു. ഈ ബിസിനസില്‍ ഭാവിയുള്ള തങ്കു അമേരിക്കയിലേയ്ക്ക് പോകാന്‍ വഴി നോക്കിയെങ്കിലും ആദ്യം അനുവാദം കിട്ടിയില്ല. പിന്നീട് ഏറെ പണിപ്പെട്ട് അമരിക്കയിലെത്തി. അവിടെ നിന്നും പണം കൊണ്ടുവന്നാണ് പുത്തരിക്കണ്ടത്ത് ഒരു ടെന്റുണ്ടാക്കിയത്.
തങ്കുവിന് സഹായകനായി കിട്ടിയത് പത്തനാപുരംകാരന്‍ ബിനോയി വി ചാന്തപ്പിള്ള എന്ന സിപിഎമ്മുകാരനെയാണ്. ബിനോയി പറഞ്ഞു നടന്നത് സൗഖ്യം നേടും മുന്‍പ് തനിക്ക് ശ്വാസകോശത്തില്‍ ക്യാന്‍സറായിരുന്നുവെന്നാണ്. തിരുവനതപുരം ആര്‍സിസിയിലായിരുന്നു ചികിത്സയെന്നും പിന്നീട് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ഡോ. ഗംഗാധരന്‍ ചികിത്സിച്ചുവെന്നും പറഞ്ഞു. തങ്കുവിന്റെ പ്രസംഗം ടി.വി യിലൂടെ കേട്ട് രോഗശാന്തിയുണ്ടായി എന്നതാണ് ബിനോയിയുടെ സാക്ഷ്യം. ബിനോയി പത്തനാപുരത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്നു. അതു കഴിഞ്ഞ് അവിടെ സിപിഎം സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഇയാള്‍ പുനലൂര്‍ ബാറിലെ അഭിഭാഷകനുമായിരുന്നു. ചുരുക്കത്തില്‍, നാട്ടിലെ പ്രമുഖനെ തന്നെ തന്റെ 'മഹത്വം' പ്രഘോഷിക്കാന്‍ തങ്കുവിനു കിട്ടി. ബിനോയിയുടെ സഹോദരന്റെ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു എന്നതു സത്യമാണ്. എന്നാല്‍, ബിനോയിക്ക് ക്യാന്‍സറായിരുന്നു എന്നതിന് ഒരു സ്ഥിരീകരണവുമില്ല. തങ്കുവിന്റെ പ്രസംഗം കേട്ട് തന്റെ രോഗം മാറിയെന്ന് സാക്ഷ്യം പറഞ്ഞുകൊണ്ട് ബിനോയിയും ചേരുകയായിരുന്നു. പഴയകാല SFI നേതാവായ തങ്കുവിനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരുമായി ബന്ധിപ്പിക്കുന്ന കണ്ണി ബിനോയിയാണ്.
വലിയ അഭിഭാഷക പ്രാക്റ്റീസൊന്നുമില്ലാത്ത സഖാവ് ബിനോയിക്ക് തങ്കുവിന്റെ സമ്പന്ന സാമ്രാജ്യത്തിലേക്കുള്ള കവാടമായത് കമ്മ്യുണിസ്റ്റ് നേതാക്കന്മാരുമായുള്ള ഇയാളുടെ ബന്ധമാണ്. തങ്കുവിനെ സംബന്ധിച്ചിടത്തോളം എല്ലാ രാഷ്ട്രീയ കക്ഷികളിലെയും നേതാക്കളുമായി അവിഹിതബന്ധമുണ്ട്. ഒരു പെട്രോള്‍ പമ്പില്‍നിന്നുള്ള വരുമാനം മാത്രം രേഖയിലുള്ള തങ്കുവിന് കോട്ടയത്ത് കൊട്ടാരതുല്യമായ ഒരു ബംഗ്ലാവ് നിര്‍മ്മിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന് അന്വേഷിച്ചാല്‍, ഇയാളുടെ സാമ്പത്തിക 'സുവിശേഷത്തിന്റെ' രഹസ്യം കണ്ടെത്താന്‍ കഴിയും! ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സമ്പന്ന ഗ്രൂപ്പുകളില്‍ ഒന്നായ 'മുത്തൂറ്റ്' ഗ്രൂപ്പുമായി തങ്കുവിന്റെ മകനു വിവാഹത്തിലൂടെ ബന്ധം സ്ഥാപിക്കാന്‍ എങ്ങനെ കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ചിട്ടിക്കമ്പനിക്കാരന്റെ മകന്‍ ഇന്ന് മുത്തൂറ്റിന്റെ മരുമകനാണ്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയുടെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്ന പെണ്ണിനെയാണ് തങ്കു അടിച്ചെടുത്തത്. ആ വിവാഹം മുടങ്ങിയതിന്റെ പിന്നിലും തങ്കുവിന്റെ 'കറുത്തകൈകള്‍' ഉണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നു!
'മുത്തൂറ്റ്' പോലുള്ള അതിസമ്പന്നരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കണമെങ്കില്‍, അവര്‍ക്കു സമമായ സാമ്പത്തികാവസ്ഥ തങ്കുവിനുണ്ടായിരിക്കണം. ഉണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! ഇന്ത്യയില്‍ ഇയാള്‍ക്കുള്ളതിന്റെ അനേകം മടങ്ങ് ആസ്തി വിദേശരാജ്യങ്ങളില്‍ ഉണ്ട്. ഇതിന്റെയെല്ലാം നടത്തിപ്പുകാര്‍ തങ്കുവിന്റെ മക്കളാണ്. തായ്‌ലന്റില്‍ പ്രസംഗിക്കാന്‍ പോകാറുള്ള തങ്കുവിന് അവിടെനിന്ന്‍ ഒരു ബിസിനസ് ആശയം ലഭിച്ചു. 'മുസ്ലി പവര്‍ എക്‌സ്ട്രാ' പോലുള്ള ഒരു തട്ടിപ്പു മരുന്നു കമ്പനി ദുബായില്‍ തുടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും ചെയ്തുവെങ്കിലും പിന്നീട് അതു നടന്നില്ല. മകന്റെ പേരിലായിരുന്നു ഈ 'ലൈംഗീക ഉത്തേജക' മരുന്നുകമ്പനി ആലോചിച്ചത്. തങ്കുവിന്റെ സാമ്പത്തിക ഉന്നതിയുടെ അടിസ്ഥാനം ഇതൊന്നുമായിരുന്നില്ല. അതിന്റെ പിന്നില്‍ ഒരു ചതിയുടെ ചരിത്രമുണ്ട്. തങ്കുവിന് സാമ്പത്തിക സഹായം ചെയ്തത് കോടീശ്വരനായ സ്വീഡിഷ് സുവിശേഷകന്‍ ഉല്‍ഫ് ഇക്ക്മാനാണ്. വര്‍ഷംതോറും നടത്തിവരാറുള്ള മാരാമണ്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്, ഇന്ത്യയില്‍ സുവിശേഷം പ്രചരിപ്പിക്കാന്‍ 'ഉല്‍ഫ് ഇക്ക്മാന്‍' നല്‍കിയ പണത്തിന്റെ കണക്കു ചോദിച്ചപ്പോള്‍ അദ്ദേഹവുമായി തങ്കു ഉടക്കിപ്പിരിഞ്ഞു. ഇക്ക്മാന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹത്തിനു യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍പോലും തങ്കുവിനു സാധിച്ചു. പിന്നീട്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ ഇടപെട്ടാണ് യാത്രാവിലക്ക് നീക്കിയതും മാരാമണില്‍ പ്രസംഗിച്ചതും! സാമ്പത്തിക സുവിശേഷത്തിന്റെ ഭ്രാന്തമായ ശൈലിയില്‍ മനംമടുത്ത 'ഉല്‍ഫ് ഇക്ക്മാന്‍' കത്തോലിക്കാസഭയില്‍ ചേര്‍ന്നു എന്നതാണ് ഈ ഇടപാടില്‍ അദ്ദേഹത്തിനു ലഭിച്ച അനുഗൃഹം!
സാമ്പത്തികത്തില്‍ ഊന്നിയുള്ള തങ്കുവിന്റെ പ്രബോധനങ്ങളെ ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ചും പ്രമുഖ പെന്തക്കോസ്തുകാരും എതിര്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ തങ്കു പ്രലോഭിപ്പിക്കുന്നത് നിനക്കും വിമാനവും ബംഗ്ലാവും ഉണ്ടാകുമെന്നാണ്. അല്ലാതെ സമാധാനം കിട്ടുമെന്നല്ല. തങ്കുവിന്റെ അടുത്ത് പ്രാര്‍ത്ഥനയ്ക്ക് വന്നവര്‍ ധനവാന്മാരായാലും ഇല്ലെങ്കിലും ഇതോടെ തങ്കു വലിയ ധനവാനായി എന്നകാര്യത്തില്‍ സംശയമില്ല! രാഷ്ട്രീയത്തിലെ ഉന്നതരുമായി ബന്ധപ്പെടാന്‍, തന്നിലുണ്ടെന്ന് തങ്കു അവകാശപ്പെടുന്ന 'രോഗശാന്തിവരം' ഇയാള്‍ ദുരുപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍നിന്നുള്ള ഒരു പഴയ കേന്ദ്രമന്ത്രിയുടെ ഭാര്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍, താനത് സുഖപ്പെടുത്താമെന്നു പറഞ്ഞുകൊണ്ട് തങ്കു മന്ത്രിയെ സമീപിച്ചു. മന്ത്രിയുടെ കുടുംബവുമായി സൗഹൃദത്തിലായെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ അധികം വൈകാതെ ആ രോഗത്തോടെതന്നെ മരണമടഞ്ഞു!
ഒരുവന്‍ ബിസിനസിലൂടെയോ മറ്റെതെങ്കിലും വിധേനയോ സമ്പന്നനാകുന്നതിനെ സംബന്ധിച്ച് മനോവ അഭിപ്രായമൊന്നും പറയുന്നില്ല. എന്നാല്‍, ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പേരില്‍ നടത്തുന്ന ഇത്തരം കച്ചവടങ്ങളെ ചോദ്യചെയ്യാനും എതിര്‍ക്കാനുമുള്ള അധികാരം മനോവയ്ക്കുണ്ട്. ഈ അധികാരം പ്രയോഗിക്കാന്‍ മനോവ മുന്നില്‍ത്തന്നെയുണ്ടാകും. സാമ്പത്തിക കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗംപോലും യേഹ്ശുവാ നടത്തിയിട്ടില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കപ്പോലും അവിടുന്ന് ഇടപെട്ടിട്ടുമില്ല. യേഹ്ശുവായുടെ നാമത്തില്‍ ശുശ്രൂഷചെയ്ത അപ്പസ്തോലന്മാരില്‍ ആരും സാമ്പത്തിക 'തിയോളജി' അവതരിപ്പിച്ചിട്ടില്ല എന്നതും നാം ചിന്തിക്കണം! സമ്പത്ത് ഇല്ലാത്തതിന്റെ പേരില്‍ ഇന്നുവരെ സുവിശേഷ പ്രചാരണം തടസ്സപ്പെട്ടിട്ടില്ല; എന്നാല്‍, സമ്പത്തിന്റെ ബാഹുല്യംമൂലം സുവിശേഷം തടയപ്പെട്ടിട്ടുണ്ട്!
തങ്കു എന്ന 'സാമ്പത്തിക' സുവിശേഷകനോടൊപ്പം വേദിപങ്കിടാന്‍ ഓടിയെത്തിയ പിണറായിയുടെ സംരക്ഷണത്തെപ്രതിയാണ് 'കെവിന്‍' എന്ന യുവാവ് കൊലചെയ്യപ്പെട്ടതെങ്കില്‍, തങ്കുവിന്റെയും പിണറായിയുടെയും കരങ്ങളില്‍ ആ യുവാവിന്റെ ചോരയുടെ മണമുണ്ട്. നിങ്ങള്‍ ഇരുവരുടെയും സാമ്രാജ്യം നിലംപതിക്കാന്‍ ആ ചോരയുടെ നിലവിളി മാത്രം മതി! അനാഥരാക്കപ്പെട്ട ആ ദരിദ്ര കുടുംബത്തിന്റെ നിലവിളി ദൈവസന്നിധിയിലേക്ക് ഉയരുമ്പോള്‍, ദൈവം വെറുതെയിരിക്കുമെന്ന് ആരും കരുതരുത്!
ചേര്‍ത്തുവായിക്കാന്‍: എട്ടുകാലികളുടെ സുരക്ഷയ്ക്കുവേണ്ടിപ്പോലും മുതലക്കണ്ണീര്‍ ഒഴുക്കുന്ന സുഗതകുമാരി അടക്കമുള്ള സാംസ്ക്കാരിക അശ്രീകരങ്ങള്‍ ഏതു മാളത്തില്‍ ഒളിച്ചുവെന്ന് മനോവയ്ക്കറിയില്ല! വവ്വാലുകളുടെ സുരക്ഷ ഏറ്റെടുത്ത് അതിന്റെ പിന്നാലെ പോയവരും ഈ സംഘത്തിലുണ്ട്. 'LDF' വന്ന് എല്ലാം ശരിയാക്കുമെന്ന പരസ്യത്തില്‍ പങ്കെടുത്തവര്‍ക്കൊക്കെ ഓരോരോ സ്ഥാനമാനങ്ങള്‍ ലഭിച്ചതുകൊണ്ട് അവര്‍ ഏറെ തൃപ്തരാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-