യേഹ്ശുവായെ ഒറ്റിക്കൊടുത്ത യെഹൂദാസ്, തനിക്കു കിട്ടിയ പ്രതിഫലം ദൈവാലയത്തിലേക്ക് വലിച്ചെറിയുകയും കെട്ടിത്തൂങ്ങി ചാകുകയും ചെയ്തതായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്(മത്താ:27;3-9). പ്രധാന പുരോഹിതന്മാരെയും പ്രമാണിമാരെയും പണം ഏല്പ്പിച്ചുവെന്നാണ് വചനം വെളിപ്പെടുത്തുന്നത്. കുറ്റബോധം നിമിത്തം യെഹൂദാസ് ഇപ്രകാരം പറയുന്നു; 'നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു'. അവന്‍ വലിച്ചെറിഞ്ഞ വെള്ളിനാണയങ്ങള്‍ എടുത്തുകൊണ്ട് പ്രധാന പുരോഹിതന്മാര്‍ പറഞ്ഞു; ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് അനുവദനീയമല്ല. അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണം കൊടുത്ത് വിദേശീയരെ സംസ്കരിക്കാന്‍വേണ്ടി കുശവന്റെ പറമ്പ് വാങ്ങി. ഇതാണ് 'ഹക്കല്‍ദ്മാ' അഥവാ രക്തത്തിന്റെ വയല്‍ എന്നറിയപ്പെടുന്നത്(അപ്പ. പ്രവര്‍ത്തനങ്ങള്‍:1;19).
എന്നാല്‍, യേഹ്ശുവായെ പ്രഘോഷിക്കുവാന്‍ ചുമതലയേറ്റവരുടെ ദയനീയമായ അവസ്ഥ ഇന്നെന്താണ്? ഏതു ഹീനമായ പാപത്തില്‍നിന്നും ഭണ്ഡാരങ്ങള്‍ നിറയ്ക്കാന്‍ വചനത്തേയും വിശ്വാസ സത്യങ്ങളേയും അടിയറ വയ്ക്കുകയല്ലെ? ദൈവവചനത്തെ ആധാരമാക്കി പരിശുദ്ധ കത്തോലിക്കാസഭ പഠിപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. കര്‍ക്കശമായി സഭ പിന്‍തുടരുന്ന ഈ നിയമങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ലോകമനുഷ്യരില്‍ പലരും പുതിയ സഭയുണ്ടാക്കുകപോലും ചെയ്തു. ഇങ്ങനെ രൂപംകൊണ്ട സഭകളില്‍ ഒന്നാണ് ഇംഗ്ളണ്ടിലെ 'ആംഗ്ളിക്കന്‍ ചര്‍ച്ച്'! സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമരക്കാരായിരുന്ന രാജകുടുംബത്തിനു മുന്നില്‍പോലും കീഴ്പ്പെടുത്താത്ത ഈ അലംഘനീയ നിയമങ്ങളെ, മുപ്പത് വെള്ളിക്കാശിനു പണയപ്പെടുത്തുന്നവര്‍ സഭാദ്രോഹികളാണ്.
ഇന്ന് ദൈവത്തിന്റെ കല്പനകളോ തിരുവചനങ്ങളോ സത്യസന്ധമായി പറയാന്‍ യൂറോപ്പിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും അനുവദിക്കാത്തത് ഭരണകൂടങ്ങളല്ല, മറിച്ച് സഭയിലെ 'ചില' നേതാക്കന്മാരാണ് വചനത്തിന്റെ മൂര്‍ച്ചയില്‍ അസ്വസ്ഥരാകുന്നത്. ഭ്രൂണഹത്യയും വ്യഭിചാരവും പാപമാണെന്നു പറയുവാന്‍ ഇവര്‍ ഭയപ്പെടുന്നു. കേരളത്തില്‍നിന്നും വന്ന് വചനം പ്രസംഗിക്കുന്ന വൈദീകരോടും മറ്റ് ശുശ്രൂഷകരോടും ഇത്തരക്കാര്‍ താക്കീത് ചെയ്യാറുണ്ട്. കൂദാശയിലൂടെ വിവാഹം ചെയ്യാതെ, രജിസ്ട്രര്‍ ചെയ്ത് ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് കുമ്പസാരമോ പരിശുദ്ധ കുര്‍ബ്ബാനയോ സഭ അനുവദിച്ചിട്ടില്ല. ആരാണ് ഇവ സ്വീകരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞെന്നു വരില്ല എന്നത് സ്വാഭാവികമാണ്. എന്നാല്‍, കേരളത്തിലെ ദൈവാലയങ്ങളിലും ധ്യാന മന്ദിരങ്ങളിലും (കേരളത്തില്‍ മാത്രമല്ല) ഇക്കാര്യം മുന്‍കൂടി അറിയിക്കാറുണ്ട്. ഇത്രയുമെങ്കിലും ചെയ്യാന്‍ തയ്യാറാകാത്തതിനു പിന്നില്‍ ചില 'വെള്ളിക്കാശുകളുടെ' കഥയുണ്ട്! വിജാതിയരെപ്പോലും നാണിപ്പിക്കുന്ന 'ധന'മോഹത്തിന്റെ കഥ!
കത്തോലിക്കാസഭയിലെ അംഗങ്ങളില്‍നിന്ന്, അവരുടെ വരുമാനത്തിന്റെ ദശാംശം സഭാശുശ്രൂഷയ്ക്കായി എടുക്കുന്ന രീതി ജര്‍മ്മനിയിലുണ്ട്. ഇത് ഗവണ്‍മെന്റ് നേരിട്ട്തന്നെ എടുക്കുകയാണ് പതിവ്. ഈ മഹത്തായ പ്രവണതയില്‍നിന്ന് മോചനം നേടുന്നതിനായി, മറ്റു സഭകളില്‍ പോകുകയോ മതമില്ലെന്ന് എഴുതി കൊടുക്കുകയോ ചെയ്യുന്നവരുണ്ട്. ഈ ലോകത്തില്‍ മാത്രം പ്രത്യാശവച്ചിരിക്കുന്നവരും ദൈവത്തേക്കാളുപരി സമ്പത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്നവരുമാകാം ഇവര്‍! ദൈവത്തിന്റെ വചനം സത്യസന്ധതയോടെ അറിയിച്ചാല്‍ അവശേഷിക്കുന്നവര്‍കൂടി സഭയില്‍ നിന്നകലും എന്ന് സഭയിലെ ചില 'ബുദ്ധിജീവികള്‍' ഭയപ്പെടുന്നു! അല്ലെങ്കില്‍ പാപങ്ങളേക്കുറിച്ച് പറയുമ്പോള്‍, കേള്‍ക്കുന്നവര്‍ തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടും എന്ന ജാള്യതയുമാകാം. കൂദാശയിലൂടെയുള്ള വിവാഹം മരുഭൂമിയില്‍ മഴപോലെയാണിവിടെ! രജിസ്ട്രര്‍ വിവാഹം പോലും ഇല്ലാതെ 'കാനന' ജീവികളെപ്പോലെ ഒരുമിച്ചു ജീവിക്കുന്നവരാണ് അധികവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരക്കാര്‍ സഭയില്‍ നിന്നും വിട്ടകന്നാല്‍ ദശാംശം കിട്ടാതാകും! "എന്റെ ജനത്തിന്റെ പാപം കൊണ്ട് അവര്‍ ഉപജീവനം കഴിച്ചു"(ഹോസിയ:4;8). എന്ന് തിരുവചനം പറയുന്നു. യേഹ്ശുവായ്ക്കു മുന്‍പുണ്ടായിരുന്ന പഴയ 'ഫരിസേയ' സംസ്കാരം, ഇന്നും നേതാക്കന്മാരില്‍ പലരും തുടരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. പാപത്തിന്റെ പ്രതിഫലം കൊണ്ടല്ല പരിശുദ്ധ കത്തോലിക്കാസഭ വളര്‍ന്നത്! ഈ പണം വേണ്ടായെന്നു പറയാന്‍ നേതാക്കന്മാര്‍ ധൈര്യം കാണിക്കുകയാണ് വേണ്ടത്!
ദൈവത്തിന്റെ ശക്തിയിലും കരുതലിലും ഉള്ള വിശ്വാസക്കുറവാണ് ഇതിനു കാരണം. സ്വന്തം കഴിവിലും ബുദ്ധിയിലും ആശ്രയിക്കുന്ന രീതി ക്രിസ്തീയമല്ല. ദൈവത്തിനു തന്റെ രാജ്യം വളര്‍ത്താന്‍ പാപത്തിന്റെ പണം ആവശ്യമില്ല. ദൈവരാജ്യത്തിന്റെ വളര്‍ച്ചയല്ല ഇവരുടെ ലക്ഷ്യമെന്ന്‍ എല്ലാവര്‍ക്കും അറിയാം.
ചില വൈദീകര്‍ കേരളത്തില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളില്‍ വന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത കത്തോലിക്ക സഭയുടെ മൂന്നു വ്യത്യസ്ഥമായ റീത്തുകളില്‍നിന്ന് വന്നവരാണിവര്‍. 'യൂറോ'യുടെയും 'ഡോളറി'ന്റെയും ഒക്കെ തിളങ്ങുന്ന മൂല്യം കണ്ടപ്പോള്‍, തങ്ങളെ അയച്ചവരെ അവര്‍ മറന്നു. കിട്ടുന്ന പണമെല്ലാം സഭയ്ക്കു കൊടുക്കാന്‍ മനസ്സ് വരുന്നില്ല. വിക്ഷേപണതറയില്‍നിന്നുള്ള നിയന്ത്രണം വിട്ട ഉപഗ്രഹംപോലെയും ചരട് പൊട്ടിയ പട്ടംപോലെയും ഇവര്‍ പറന്നു നടക്കുകയാണ്! ഇത്തരക്കാരോട് എന്തെങ്കിലും ആത്മീയ കാര്യങ്ങള്‍ ചോദിച്ചാല്‍ അവരുടെ മറുപടി; താന്‍ യൂറോപ്പുകാര്‍ക്കുവേണ്ടി അഭിഷേകം ചെയ്യപ്പെട്ടവനാണെന്നായിരിക്കും! അങ്ങനെ അമേരിക്കക്കാര്‍ക്കുവേണ്ടി അഭിഷേകം കിട്ടിയ ഒരു ഇടയന്‍ മലബാറിന്റെ മലയോര ദേശത്ത് ഒരു 'ത്രീസ്റ്റാര്‍ ബാര്‍ ഹോട്ടല്‍' നടത്തുന്നു! ബിനാമിയുടെ പേരില്‍ ആണെന്നു മാത്രം! ചിലര്‍ക്ക് സ്വന്തം പേരുപോലും നാണക്കേടായതിനാല്‍, അതും പാശ്ചാത്യവത്കരിച്ചു..! മൈക്കിള്‍ ജാക്സനെപോലെ തൊലി മാറ്റാന്‍ പറ്റിയില്ല..! "എത്യോപ്യക്കാരനു തന്റെ തൊലിയോ പുള്ളിപ്പുലിക്കു തന്റെ പുള്ളിയോ മാറ്റാനാകുമോ?"(ജറെ: 13; 23).
അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ എട്ടാം അദ്ധ്യായത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. അപ്പസ്തോലന്മാരുടെ കൈവയ്പ്പുവഴി പരിശുദ്ധാത്മാവ് നല്കപ്പെടുന്നതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്ക് പണം നല്‍കിക്കൊണ്ട് പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍ വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക. മുന്‍പ് മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്നവനും, മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചവനുമാണ് ഇയാള്‍. ഈ ആവശ്യം കേട്ടപ്പോള്‍ കേപ്പാ അവനോട് പറഞ്ഞു: "നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടേ! എന്തെന്നാല്‍ ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല"(അപ്പ. പ്രവര്‍: 8; 20, 21).
സഭയുടെ ആദ്യനാളുകളില്‍, പണത്തിന് ഏറെ ആവശ്യമുള്ള നാളുകളില്‍പോലും സഭാപിതാക്കന്മാര്‍ ചെയ്തത് അനുകരണീയമാണ്. ശിമയോന്‍ ആവശ്യപ്പെട്ടത് പരിശുദ്ധാത്മാവിനെയാണെന്ന് ഓര്‍ക്കണം. പണത്തിനുവേണ്ടി അതുപോലും അനുവദിക്കാത്ത പാരമ്പര്യമാണ് കത്തോലിക്ക സഭയുടേത്. ഈ സഭയുടെ നേതാക്കന്മാര്‍ ചമഞ്ഞ്, സഭാമക്കളെ വഴി തെറ്റിക്കരുത്. തങ്ങള്‍ ചെയ്യുന്നത് പാപവും, മരണശിക്ഷ അര്‍ഹിക്കുന്നതുമാണെന്ന് അറിയാതെയാണ് ഇവര്‍ ചെയ്യുന്നതെങ്കില്‍പോലും, ശിക്ഷ ഇരുകൂട്ടര്‍ക്കും ഉണ്ടെന്ന് വചനം മുന്നറിയിപ്പു തരുന്നു. "അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു"(1 കോറി: 11; 27). കൂദാശകളില്‍നിന്നു ഏറെ അകന്ന്, ഇപ്പോള്‍ ഇവിടങ്ങളില്‍ 'കുമ്പസാരക്കൂട്' ഒരു പുരാവസ്തുവായി മാറി! സത്യം അറിയിക്കേണ്ടവര്‍ വ്യതിചലിച്ചതാണ്ഇതിനു കാരണം. ഓരോ ക്രൈസ്തവനേയും പ്രത്യേകിച്ച് നേതാക്കന്മാരെയും യിസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനായി ദൈവം നിയമിച്ചിരിക്കുന്നു.
ഈ വചനം ശ്രദ്ധിക്കുക: "മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും.എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസെക്കി: 3; 17-19).
മുപ്പത് വെള്ളിക്കാശിനു വേണ്ടി പാപത്തെ പാപമെന്നു പറയാതെ വചനത്തെ മയപ്പെടുത്തുന്നര്‍ക്കു കൂടുതല്‍ നല്ലത് 'കള്ളനോട്ട'ടിക്കുന്നതാണ്. സ്വന്തം നാശത്തിലേക്കു മറ്റുള്ളവരേക്കൂടി വലിച്ചിഴയ്ക്കേണ്ടല്ലോ!
ദൈവവചനം അഭിഷേകത്തോടെ പ്രസംഗിക്കാന്‍ ഇവിടേയ്ക്ക് വരുന്ന പുരോഹിതന്മാരെയും അത്മായ ശുശ്രൂഷകരെയും 'ചെകുത്താന്‍ കുരിശ്' കാണുന്നതുപോലെയാണ് ഇവിടുള്ള മലയാളി ഇടയന്മാര്‍ക്ക് ! സഭയെയും ദൈവത്തെയും സ്നേഹിക്കുന്ന വൈദീകര്‍ വന്നാല്‍, ഇത്തരക്കാര്‍ അവരെയും നശിപ്പിക്കും. വചനം വളച്ചൊടിക്കാതെ പറയുന്നവര്‍ വരുന്നു എന്നു കേള്‍ക്കുമ്പോള്‍ അവധിയെടുത്ത് വിനോദയാത്ര പോകുന്നവരും കുറവല്ല. നിങ്ങള്‍ ആരെയാണ് സേവിക്കുന്നത്? ദൈവത്തേയോ, സഭയേയോ, തങ്ങളുടെ തന്നെ ഉദരത്തെയോ..? സത്യസന്ധമായി വചനം പ്രസംഗിച്ചിട്ട് തന്നെയാണ് ക്രിസ്തീയത വളര്‍ന്നത്. അങ്ങനെ പ്രസംഗിക്കുന്നിടത്ത് ഇന്നും ആയിരങ്ങള്‍ എത്തുന്നുമുണ്ട്; ഒരു ദൈവാലയവും ധ്യാന മന്ദിരവും അടച്ചു പൂട്ടിയിട്ടുമില്ല. പൂട്ടപ്പെടണം എന്നു ദൈവം ആഗ്രഹിക്കുന്നവ പൂട്ടപ്പെടുന്നു..!
യോനാപ്രവാചകനെ നിനവേയിലേക്ക് അയച്ചതുപോലെ അയക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും! പ്രത്യേകിച്ച് സമര്‍പ്പിതര്‍! ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത കോടിക്കണക്കിനു സഭാമക്കളുടെ ഇടയിലേക്ക് അയക്കപ്പെട്ടവര്‍, 'താര്‍ശീശ്' എന്ന അതിഭൗതീകതയിലേക്ക് കപ്പല്‍ കയറിയാല്‍, അയക്കപ്പെട്ടവരെ പിന്‍വലിക്കാന്‍ അയച്ചവനു കഴിയും!
രക്ഷകനായ യേഹ്ശുവായേ, വേഗം വരണമേ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-